നെൽകൃഷിയിൽ ഏറ്റവും ചെലവുള്ള ജോലിയാണ് ഞാറ് നടീൽ. തൊഴിലാളി ക്ഷാമം ഞാറ് നടീലിൽ നേരിടുന്ന ഏറ്റവും മുഖ്യമായ പ്രശ്നവും. പണ്ടത്തെ പോലെ പ്രവർത്തനക്ഷമതയും അർപ്പണ മനോഭാവവും ഇന്നത്തെ തൊഴിലാളികൾ കണിക്കാത്ത സാഹചര്യവുമുണ്ട്. ചെറിയ കൃഷി ഭൂമിയുള്ള കർഷകർക്ക് മനസ്സ് വച്ചാൽ പരസഹായം കൂടാതെ ഞാറ് നടാനുള്ള വിദ്യയാണ് ചുവടെ വിവരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കർഷക കവിതയുമായി ചാത്തന്നൂർ കൃഷി ഓഫീസർ പ്രമോദ് മാധവൻ
ഞാറ് നടാമെന്നല്ല ഞാറ് എറിയാം എന്ന് ഈ വിദ്യയെ പറയാം. ഈ പ്രക്രിയയിലൂടെ ഞാറ് നടുന്നതിനെ 'പാരച്യൂട്ട്' ഞാറുകൾ എന്ന് അറിയപ്പെടുന്നു.
പച്ചക്കറി തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രൊ ട്രേകൾ പോലെ ചെറിയ കുഴികളുള്ള ട്രേ ഉപയോഗിച്ചാണ് പാരച്യൂട്ട് ഞാറുകൾ നടുന്നത്. ചുരുട്ടിവയ്ക്കാവുന്ന 434 കുഴികളാണ് പ്രൊ -ട്രേകളിൽ ഉള്ളത്. പാടത്തെ ചേറും അഴുകിപ്പൊടിഞ്ഞ, അരിച്ചെടുത്ത ചാണകപ്പൊടിയും കുറച്ച് ചകിരിച്ചോറ് കമ്പോസ്റ്റും ചേർത്ത മിശ്രിതം ട്രേയിൽ ഇട്ട്, ഒരു തടിക്കഷ്ണം കൊണ്ട് നീട്ടി ഒന്ന് വടിച്ചാൽ എല്ലാ കുഴികളിലും മിശ്രിതം നിറയും. കുരുപ്പിച്ച നെൽ വിത്ത് ഒന്നോ രണ്ടോ മൂന്നോ എണ്ണം വീതം ഓരോ കുഴിയിലും ഇട്ട് നനച്ച് പാടത്ത് തന്നെ ഞാറ്റടി ഒരുക്കാം.
വളർച്ച മെച്ചപ്പെടുത്താൻ ജീവാമൃതം, വളച്ചായ, 19:19:19 എന്നിവയിൽ ഏതെങ്കിലും ഇടയ്ക്കിടെ തളിച്ച് കൊടുക്കാം.
15-18 ദിവസം കഴിയുമ്പോൾ, അടിവളമിട്ട് സമ്പുഷ്ടമാക്കിയ, ചേറ് നല്ല പായസപ്പരുവമാക്കിയ പാടത്ത് വരമ്പിൽ നിന്ന് കൊണ്ട് തന്നെ ട്രേയിൽ നിന്നും ഊരിയെടുത്ത ഞാറുകൾ ഏതാണ്ട് ഒരു നിശ്ചിത അകലത്തിൽ എറിഞ്ഞു കൊടുക്കാം. അല്ലെങ്കിൽ ഒരു ബേസിനിൽ ഈ ഞാറുകൾ കുടഞ്ഞിട്ട് പാടത്ത് പിറകോട്ട് നടന്ന് കുനിയാതെ തന്നെ ഒരു നിശ്ചിത അകലത്തിൽ ഇട്ട് പോകാം. വലിയ പാടങ്ങളാണെങ്കിൽ നെടുകെ നടപ്പാതകൾ ഉണ്ടാക്കി അതിലൂടെ നടന്ന് ഞാറ് എറിയാം.
ഞാറിന്റെ ചുവട്ടിൽ മിശ്രിതത്തിന്റെ കനം ഉള്ളത് കൊണ്ട് (ഇപ്പോൾ ഞാറ് ഒരു ഷട്ടിൽ കോക് പോലെ തോന്നും) എങ്ങനെ ഇട്ടാലും ചുവട് ഭാഗം ചേറിൽ കുത്തി തറഞ്ഞു നിൽക്കും. പാകിസ്ഥാനിലും ശ്രീലങ്കയിലും ഒക്കെ ഈ രീതി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മോശമല്ലാത്ത വിളവും കിട്ടിയിട്ടുണ്ട്. മറ്റ് പരിചരണമുറകൾ ഒക്കെ സാധാരണ പോലെയാണ്. എന്നാൽ കള വളർച്ച നിയന്ത്രിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം.
(കടപ്പാട്: പ്രമോദ് മാധവൻ, കൃഷി ഓഫീസർ)
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments