കറവപ്പശുക്കളിൽ സാധാരണ കണ്ടു വരുന്ന രോഗമാണ് അകിടുവീക്കം. അകിടു വീക്കം എന്ന രോഗം നിരവധി ക്ഷീരകർഷകർക്ക് ആണ് തലവേദന സൃഷ്ടിക്കുന്നത്. പാലുൽപാദനത്തിൽ ഗണ്യമായി കുറയ്ക്കുന്ന ഈ രോഗത്തിന് എതിരെയുള്ള പ്രധാന പ്രതിവിധി ഇത് വരാതെ സൂക്ഷിക്കുക എന്നത് തന്നെയാണ്. മുലക്കാമ്പിൽ ഉണ്ടാകുന്ന മുറിവുകളിലൂടെ ആണ് രോഗാണുക്കൾ കന്നുകാലികളുടെ ഉള്ളിലേക്ക് കിടക്കുന്നത്.
അകിട് നീര് വന്നു വീർക്കുകയും പിന്നീട് കല്ലിച്ചു പോകുകയും ആണ് ചെയ്യുന്നത്. അകിടു വീക്കത്തിന് ആദ്യ ലക്ഷണങ്ങൾ തന്നെ കറന്നെടുക്കുന്ന പാലിൽ നമുക്ക് കാണാവുന്നതാണ്. പാടത്തരികളുടെ അംശം പാലിൽ കാണും എന്നു മാത്രമല്ല പാൽ മഞ്ഞനിറം ആവുകയും ചെയ്യുന്നു. അകിടു വീക്കത്തിന്റെ രൂക്ഷ ഘട്ടത്തിൽ പശുവിൻറെ അകിടിൽ നിന്ന് ചലം വരുകയും ചെയ്യുന്നു. അകിടു വീക്കത്തിന് പാല് വെള്ളം പോലെ ഇരിക്കുവാനും രൂക്ഷഗന്ധം വമിക്കുവാനും സാധ്യത കൂടുതലാണ്. ഈ രോഗബാധയുടെ 80 ശതമാനവും കാരണം സ്ട്രെപ്റ്റോകോക്കസ് അഗലാക്ടിയോ എന്ന ബാക്ടീരിയയാണ്. ഈ രോഗത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു. ക്ലിനിക്കൽ, സബ് ക്ലിനിക്കൽ, ക്രോണിക്.
അകിടുവീക്കം എങ്ങനെ പ്രതിരോധിക്കാം?
പശുക്കളുടെ പ്രസവത്തോട് അനുബന്ധിച്ച ആഴ്ചകളിൽ അകിടുവീക്കം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ അകിട് വൃത്തിയായി സൂക്ഷിക്കുക. തൊഴുത്തും പരിസരവും ശുചിയായി സൂക്ഷിക്കാത്ത പക്ഷം ഒരു പശുവിൽ നിന്നും മറ്റൊരു പശുവിലേക്ക് രോഗം പടരാൻ സാധ്യത ഉണ്ടാവും. രോഗമുള്ള പശുക്കളെ പ്രത്യേകം മാറ്റിനിർത്തി കറക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. പൂർണ്ണമായും പാൽ കറന്നെടുക്കാൻ ശ്രദ്ധിക്കണം. പാൽ കറന്നെടുക്കുന്ന വ്യക്തി കറുക്കുന്നതിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. ഇതുകൂടാതെ അകിട് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി കൊണ്ട് കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കണം.
തൊഴുത്തിൽ വെള്ളം കെട്ടി നിർത്താതെ സൂക്ഷിക്കുകയും, പശുക്കളുടെ വിസർജ്യങ്ങൾ തൊഴുത്തിൽ തന്നെ ഇടാതെ ദൂര മാറ്റി കളയുവാനും ശ്രദ്ധിക്കണം. തൊഴുത്ത് അണുനാശിനി ഉപയോഗിച്ച് ദിവസത്തിൽ ഒരുവട്ടമെങ്കിലും കഴുകുക. പശുവിൻറെ അകിടിൽ മുറിവോ, രോമങ്ങളോ വരുന്നത് തടയേണ്ടതാണ് അകിടുവീക്കം ബാധിച്ച പശുവിന്റെ പാൽ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി മാത്രം കളയുക. വളക്കുഴിയിൽ മാസത്തിലൊരിക്കൽ കുമ്മായം വിതറാൻ മറക്കരുത്.
അകിടുവീക്കം മാറാനുള്ള ചില പൊടിക്കൈകൾ ഏതൊക്കെയെന്ന് നോക്കാം.
1. അകിടിൽ വെളിച്ചെണ്ണ പുരട്ടിയ ശേഷം അകിടിൽ വെള്ളം നന്നായി അടിക്കുക.
2. ചെമ്പരത്തി ഇല അരച്ച് തൈര് ചേർത്ത് പശുവിനെ അകിട്ടിൽ പുരട്ടി കൊടുക്കുക.
3. കട്ടത്തൈര് അകിടിൽ തേച്ചു നൽകുന്നതും ഉത്തമം തന്നെ.
4. ചതകുപ്പ അരിക്കാടിയിൽ അരച്ച് നീരുള്ള ഭാഗത്ത് പുരട്ടുക.
5. കറ്റാർവാഴയും, പച്ചമഞ്ഞളും, ചുണ്ണാമ്പും ചേർത്ത മിശ്രിതം കുഴമ്പുരൂപത്തിലാക്കി അകിടിലിൽ തേച്ച് നൽകുന്നതും രോഗം മാറുവാൻ നല്ലതാണ്.
രോഗം വരുന്നതിനു മുൻപ് നാം ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യമാണ് പശുക്കളുടെ ആരോഗ്യ സംരക്ഷണം. പശുവും പശു തൊഴുത്തും വൃത്തിയായി സൂക്ഷിക്കുക.
Share your comments