ഒരുപാടു ഔഷധഗുണങ്ങളുള്ള സസ്യമാണ് ശതാവരി. ഇതിൻറെ ഇല, കിഴങ്ങ്, എന്നിവയെല്ലാം ഗുണങ്ങളുള്ളതാണ്.
പ്രമേഹം, അൾസർ, മലബന്ധം, നെഞ്ചെരിച്ചിൽ, മൂത്രനാളിയിലെ അണുബാധ, ശ്വാസകോശ സംബന്ധമായ തകരാറുകൾ, ഉത്കണ്ഠ, സമ്മർദ്ദം, ദഹന സംബന്ധമായ തകരാറുകൾ, മാനസികാവസ്ഥ, ഫെർട്ടിലിറ്റി പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ശതാവരി അതിശയകരമായ പരിഹാരം നൽകുന്നു. സ്ത്രീകളിലെ ഹോർമോൺ അസന്തുലിതാവസ്ഥകൾ പരിഹരിക്കുന്നതിനും സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം നിലനിർത്തുന്നതിനുമായി പണ്ടുമുതൽക്കേ ആയുർവേദത്തിൽ പ്രാഥമികമായി ഉപയോഗിച്ചു വരുന്നു.
ശതാവരി സസ്യം വളർത്താൻ അനുയോജ്യമായ സമയമാണിത്. അതായത് ജൂൺ-ജൂലൈ മാസം. സാധാരണയായി വിത്ത് മുളപ്പിച്ചാണ് തൈക്കളുണ്ടാക്കുന്നത്. കിഴങ്ങ് മുളപ്പിച്ചും തൈകൾ ഉണ്ടാക്കുന്നുണ്ട്. ശതാവരി വീട്ട് ഉദ്യാനങ്ങളിൽ വളർത്തുന്നവരുമുണ്ട്.
മഞ്ഞ നിറമുള്ള പുഷ്പങ്ങളാണ് ശതാവരിയുടേത്. ജനുവരി മുതൽ മാർച്ച് വരെയുള്ള സമയങ്ങളിലാണ് പുഷ്പിക്കുന്നതു. ഏപ്രിൽ, മെയ് മാസങ്ങളിൽ കായകൾ വിളഞ്ഞു പകമാകുന്നു.
രണ്ടു തരത്തിലുള്ള ശതാവരികളുണ്ട്. ആസ്‌പരാഗസ് ഗൊണോക്ലാഡസ്, ആസ്‌പരാഗസ് റസിമോസസ്, എന്നിവയാണ് അവ.
കൃഷിരീതി
നല്ലപോലെ കിളച്ചൊരുക്കിയ മണ്ണിൽ ഒരു മീറ്റർ അകലത്തിൽ ഒരടി സമചതുരത്തിലും ആഴത്തിലുമുള്ള കുഴിയുണ്ടാക്കണം. കമ്പോസ്റ്റോ, ചാണകപ്പൊടിയോ, കുഴികളിൽ ഇട്ടുകൊടുക്കണം. കുഴിയുടെ അരികുകൾ ഇടിച്ചുമൂടി കുഴികൾ മുകൾഭാഗം അൽപം ഉയരത്തിലാക്കുക. ഓരോ കുഴിയിലും ഒരു തൈ വീതം നടുക. ശതാവരിയുടെ വള്ളികൾ പടർന്നുകയറുമ്പോൾ കമ്പുകൾ കുത്തികൊടുത്ത് ചെടി അതിലേക്ക് പടർത്താം വേനൽക്കാലത്ത് നനച്ചുകൊടുക്കണം.
രണ്ടാം വർഷം അവസാനിക്കുന്നതോടെ ചെടികൾ വെട്ടിനീക്കി കൂനകൾ കിളച്ച് കിഴങ്ങുകൾ ശേഖരിക്കാം.
Share your comments