ബ്രൊക്കോളി, കോളിഫ്ലവര്‍, കാബേജ് എന്നീ പച്ചക്കറികളുടെ കുടുംബക്കാരനായ ഇലക്കറിയാണ് ജെര്‍ജീര്‍ അഥവാ അറുഗുള. സാലഡുകളില്‍ ഉപയോഗിക്കുന്ന ഇലകളായതിനാല്‍ സാലഡ് റോക്കറ്റ് എന്നും ഗാര്‍ഡന്‍ റോക്കറ്റ് എന്നുമൊക്കെ വിളിപ്പേരുള്ള പോഷകഗുണമുള്ള സസ്യമാണിത്.
നേരിട്ട് വെള്ളത്തില്‍ വളര്‍ത്താവുന്ന ഈ ചെടി ഹൈഡ്രോപോണിക്‌സ് സംവിധാനത്തിലൂടെ മണ്ണില്ലാതെയും കൃഷി ചെയ്യാവുന്നതാണ്. വീട്ടിനകത്തും എല്ലാക്കാലത്തും വളര്‍ത്താവുന്ന ഇലക്കറിയാണ് ജെര്‍ജീർ. Vitamin, anti-oxidants, minerals എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തോടെ വളരാന്‍ ഭക്ഷണത്തില്‍ ഈ ഇലക്കറി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഉയര്‍ന്ന അളവിലുള്ള folic acid, vitamin C, K, A, എന്നിവയും ഇതിലുണ്ട്.
ഹൈഡ്രോപോണിക്‌സ് സംവിധാനത്തില്‍ വളര്‍ത്തുമ്പോള്‍ വിത്തുകളാണ് മുളപ്പിച്ച് ഉപയോഗിക്കുന്നത്. സാധാരണ മണ്ണില്‍ വളര്‍ത്തുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്ന് മുതല്‍ 10 മടങ്ങ് ഉത്പാദനശേഷി കൂടുതലാണ് ഇങ്ങനെ വെള്ളത്തില്‍ വിളവെടുക്കുമ്പോള്‍ എന്നതാണ് പ്രധാനം. അതുപോലെ പകുതി സമയം കൊണ്ടുതന്നെ പൂര്‍ണവളര്‍ച്ചയെത്തി വിളവെടുക്കാമെന്നതും മേന്മയാണ്.
തണുപ്പുള്ള കാലാവസ്ഥയില്‍ വളര്‍ച്ച തടസപ്പെടും. പക്ഷേ, ഹൈഡ്രോപോണിക്‌സ് സംവിധാനത്തിലാണെങ്കില്‍ താപനിലയും വെളിച്ചവും പോഷകങ്ങളുടെ അളവും നിയന്ത്രിക്കാന്‍ പറ്റുന്നതിനാല്‍ വര്‍ഷം മുഴുവനും കൃഷി ചെയ്ത് വിളവെടുക്കാന്‍ കഴിയും. മണ്ണില്‍ നിന്ന് ... പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ ഏറെ സമയം ആവശ്യമാണ്. എന്നാല്‍, ഹൈഡ്രോപോണിക്‌സ് സംവിധാനം വഴി വളര്‍ത്തുമ്പോള്‍ 30 മുതല്‍ 50 ശതമാനം വരെ വേഗത്തില്‍ വളരുന്നതായി നിരീക്ഷിക്കുന്നു.
പരമ്പരാഗത കൃഷിരീതിയില്‍ നനയ്ക്കാന്‍ ആവശ്യമായ വെള്ളത്തിന്റെ അളവും കൂടുതലാണ്. ഹൈഡ്രോപോണിക്‌സ് വഴി കൃഷി ചെയ്യുമ്പോള്‍ സാധാരണ ഉപയോഗിക്കുന്നതിനേക്കാള്‍ 20 മടങ്ങ് കുറവാണ് വെള്ളത്തിന്റെ ഉപഭോഗം. അതുപോലെ കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ച് പണിയെടുപ്പിക്കുകയും വേണ്ട. വെള്ളം മലിനീകരിക്കപ്പെടുന്നതും കീടനാശിനികളും വളങ്ങളും കാരണം മണ്ണിന് ദോഷം വരുന്നത് തടയാനും ഈ രീതിയിലുള്ള കൃഷിയിലൂടെ സാധിക്കും.
