Farm Tips

ശീമച്ചക്ക അമിതമായി കൊഴിഞ്ഞു വീഴുന്നെങ്കിൽ പരിഹാരമുണ്ട്…

BREADFRUIT

കടപ്ലാവെന്നും ബിലാത്തി പ്ലാവെന്നും മറ്റ് പേരുകൾ

തെക്കുകിഴക്കൻ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സർവസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് ശീമപ്ലാവ്.

കടപ്ലാവെന്നും ബിലാത്തി പ്ലാവെന്നും അറിയപ്പെടുന്ന ഈ ഫലവൃക്ഷത്തിന്റെ ശാസ്ത്രീയനാമം ആർട്ടോകാർപ്പസ് അൽടിലിസ് എന്നാണ്. മലയാളത്തിൽ ശീമച്ചക്ക എന്നും കടച്ചക്ക എന്നും ഇതിന്റെ ഫലം അറിയപ്പെടുന്നു. ശീമച്ചക്ക കൂടുതലും കറി വയ്ക്കാനും വേവിച്ച് കഴിക്കാനുമാണ് ഉപയോഗിക്കുന്നത്. വർഷത്തിൽ രണ്ട് തവണയാണ് കടപ്ലാവ് പൂക്കാറുള്ളത്.

മിക്ക വീട്ടുപറമ്പുകളിലുമുള്ള ശീമപ്ലാവിൽ കാണപ്പെടുന്ന പ്രധാന പ്രശ്നം അതിന്റെ കായ്കൾ കൊഴിയുന്നതാണ്. ഇങ്ങനെ കായ്കൾ കൊഴിയുന്നത് ഒന്നുകിൽ കുമിള്‍ബാധ കൊണ്ടോ അല്ലെങ്കിൽ മണ്ണിൽ ജലാംശം കുറയുന്നതോ കൊണ്ടാണ്. ശീമച്ചക്ക കൊഴിയുന്നതിന്റെ കാരണങ്ങൾ കണ്ടെത്തി എങ്ങനെ അവയെ പ്രതിരോധിക്കാമെന്ന് നോക്കാം.

തെക്ക്- പടിഞ്ഞാറൻ മഴക്കാലം അഥവാ ഇടവപ്പാതിയുടെ സമയത്താണ് ശീമപ്ലാവിന് കൂടുതലായും കുമിൾ ബാധയേൽക്കുന്നത്. കൊഴിഞ്ഞു വീഴുന്ന കായ്കളുടെ നിറം മാറ്റത്തിൽ നിന്നും, അതുപോലെ പൂപ്പലിന്റെ സാന്നിധ്യത്തിൽ നിന്നും കുമിൾ രോഗമാണ് കാരണമെന്ന് മനസിലാക്കാം.

കുമിൾ ബാധയ്ക്കുള്ള പ്രതിവിധി

ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതമോ 2-4 ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ കലക്കി പ്ലാവിൽ തളിക്കുക. പൂക്കള്‍ ഉണ്ടാകുന്നതിന് മുമ്പും കായ്കളുണ്ടാകുന്ന സമയത്തിന് മുന്നോടിയായുമാണ് തളിക്കേണ്ടത്. ഇങ്ങനെ ചെയ്താൽ ശീമച്ചക്ക കൊഴിയുന്നത് നിയന്ത്രിക്കാനാകും.

മണ്ണിൽ നനവില്ലാത്തതും അമിത കൊഴിച്ചിലിന് കാരണം

ചുവട്ടിലെ മണ്ണ് വളരെ വരണ്ടുപോകുന്നതും ശീമച്ചക്ക അമിതമായി കൊഴിയുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.

താരതമ്യേന വരള്‍ച്ചാ പ്രതിരോധ ശേഷിയുള്ള വൃക്ഷമാണ് ശീമപ്ലാവെങ്കിലും മണ്ണിൽ നനവ് നന്നേ കുറവാണെങ്കിൽ, കായ്പൊഴിച്ചില്‍ വർധിക്കും. നന്നായി ജലസേചനം നൽകുക എന്നതാണ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാവുന്ന മികച്ച പ്രതിരോധം.

ഇതിന് പുറമെ, പരാഗണത്തിലെ പോരായ്മകൾ ശീമച്ചക്ക കൊഴിയുന്നതിന് കാരണമാകാറുണ്ട് എന്നും പറയപ്പെടുന്നു. സമൃദ്ധമായി കായ പിടിക്കുന്ന പ്ലാവുകൾ നിലനില്‍പ്പിന്റെ ഭാഗമായി അധികമായുള്ള കായ പിടിത്തം നിയന്ത്രിക്കാനായി കായകള്‍ കൊഴിക്കുന്ന രീതിയുണ്ടെന്നും ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ശീമപ്ലാവ് കൃഷി

ശീമപ്ലാവിന്റെ വേര് മുറിച്ച് കിളിർപ്പിച്ചും ചെറു ശിഖരങ്ങളിൽ പതിവച്ചുമാണ് ഇതിന്റെ തൈകൾ ഉൽപാദിപ്പിക്കുന്നത്. മരത്തിന്റെ ചുറ്റുമുള്ള ചെറിയ വേരുകളിൽ നിന്നും തൈകൾ വളർത്താം.

ഇതിനായി, വേര് മുറിച്ച് അവയെ മണൽ, മണ്ണ്, ചാണകപ്പൊടി എന്നിവ കൂട്ടി കലർത്തിയ മിശ്രിതങ്ങളിൽ വച്ച് ക്രമമായും മിതമായും നനവ് നൽകി പുതിയ തൈകൾ ഉൽപാദിപ്പിക്കാം.

ശീമപ്ലാവിന്റെ തൈകൾ നടേണ്ടത് ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിലാണ്. ഇവയിൽ മണ്ണ്, ചാണകപ്പൊടി എന്നിവ ചേർത്ത മിശ്രിതവും ഇടാം. തൈകൾ നട്ട് മൂന്ന് നാല്‌ വർഷത്തിന് ശേഷം പ്ലാവ് കായ്ച്ചു തുടങ്ങും. വേനൽക്കാലത്ത്, അതായത് മാർച്ച് - ഏപ്രിൽ മാസങ്ങളിലോ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലോ ആണ് ശീമപ്ലാവ് സാധാരണ കായ്ക്കുന്നത്.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine