നമ്മുടെ നാട്ടിൽ ഒട്ടേറെപ്പേർ കരിമീൻ കൃഷി വിജയകരമായി ചെയ്യുന്നു. ഓരു ജലത്തിലും, ശുദ്ധജലത്തിലും നല്ല രീതിയിൽ തന്നെ കരിമീൻ കൃഷി ചെയ്യാം. പലരും കരിമീൻ ടാങ്കുകളിലും, പാറമടകളിലും, കൂടുകളിലും വളർത്തുന്നുണ്ട്. എന്നാൽ ഇത്തരം ഘടകങ്ങൾ കരിമീൻ കൃഷിയുടെ വിജയസാധ്യതയും ആയി ഏറെ ബന്ധപ്പെട്ടു നിൽക്കുന്നു. കരിമീൻ കൃഷി ചെയ്യുന്നതിന് ഏറെ അനുയോജ്യമായ സ്ഥലം ഏതാണെന്ന് നോക്കാം.
കൂടുകളിലെ കരിമീൻ കൃഷി
കൂട് മത്സ്യ കൃഷിക്ക് അനുയോജ്യമായ മത്സ്യമാണ് കരിമീൻ. കായലുകളിലെ കൂടുകളിലാണ് കരിമീൻ വേഗത്തിൽ വളരുന്നത്. കായലിലെ കൂടു മത്സ്യകൃഷിയിൽ കാളാഞ്ചിയോടൊപ്പം വളർത്തുന്ന കരിമീൻ സാധാരണയേക്കാൾ വേഗത്തിൽ വളർന്നു വരുന്നതായും കണ്ടുവരുന്നുണ്ട്. കൂടുകളിൽ അടിഞ്ഞ് കൂടുന്ന പായലും മറ്റും തീറ്റയായി കഴിക്കുന്നതിനാൽ ആണിത്. കൂടുകളിൽ വളർത്തുവാൻ വലിയ കുഞ്ഞുങ്ങളെ തന്നെ തിരഞ്ഞെടുക്കണം. കുറഞ്ഞത് 10 സെൻറീമീറ്റർ വലിപ്പമുള്ള കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ മാത്രമാണ് എട്ടുമാസംകൊണ്ട് വിപണനത്തിനുള്ള വലിപ്പം വയ്ക്കുക.
ടാങ്കുകളിലെ കരിമീൻ കൃഷി
ടാങ്കുകളിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നതിന് അനുയോജ്യമായ മത്സ്യം അല്ല കരിമീൻ. കൃത്രിമ ടാങ്കുകളിൽ ഇവയുടെ വളർച്ച നിരക്ക് വളരെ കുറവായിരിക്കും. കൂടാതെ ടാങ്കുകളിൽ വളർത്തുമ്പോൾ ഇവയ്ക്ക് കുമിൾബാധയും മറ്റു അസുഖങ്ങളും കൂടുതലായി കണ്ടുവരുന്നു. ടാങ്കുകളിൽ 5 സെൻറീമീറ്റർ വലിപ്പമുള്ള കുഞ്ഞുങ്ങൾ 11 മാസം കൊണ്ട് ശരാശരി 110 ഗ്രാം വരെ മാത്രമാണ് വലുപ്പം വയ്ക്കുന്നത്.
പാറമടകളിലെ കരിമീൻ കൃഷി
പാറമടകളിലെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വളരാനുള്ള ശേഷി കരിമീന് പൊതുവേ കുറവാണ്. അതുകൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് എണ്ണത്തിനെ കൃഷി ചെയ്തു നോക്കിയ ശേഷം മാത്രം വൻതോതിൽ കൃഷി ചെയ്യാവൂ.
കുളങ്ങളിലെ വളപ്രയോഗം
കുളത്തിലെ പ്ലവകങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് വളപ്രയോഗം അത്യന്താപേക്ഷിതമാണ്. ഒരു സെൻറ് കുളത്തിൽ ഒരു കിലോഗ്രാം ഡോളോമൈറ്റ്,അഞ്ച് കിലോഗ്രാം ഉണക്ക ചാണകം, 300 ഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക്, 50 ഗ്രാം യൂറിയ എന്നിവയാണ് ചേർക്കേണ്ടത്.
വള പ്രയോഗം നടത്തി അഞ്ചു ദിവസത്തിനുള്ളിൽ തന്നെ പ്ലവകങ്ങളുടെ വളർച്ച വേണ്ടത്ര ആവുകയും വെള്ളത്തിന്റെ നിറം പച്ച ആയി മാറുകയും ചെയ്യും. അതിനു ശേഷം മാത്രമേ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ പാടുള്ളൂ.
Share your comments