അയേണും മറ്റുള്ള സൂക്ഷ്മ പോഷകങ്ങളും വേരുകളിലൂടെ വലിച്ചെടുക്കുന്നതിനാല്‍ ദ്രാവകത്തിന്റെ PH മൂല്യത്തിന് പ്രാധാന്യം നല്‍കിയാണ് ഈ സംവിധാനത്തില്‍ ഇലക്കറികള്‍ വളര്‍ത്തുന്നത്. ഉയര്‍ന്ന PH മൂല്യം അയേണുകളുടെ ലയനത്തിന് തടസമുണ്ടാക്കുകയും ചെടികളില്‍ ആഗിരണം ചെയ്യപ്പെടുന്ന പോഷകത്തിന്റെ അളവ് കുറയാനും സാധ്യതയുണ്ട്. അതുകൊണ്ട് PH മൂല്യം 6 - 7.5 -നും ഇടയിലായി ക്രമീകരിക്കുന്നതാണ് നല്ലത്. ഹൈഡ്രോപോണിക്‌സ് സംവിധാനം വഴി വളര്‍ത്തുമ്പോള്‍ സാധാരണ മണ്ണില്‍ വളരുന്നതിനേക്കാള്‍ സുഗന്ധവും പോഷകവും നീരുള്ളതുമായ ഇലകളാണ് ലഭിക്കുന്നത്.
ഡീപ് വാട്ടര്‍ കള്‍ച്ചര്‍ സിസ്റ്റം, ന്യൂട്രിയന്റ് ഫിലിം ടെക്‌നിക് എന്നിവയാണ് സാധാരണ അനുയോജ്യമായ ഹൈഡ്രോപോണിക്‌സ് രീതി. ഇപ്രകാരം വളര്‍ത്തുമ്പോള്‍ മാധ്യമമായി ചകിരി വളമാണ് ഉപയോഗിക്കുന്നത്. 7 മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ വിത്ത് മുളയ്ക്കും. 4 ആഴ്ചകള്‍ കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തും. Magnesium Sulphate, Calcium Nitrate, Nitrogen, Phosphorous, Potassium, എന്നിവയടങ്ങിയ പോഷകദ്രാവകമാണ് ഉപയോഗിക്കുന്നത്. 12 മുതല്‍ 18 മണിക്കൂര്‍ വെളിച്ചവും ആവശ്യമാണ്. താപനില 10 -നും 23 -നും ഇടയിലായിരിക്കണം.
ഡീപ് വാട്ടര്‍ കള്‍ച്ചര്‍ സംവിധാനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്. ആറ് മുതല്‍ 12 ഇഞ്ച് വരെ വലുപ്പമുള്ള കുളം പോലുള്ള സംവിധാനത്തില്‍ പൊങ്ങിക്കിടക്കുന്ന ചങ്ങാടം പോലുള്ള തട്ടുകളിലേക്കാണ് തൈകള്‍ പറിച്ചുനടുന്നത്. ഈ കുളത്തില്‍ പോഷകങ്ങളടങ്ങിയ ദ്രാവകവും ചേര്‍ക്കും. തുടര്‍ച്ചയായി പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഒരു പമ്പ് വെള്ളം ശുദ്ധീകരിക്കാനും മറ്റൊന്ന് വായു ശുദ്ധീകരിക്കാനും ഉപയോഗിക്കുന്നു.
ഇത്തരം സംവിധാനം ഒരിക്കല്‍ സൃഷ്ടിച്ചാല്‍ വളരെ ചെലവ് കുറഞ്ഞതും പരിപാലിക്കാന്‍ എളുപ്പമുള്ളതുമാണ്. വളരെ എളുപ്പത്തില്‍ ഇലക്കറികള്‍ വളരുകയും ചെയ്യും.
Share your comments