'പാവപ്പെട്ടവന്റെ മാംസം' എന്നറിയപ്പെടുന്ന വള്ളിപ്പയർ അഥവാ അച്ചിങ്ങ കഴിയ്ക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. കാരണം, വേവിച്ച് കഴിച്ചാൽ അത്രയേറ ഗുണപ്രദമാണ് പയർ. മെഴുക്കുപുരട്ടിയാക്കിയാലും തോരനാക്കിയാലും കുട്ടികളുൾപ്പെടെ രുചിയോടെ കഴിയ്ക്കുന്ന വള്ളിപ്പയർ വിഷാംശമില്ലാതെ ശരീരത്തിൽ എത്തിക്കണമെങ്കിൽ, അതിന് നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്യണം.
ഇങ്ങനെ വീട്ടുവളപ്പിലും അടുക്കള തോട്ടത്തിലും ടെറസിലുമെല്ലാം കൃഷി ചെയ്യുമ്പോൾ കീടങ്ങളും മറ്റും വലിയ രീതിയിൽ ആക്രമിക്കാനും സാധ്യത കൂടുതലാണ്. ഇത് നമ്മുടെ ആദായത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ തന്നെ, വിളവെടുപ്പ് മോശമാകുന്നു. എന്നാൽ, രോഗങ്ങൾക്കും കീടങ്ങൾക്കുമെതിരെ പ്രതിരോധമുള്ള വള്ളിപ്പയർ കൃഷി ചെയ്യാൻ എളുപ്പമാണ്. അതിനായി കുറച്ച് കുറുക്കുവിദ്യകൾ പ്രയോഗിച്ചാൽ മികച്ച വിളവ് ലഭിക്കുമെന്നതും ഉറപ്പിക്കാം.
നിങ്ങളുടെ അടുക്കളത്തോട്ടത്തിലെ വള്ളിപ്പയർ നല്ല ഗുണമേന്മയുള്ള വിളവ് തരാൻ ചെയ്യേണ്ട കുറുക്കുവിദ്യകൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
ഏത് കാലാവസ്ഥയ്ക്കുമിണങ്ങുന്ന വിളയാണ് പയർ. എന്നിരുന്നാലും മഴക്കാലത്ത് കൃഷി ചെയാതാലാണ് കൂടുതൽ വിളവ് ലഭിക്കുന്നത്. അതിനാൽ മഴക്കാലത്ത് തന്നെ വള്ളിപ്പയർ കൃഷി തുടങ്ങുന്നതിന് ശ്രമിക്കുക.അതുപോലെ ആദ്യമായി പയർ നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.
പയർ നടുമ്പോൾ....
പയറു വിത്ത് നടുന്നതിന് മുൻപ് 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. നാലു മണിക്കൂർ നേരത്തേക്ക് ഈ ലായനിയിൽ പയർ വിത്തുകൾ ഇട്ടുവയ്ക്കുക. ഇങ്ങനെ ആരോഗ്യമുള്ള പയർ തൈകൾ ലഭിക്കും.കൂടാതെ, വിളയ്ക്ക് രോഗപ്രതിരോധശേഷി ലഭിക്കുന്നതിനും ഈ രീതി പ്രയോജനപ്പെടുന്നതാണ്.
സ്യൂഡോമോണസ് ലായനി ഇല്ലെങ്കിൽ സാധാരണ പച്ചവെള്ളത്തിൽ നാല് മുതൽ അഞ്ച് മണിക്കൂർ നേരം വിത്ത് ഇട്ട് വയ്ക്കുന്നതും ഗുണപ്രദമാണ്.
പയർ വിത്തുകൾ പാകുന്നതിന് മുൻപ് അവയ്ക്ക് റൈസോബിയം പരിചരണം നൽകുക. കാരണം ഒരു ഏക്കർ സ്ഥലത്ത് 100 മുതൽ 150 ഗ്രാം വിത്തുകൾ പാകുക. എന്നാൽ, നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ വേണം റൈസോബിയം കൾച്ചർ നടത്തേണ്ടത്. ഇതിനായി റൈസോബിയം കഞ്ഞി വെള്ളത്തിൽ കുഴച്ച് പയർവിത്തുമായി കലർത്തുക. ഈ വിത്തുകൾ വൃത്തിയുള്ള പേപ്പറിലോ ചണച്ചാക്കിലോ തണലത്ത് വച്ച് ഉണക്കുക. ശേഷം ഇവ നടാനായി തെരഞ്ഞെടുക്കണം.
ഈ തൈകൾ മുളച്ചുവന്നതിന് ശേഷം തൈകൾ പറിച്ചു നടുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
കാരണം, നടാനായി തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ഒരാഴ്ച മുൻപ് തന്നെ കുറച്ച് കുമ്മായമിട്ട് കൊടുക്കണം. ഇത് മണ്ണിലെ പുളിരസം മാറ്റിയെടുക്കാൻ സഹായിക്കും. പയറിന്റെ വിളവ് കൂട്ടാനും ഇത് സഹായകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കോഴികളിൽ നിന്ന് കൃത്യമായി മുട്ട കിട്ടണമെങ്കിൽ ഇതെല്ലാം ശ്രദ്ധിക്കാം…
ഈ പയർ തൈകൾ പറിച്ച് മാറ്റി നടുന്നതിന് മൂന്ന് ദിവസം മുൻപ് മണ്ണിൽ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ തുല്യ അളവിൽ ഇട്ടു കൊടുക്കുന്നതിനും ശ്രദ്ധിക്കുക. ഇങ്ങനെ അടിവളം ചേർത്തു കൊടുക്കുന്നതിലൂടെ പയർ കീടങ്ങളെ പ്രതിരോധിച്ച് നന്നായി കായ്ക്കും. ഇതിന് പുറമെ പയറിന് ദിവസവും രണ്ടു നേരമെങ്കിലും നനച്ചു കൊടുക്കുന്നത് നല്ലതാണ്.
Share your comments