വള്ളി മുറിച്ചു നട്ടോ, മുളപ്പിച്ച തൈകൾ കൊണ്ടോ ആണ് ഇതിന്റെ കൃഷി. നന്നയി വളരുന്ന ചെടിയിലെ 8-10 മില്ലീ മീറ്റര്‍ കനമുള്ള മുക്കാലടിയോളം നീളമുള്ള കമ്പുകള്‍ മുളപ്പിക്കാം.
സെപ്റ്റംബര്‍-ഒക്ടോബര്‍ ആണ് നല്ല നടീല്‍കാലം. നല്ല വെയില്‍ കിട്ടുന്നിടത്ത് സ്ഥലമൊരുക്കി 75cm വീതം ആഴവും വീതിയുമുള്ള കുഴിയെടുത്തു അതില്‍ 2:1:1 എന്ന അളവില്‍ ചുവന്ന മണ്ണും മണലും ചാണകപ്പൊടിയും നിറച്ചു ഇതിലാണ് നന്നായി വേരുപിടിച്ച നല്ല മുകുളങ്ങളുള്ള തൈ നടേണ്ടത്.
വേരുപിടിപ്പിച്ച തൈകള്‍ ഇന്ന് നഴ്‌സറികളില്‍ വാങ്ങാന്‍ കിട്ടും. വിത്തുമുളപ്പിക്കുന്ന തൈകള്‍ മറ്റു വിളകളുടെ കാര്യത്തിലെന്നപോലെ കായ് പിടിക്കാന്‍ ഏറെ താമസിക്കും. വള്ളികള്‍ സാധാരണ ഒന്നരവര്‍ഷം വളര്‍ച്ചയാകുമ്പോള്‍ പൂക്കാന്‍ തുടങ്ങും. എന്നാല്‍, വിത്തുതൈകളാകട്ടെ പൂക്കാനും കായ്ക്കാനും മാത്രമല്ല മാതൃവള്ളിയുടെ സ്വഭാവവുമായി ഒരുവിധ സാമ്യവും ഉണ്ടാകില്ല. അതിനാല്‍ മുളപ്പിച്ച വള്ളികള്‍ നടുകയാണ് എപ്പോഴും നന്ന് എന്നറിയുക.
വള്ളി നടുമ്പോള്‍ത്തന്നെ അടിവളമായി കുഴിയില്‍ 20 കിലോ ചാണകപ്പൊടിയും അരക്കിലോ വീതം രാജ്ഫോസും പൊട്ടാഷും കലര്‍ത്തിയ മിശ്രിതം നിറയ്ക്കണം. ഒരു കിലോ വേപ്പിന്‍പിണ്ണാക്ക് കൂടെ ചേര്‍ത്താല്‍ കീടരോഗപ്രതിരോധശേഷി കിട്ടും. വളരുന്ന വള്ളികളില്‍ ആരോഗ്യമില്ലാത്തവ നീക്കി കരുത്തുള്ള ഒരു വള്ളി നിലനിര്‍ത്തണം. വളര്‍ന്നു പന്തലില്‍ കയറിക്കഴിഞ്ഞാല്‍ തലപ്പ് ആറിഞ്ചു താഴെ നുള്ളിമാറ്റണം. തുടര്‍ന്ന് പല ശിഖരങ്ങളായി വളരാന്‍ തുടങ്ങും. ഈ വള്ളികളും ഏതാണ്ട് രണ്ടടി നീളുമ്പോള്‍ തലപ്പ് നുള്ളിനീക്കണം.
ഇങ്ങനെ വള്ളികള്‍ പന്തലാകെ പടര്‍ന്നു വളരാന്‍ തുടങ്ങും. പന്തലിന്റെ നാലു മൂലയ്ക്കും ഓരോ പുതിയ തൈ കൂടി വളര്‍ത്തി വിട്ടാല്‍ വെറും രണ്ടു മാസംകൊണ്ട് പന്തല്‍ മുഴുവന്‍ വള്ളികൊണ്ട് നിറയും.
പുതിയ വള്ളികള്‍ വരുന്നതോടെ പൂങ്കുലകളും വിരിഞ്ഞു തുടങ്ങും. അത്യാവശ്യം ചെറിയ ശിഖരങ്ങള്‍ മുറിച്ചുനീക്കുകയും ചെയ്യാം. മുന്തിരി നന്നായി വളരാനും കായ്പിടിക്കാനും വളം ചേര്‍ക്കലും കൊമ്പുകോതലുമാണ് അനിവാര്യം എന്നോര്‍ക്കുക.
Share your comments