പച്ചക്കറിയിൽ നല്ല വിളവ് ലഭിക്കാൻ നാം അവലംബിക്കേണ്ട ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
കാന്താരി മുളക് മിശ്രിതം
കൈനിറയെ കാന്താരിമുളക് എടുത്ത് ഒരു ലിറ്റർ ഗോമൂത്രം ചേർത്ത് അരച്ചെടുക്കുക. ഇതിൽ 60 ഗ്രാം ബാർസോപ്പ് ലയിപ്പിച്ച് ചേർത്തിളക്കുക. ഈ മിശ്രിതം 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച അരിച്ചെടുത്തു ചെടികളിൽ തളിച്ചുകൊടുക്കുന്നത് വഴി മൃദുല ശരീരികൾ ആയ കീടങ്ങളെ ഫലപ്രദമായി നേരിടാം.
പപ്പായ ഇല സത്ത്
10 മില്ലി ലിറ്റർ വെള്ളത്തിൽ 50 ഗ്രാം നുറുക്കിയ പപ്പായയില മുക്കി ഒരു രാത്രി ഇട്ടു വയ്ക്കുക. ഇല അടുത്തദിവസം ഞെരടി പിഴിഞ്ഞ് എടുത്ത സത്ത് അതിൻറെ നാലിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിച്ചു കൊടുത്താൽ പുഴുക്കളുടെ ശല്യം അകറ്റാം.
വേപ്പിൻകുരു സത്ത്
50 ഗ്രാം വേപ്പിൻ കുരു ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഉപയോഗിക്കാം. മൂപ്പെത്തിയ വേപ്പിൻകുരു പൊടിച്ച് കിഴി കെട്ടി വെള്ളത്തിൽ 12 മണിക്കൂർ മുക്കി വെക്കുക. അതിനുശേഷം കിഴി പലപ്രാവശ്യം വെളളത്തിൽ മുക്കി പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക. ഇളം തവിട്ടു നിറത്തിൽ സത്ത് വരുന്നതുവരെ കിഴി ഇങ്ങനെ വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുക്കുക. ഈ ലായിനി നേരിട്ട് തളിക്കാം.
ഇങ്ങനെ ചെയ്യുന്നത് വഴി തണ്ടുതുരപ്പൻ, ഇലതീനി പുഴുക്കൾ എന്നിവയെ ഫലപ്രദമായി നേരിടാം.
Share your comments