കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമാണ് ശുദ്ധജല ദൗർലഭ്യം. ഇതിന് പ്രധാന കാരണം അശാസ്ത്രീയമായ ജല പരിപാലന രീതികൾ ആണ്. മഴയുടെ അളവ് ഇവിടെ ധാരാളമായി ലഭിച്ചിട്ടും, തടാകങ്ങളും നദികളും തോടുകളും കായലുകളും അനുഗ്രഹീതമായി ഉണ്ടായിട്ടും ശുദ്ധമായ ജലം കിട്ടാത്ത അവസ്ഥ കേരളത്തിൽ നിരവധിപേർ അഭിമുഖീകരിക്കുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം വഴിയും വടക്കുപടിഞ്ഞാറൻ കാലവർഷം വഴിയും കേരളത്തിൽ മഴ നല്ല രീതിയിൽ ലഭ്യമാകുന്നുണ്ട്. ഈ രണ്ട് കാലാവസ്ഥ പ്രകാരവും മഴ ലഭിക്കുന്ന അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
ബന്ധപ്പെട്ട വാർത്തകൾ: മഴവെള്ളം പാഴാക്കേണ്ട, സംഭരിച്ച് കൃഷി ചെയ്യാൻ സർക്കാർ സഹായങ്ങളും
കേരളത്തിൽ ഒരു വർഷം ലഭ്യമാകുന്ന ശരാശരി മഴ ഏകദേശം 3000 മില്ലിമീറ്ററാണ്. തെക്കുപടിഞ്ഞാറൻ കാലവർഷം അതായത് ജൂൺ മുതൽ ഓഗസ്റ്റ് വരെ ലഭിക്കുന്ന ഇടവപാതിയിലൂടെയാണ് കേരളത്തിൽ കൂടുതൽ മഴ ലഭ്യമാക്കുന്നത്. ഇത്തരത്തിൽ മഴ ലഭിച്ചിട്ടും കേരളത്തിൽ എന്തുകൊണ്ട് ശുദ്ധജലം ലഭ്യമാകുന്നില്ല എന്നത് വളരെയധികം ശ്രദ്ധ പുലർത്തേണ്ട ഒന്നാണ്. ജലത്തിൻറെ അമിതമായ ഉപയോഗം, നദികളിലെ മണൽ വാരൽ, പരമ്പരാഗത ജലസംഭരണികളുടെ അവഗണന, ശുചിത്വ കുറവ് മൂലമുണ്ടാകുന്ന ജല മലിനീകരണം തുടങ്ങി നിരവധി കാരണങ്ങളിലേക്ക് ഇത് വിരൽചൂണ്ടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ജലം സംരക്ഷിക്കാം.... സംഭരിക്കാം.... പരിപാലിക്കാം..........
എങ്ങനെ ശുദ്ധജലം സംഭരിക്കാം?
