<
  1. Farm Tips

വാഴക്കന്നിന് ചൂടുവെളള ചികിത്സ

ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഉഷ്ണമേഖലാ വന്‍കരകളില്‍ വാഴപ്പഴം ദശലക്ഷക്കണക്കിനാളുകളുടെ പ്രധാന ഭക്ഷ്യവിളയാണ്. വാഴപ്പഴത്തിന്റെ ആഗോള ഉത്പാദനത്തില്‍ ഇന്ത്യയാണ് മുന്‍പന്തിയില്‍.

KJ Staff
ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഉഷ്ണമേഖലാ വന്‍കരകളില്‍ വാഴപ്പഴം ദശലക്ഷക്കണക്കിനാളുകളുടെ പ്രധാന ഭക്ഷ്യവിളയാണ്. വാഴപ്പഴത്തിന്റെ ആഗോള ഉത്പാദനത്തില്‍ ഇന്ത്യയാണ് മുന്‍പന്തിയില്‍. 140 മെട്രിക് ടണ്ണാണ് ഇന്ത്യയുടെ ഉദ്പാദനം. തൊട്ടടുത്ത് ഉഗാണ്ടയാണ്. സാധാരണ ഗതിയില്‍ വാഴ തുടര്‍കൃഷി നടത്തുന്നത് ചുവട്ടില്‍ വളര്‍ന്നു വരുന്ന ആരോഗ്യകരമായ സൂചിക്കന്നുകള്‍ ഇളക്കി നട്ടാണ്. കന്നുകള്‍ വഴിയുളള ഈ തുടര്‍ കൃഷിയില്‍ വാഴയുടെ പ്രധാന ഭീഷണി. വിവിധ ഇനങ്ങളില്‍ പെട്ട നിമവിരകളും 'കോസ്‌മോ പൊളിറ്റസ് സോര്‍ഡിഡസ്' എന്നു പേരായ ചെളളുമാണ്. കീടബാധയുളള കന്നുകള്‍ നടുന്നതു വഴി ഇവ നിരന്തരം ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് വ്യാപിച്ചു കൊണ്ടേയിരിക്കും. കീടബാധ വ്യാപിക്കുന്നതും ഇത്തരത്തിലാണ്. പലപ്പോഴും ചെറുകിട നാമമാത്ര കര്‍ഷകരുടെയും കൃഷിയിടങ്ങളിലാണ് ഇത്തരം കീടബാധ രൂക്ഷമായി കാണുന്നത്. 

നേരത്തെ വാഴ കൃഷിചെയ്തിട്ടില്ലാത്ത സ്ഥലങ്ങളില്‍ പുതുകൃഷി നടത്തുക, രോഗബാധയില്ലാത്ത കരുത്തുളള കന്നുകള്‍ ഉപയോഗിക്കുക എന്നിവയാണ് ഇത്തരത്തില്‍ വേരുകള്‍ വഴി പടരുന്ന രോഗ-കീടബാധ തടയാനുളള ഫലവത്തായ
മാര്‍ഗ്ഗം.  ഇവിടെയാണ് ചൂടുവെളളം ചികിത്സ എന്ന ഹോട്ട് വാട്ടര്‍ ട്രീറ്റ്‌മെന്റിന്റെ പ്രസക്തി. കന്നുകള്‍ 50 ഡിഗ്രി സെല്‍ഷ്യസ് ചൂടുവെളളത്തില്‍ 20-25 മിനിട്ട് മുക്കി വച്ചിട്ട് നടുന്നത് നിമവിരബാധയും വണ്ടിന്റെ ഉപദ്രവവും കുറയ്ക്കും. കൃത്യമായി ഈ ചൂടുതന്നെ വെളളത്തിനു വേണം എന്നു നിര്‍ബന്ധമുളളതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് ഇത് ഫലപ്രദമായി ചെയ്യാന്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. ഈ രീതി തന്നെ വ്യത്യസ്തമായ തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

തിളച്ചവെളളത്തില്‍ 20-30 സെക്കന്റ് നേരം മാത്രം കന്ന് മുക്കുന്നതാണിത്. ഇതിനായി വലിയ വായ് വട്ടമുളള ഡ്രമ്മുകളില്‍ വെളളം തിളപ്പിച്ചെടുക്കണം. നടാനുളള കന്നുകള്‍ ഒരുമിച്ച് ഒരു കൂടയിലോ സഞ്ചിയിലോ എടുത്തിട്ട് അവ ഒരുമിച്ച് തന്നെ ചൂടുവെളളത്തില്‍ നിശ്ചിത സമയം മുക്കിയെടുക്കണം. 30 സെക്കന്റ് സമയം കണ്ടെത്താന്‍ ഒരു എളുപ്പവഴിയും നാട്ടിന്‍ പുറങ്ങളില്‍ ചെയ്യാറുണ്ട്. 30 ചെറിയ കല്ലുകളോ പയര്‍മണികളോ എടുക്കുക. ഇവ ഓരോന്നെടുത്ത് ഒരു പാത്രത്തിലേക്കിടുക. ഓരോ തവണ ഒരു കല്ല് പാത്രത്തിലിടാനും എടുക്കാനും ഒരു സെക്കന്റ് സമയം വേണം. 30 കല്ല് ഇട്ടു കഴിയുമ്പോള്‍ 30 സെക്കന്റായി. ഇതാണ് സമയക്ലിപ്തത പാലിക്കാനുളള നാടന്‍ രീതി. മറ്റ് സാങ്കേതികതകളൊന്നുമില്ലാത്ത ഈ രീതി തീരെ കുറച്ച് സമയം മാത്രമെ എടുക്കുന്നുളളൂ എന്നതിനാല്‍ വളരെ ഫലപ്രദമാണ്. ചൂടുവെളളത്തില്‍ മുക്കുന്നതുകൊണ്ട് കന്നുകളുടെ മുളയ്ക്കലിന് ദോഷം ഉണ്ടാകുന്നതുമില്ല. 30 സെക്കന്റ് എന്നത് കൃത്യമായി പാലിച്ചാല്‍ മാത്രം മതി. വിവിധ രോഗ-കീട ബാധകള്‍ ഒഴിവാക്കുന്നതിലൂടെ ചെടിയുടെ മേന്മയും ഉല്‍പാദനക്ഷമതയും വേരുകളുടെ വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നു. ഏതു ചെറുകിട കര്‍ഷകനും അധിക ചെലവൊന്നുമില്ലാതെ അനായാസം ഈ രീതി നടത്തുകയും ചെയ്യുന്നു.
തയ്യാറാക്കിയത്
സുരേഷ് മുതുകുളം 
 കൃഷിജാഗരണ്‍ എഡിറ്റര്‍  
English Summary: hot water for plantain

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds