ശരിയായ രീതിയിൽ കൃഷിചെയ്താല്‍, പൂന്തോട്ടത്തിൻറെ മനോഹാരിത വർദ്ധിപ്പിക്കുക മാത്രമല്ല വീട്ടമ്മമാര്‍ക്ക് ഒരധിക വരുമാന മാര്‍ഗ്ഗവുമുണ്ടാക്കാനും സാധിക്കുന്ന ഒരു കൃഷിയാണ് ചെണ്ടുമല്ലി കൃഷി.
മഞ്ഞുകാലമായാല്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ലഭിക്കുന്ന പൂക്കളുടെ അളവ് കുറഞ്ഞുതുടങ്ങുന്നു. ആ സമയത്തെ വിപണനത്തിന് ഒക്ടോബറോടെ കൃഷി ആരംഭിക്കാം. ചെണ്ടുമല്ലി ഡിസംബറിൽ ലഭ്യമാക്കുന്നതിനായി, മഴയുടെ ആധിക്യം കുറയുന്നതോടെ വിത്തുപാകാം. അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് വിത്ത് വാങ്ങാം.
വിളഞ്ഞുണങ്ങിയ പൂക്കള്‍ തണലത്തിട് ഉണക്കിയും വിത്ത് ശേഖരിക്കാം. കൂടുതല്‍ ഉണങ്ങിയ വിത്താണെങ്കില്‍ നനഞ്ഞ തുണിയില്‍ രണ്ട് മണിക്കൂറോളം പൊതിഞ്ഞുവെച്ചതിനു ശേഷം പാകാം. അസോസ്പൈറില്ലം എന്ന സൂക്ഷ്മാണു വളലായനിയില്‍ (200 ഗ്രാം 50 മില്ലി കഞ്ഞിവെള്ളത്തില്‍) കുതിര്‍ത്തതിനുശേഷം പാകിയാല്‍ ചെടികള്‍ക്ക് കൂടുതല്‍ കരുത്തുലഭിക്കും. ആയിരം തൈകള്‍ ലഭിക്കാന്‍ ഏകദേശം 15 ഗ്രാം വിത്ത് വേണം. വിത്തുപാകി ഒരുമാസത്തിനുള്ളില്‍ തൈകള്‍ പറിച്ചുനടാം.
ചട്ടികളിലും നിലത്തും വളര്‍ത്താം. എഴുപത്തഞ്ചു ശതമാനത്തില്‍ കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള പ്രദേശമാണ് അനുയോജ്യം. പാകപ്പെടുത്തിയ മണ്ണില്‍ ഒരു ചതുരശ്ര മീറ്ററിന് രണ്ട് കിലോ എന്ന തോതില്‍ ഉണക്കച്ചാണകം അടിവളമായി ചേര്‍ക്കാം.
ചെണ്ടുമല്ലി പൂജകൾക്കും, അലങ്കാരത്തിനും മറ്റും ഉപയാഗിക്കുന്നതിലുപരി, ഈ പുഷ്‌പം ധാരാളം ഔഷധഗുണങ്ങൾ ഉള്ളവയുമാണ്. അതിനാൽ ആവശ്യക്കാർ ഏറെയാണ്.
പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ തന്നെ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണ പനി, ഗർഭാശയസംബന്ധമായ പ്രശ്നങ്ങൾ മുതലായവ ചികിൽസിക്കുവാൻ അന്നു കാലം മുതൽ തന്നെ മല്ലിക ഉപയോഗിച്ചിരുന്നു.
മധ്യകാലഘട്ടത്തിൽ വിലകൂടിയ കുങ്കുമത്തിന് പകരമായി തുണികൾക്ക് നിറം കൊടുക്കുന്നതിനും പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തൊലിപ്പുറത്തെ പുണ്ണ്, എക്സീമ മുതലായവ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗിച്ചിരുന്നു.
ചെണ്ടുമല്ലിക്ക് വിരശല്യം, ദഹനക്കേട്, മൂത്രവർദ്ധന, ആർത്തവ സംബന്ധിയായ പ്രശ്നങ്ങൾ, മലബന്ധം മുതലായവ ശമിപ്പിക്കാനുള്ള കഴിവുണ്ട് . ഇതിന്റെ വേരിന് വിരകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. പൂവിൽ നിന്നെടുക്കുന്ന സത്ത് ഒരു അണുനാശിനിയുമാണ്.
ഇതിന്റെ പൂവ് അർശ്ശസ്, നേത്രരോഗങ്ങൾ മുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. സസ്യം മുഴുവനായി ബ്രോങ്കൈറ്റിസ്, ജലദോഷം,വാതം മുതലായവക്കും വേര് വിരശല്യത്തിനുള്ള ചികിത്സക്കും ഉപയോഗിച്ചു വരുന്നു.
Share your comments