ആദ്യമേ നമ്മൾ തിരിച്ചറിയേണ്ട ഒന്നാണ് മഴവെള്ള സംഭരണത്തിന്റെ ആവശ്യകതയും പ്രാധാന്യവും. വർഷത്തിൽ എട്ടുമാസം മഴ ലഭിച്ചിട്ടും വേണ്ട രീതിയിൽ അത് സംഭരിക്കാൻ കഴിയാതെ വേനൽക്കാലത്ത് ജലദൗർലഭ്യം അനുഭവപ്പെടുന്നത് വളരെ ശോചനീയമായ അവസ്ഥയാണ്. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ രീതിയിൽ മഴവെള്ളം സംഭരിക്കാൻ കഴിയുന്ന ഒരു രീതിയാണ് മേൽക്കൂരയിൽ നിന്നുള്ള മഴവെള്ള സംഭരണം. ഏറ്റവും ചെലവുകുറഞ്ഞതും എല്ലാവർക്കും അവലംബിക്കാൻ കഴിയുന്നതുമായ മികച്ച രീതിയാണ് ഇത്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ പ്രാവർത്തികമാക്കുന്ന ഈ രീതി എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. നമ്മുടെ മേൽക്കൂരകളിൽ നിന്ന് സംഭരിക്കപ്പെടുന്ന ജലം നേരിട്ടുള്ള ഉപയോഗത്തിന് ഉപയോഗിക്കാവുന്നതാണ്. ഇതിനുവേണ്ടി വിപണിയിൽ നിന്ന് ലഭ്യമാക്കുന്ന വിവിധ ആകൃതിയിൽ സംഭരണശേഷിയുള്ള സംഭരണ ടാങ്കുകൾ ഉപയോഗപ്പെടുത്താം. കൂടാതെ ഭൂമിക്കടിയിൽ ഫെറോ സിമൻറ് ടാങ്കുകൾ നിർമ്മിക്കുന്നത് മഴവെള്ളം മികച്ചരീതിയിൽ സംഭരിച്ച് വയ്ക്കുവാൻ നല്ലതാണ്. പക്ഷേ ഇത്തരത്തിൽ ടാങ്ക് നിർമ്മിക്കുമ്പോൾ പായലിന്റെ വളർച്ച തടയേണ്ടത് പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.കൂടാതെ ജലത്തിൽ സൂര്യപ്രകാശം നേരിട്ട് പതിക്കാതിയിരിക്കാനും ശ്രദ്ധിക്കുക. ഇത്തരത്തിൽ മഴവെള്ള സംഭരണ രീതി പ്രാവർത്തികമാക്കും മുമ്പ് നമ്മുടെ മേൽക്കൂരകൾ നല്ല രീതിയിൽ വൃത്തിയാക്കണം. ആദ്യം ലഭ്യമാകുന്ന 3 മഴയിൽ നിന്നുള്ള വെള്ളം ശേഖരിക്കേണ്ടതില്ല. ഈ വെള്ളം കുഴൽക്കിണറുകൾ, പോഷണ കിണറുകൾ, മറ്റു കിണർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ശേഖരിച്ചാൽ മതി. ഇതുകൂടാതെ കൃഷിയിടങ്ങളിൽ ബഹുനില കൃഷി, കോണ്ടൂർ കൃഷി, ആവരണ വിളകൾ, പുതയിടൽ, ജൈവ വേലികൾ,തട്ട് തിരിക്കൽ, കയ്യാലകൾ തുടങ്ങി വിവിധ മാർഗങ്ങൾ ജലസംരക്ഷണത്തിന് നല്ലതാണ്.
മഴവെള്ള സംഭരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ചില കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. ഗ്രാമങ്ങളിലെ കുളങ്ങളും മറ്റു പരമ്പരാഗത ജലസംഭരണികളും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തേണ്ടത് മഴവെള്ളം ശാസ്ത്രീയമായ രീതിയിൽ സംഭരിക്കുവാൻ മികച്ച വഴിയാണ്. ഗ്രാമങ്ങളിലെ ജലസംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളിൽ മലിനീകരണം തടയാൻ നടപടികൾ എടുക്കണം. ഉപയോഗശൂന്യമായ കിണറുകൾ വൃത്തിയാക്കുകയും, അതിൽ വെള്ളം സംഭരിക്കുവാൻ ഉള്ള മാർഗ്ഗങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണം. ഇത്തരത്തിൽ മാർഗ്ഗങ്ങൾ കൊണ്ടുവന്നാൽ മാത്രമേ ജലസംരക്ഷണം പ്രാവർത്തികമാകുകയുള്ളൂ. മഴവെള്ളം മികച്ച രീതിയിൽ ഉപയോഗിക്കുകയും, ഭൂജലത്തിൻറെ ശരിയായ വിനിയോഗം നടത്തുകയും ചെയ്താൽ മാത്രമേ ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഭാവിയിൽ ഉണ്ടാകാതിരിക്കുകയുള്ളൂ എന്നുകൂടി ഓർമ്മപ്പെടുത്തുന്നു...
ബന്ധപ്പെട്ട വാർത്തകൾ: മഴയെത്തും സുരക്ഷിതമായി കൃഷി ചെയ്യാം
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments