നമ്മുടെ നാട്ടില്‍ സമൃദ്ധിയായി വളരുന്ന മുരിങ്ങയുടെ ഗുണഗണങ്ങള്‍ നിരവധിയാണ്.മുരിങ്ങയുടെ കായക്ക് പുറമേ ഇതിൻ്റെ ഇലയുടെ ഗുണവും നിരവധിയാണ്.എന്നാൽ മുരിങ്ങയിലയില്‍ നിന്നും നമ്മുടെ തോട്ടത്തിലെ ചെടികള്‍ വളരാന്‍ ഉപയുക്തമായ ചെലവ് തീരെയില്ലാത്ത വളര്‍ച്ചാ ഹോര്‍മോണ്‍ സ്വയം തയ്യാറാക്കാം.
എങ്ങനെ തയ്യാറാക്കാം
മുരിങ്ങയുടെ 30 ദിവസമെങ്കിലും മൂപ്പുള്ള ഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയിലടിക്കുക. അതിനുശേഷം ഒരു തുണിയില്‍ കിഴികെട്ടിയോ അരിപ്പയില്‍ അരിച്ചോ സത്തും ചണ്ടിയും വേര്‍തിരിക്കണം. സത്ത് 16-20 ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് സ്പ്രെയര്‍ കൊണ്ട് ചെടികളില്‍ തളിച്ചു കൊടുക്കാം. വിളകളുടെ ഇലകളിലാണ് ഇത് തളിക്കേണ്ടത്.
പച്ചക്കറിയുള്‍പ്പെടെ പല വിളകളിലും മുരിങ്ങയില സത്ത് തളിക്കാം. വിത്ത് മുളച്ച് 10 ദിവസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞും കായ്കള്‍ രൂപപ്പെടുമ്പോഴും ഇതു തളിക്കാം. ഉണ്ടാക്കി അഞ്ച് മണിക്കൂറിനുള്ളില്‍ മുരിങ്ങയില സത്ത് തളിക്കുന്നതാണ് നല്ലത്. അധികം മൂപ്പില്ലാത്ത ചെടികള്‍ക്കാണ് ഇത് തളിക്കുന്നതെങ്കില്‍ 30 ഇരട്ടിവെള്ളം ചേര്‍ക്കണം. പെട്ടെന്നു തളിച്ചില്ലെങ്കില്‍ ഫ്രീസറില്‍ വെച്ചശേഷം പിന്നീടും ഉപയോഗിക്കാം.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജൈവകൃഷിത്തോട്ടങ്ങളില്‍ വ്യാപകമായി ഈ ജൈവഹോര്‍മോണ്‍ ഉപയോഗിച്ചു വരുന്നു. സാധാരണ വിളവില്‍ നിന്ന് 30 മുതല്‍ 150 വരെ ശതമാനം വിള വര്‍ധനയാണ് ഈ ജൈവഹോര്‍മോണ്‍ സാധ്യമാക്കുന്നത്. കൃഷിയിടങ്ങളിലും ഗ്രീന്‍ ഹൗസുകളിലെ വിളകളിലും മുരിങ്ങയില സത്ത് വ്യാപകമായി തളിക്കുന്നുണ്ട്. വിത്തുകളുടെ മുളയ്ക്കലും വളര്‍ച്ചയും ത്വരിതപ്പെടുത്താനും മുരിങ്ങയില സത്തിനാകും. പഞ്ചഗവ്യത്തോടൊപ്പം രണ്ട്ശതമാനം വീര്യത്തില്‍ മുരിങ്ങയില സത്ത് തളിക്കുന്നതും മെച്ചമാണെന്നും തെളിഞ്ഞിട്ടുണ്ട്.
മുരിങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗമായ ഇലകളില്‍ ധാരാളം വൈറ്റമിന്‍ ബി, വൈറ്റമിന്‍ സി, ബീറ്റ കരോട്ടിന്‍ രൂപത്തില്‍വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, മാംഗനീസ്, മാംസ്യം എന്നിവയടങ്ങിയിരിക്കുന്നു. കൂടാതെ മുരിങ്ങയിലയില്‍ ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളായ ‘സൈറ്റോകൈനുകള്‍’ എന്ന ഹോര്‍മോണുകള്‍ നല്ലതോതിലുണ്ട്. മറ്റു അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നത് കാല്‍സ്യം ഓക്സലേറ്റ് ക്രിസ്റ്റല്‍ രൂപത്തിലാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തുളസിയിലകൊണ്ടൊരു ജൈവകീടനാശിനി
Share your comments