മാമ്പഴ ഈച്ചയുടെ ഉപദ്രവത്താല്‍ ഏറ്റവും കൂടുതല്‍ മാങ്ങ നശിച്ചുപോകുന്ന മാങ്ങ മൂത്തുതുടങ്ങുമ്പോഴാണ് ഈച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുളള പഴ ഈച്ച. മാങ്ങയുടെ പുറംതൊലിയില്‍ സൂക്ഷ്മ സുഷിരങ്ങളുണ്ടാക്കി മുട്ടകള്‍ കൂട്ടമായി നിക്ഷേപിക്കുന്നു. മാങ്ങ പഴുക്കാന്‍ പരുവമാകുമ്പോള്‍ മുട്ടകള്‍ വിരിയുകയും ചെറിയ പുഴുക്കള്‍ മാങ്ങയുടെ ഉള്‍ഭാഗം വേഗം കാര്‍ന്നു തിന്നുകയും ചെയ്യും. തിന്നാന്‍ തുടങ്ങുന്നതോടെ മാങ്ങയുടെ ഉള്‍ഭാഗം വേഗത്തില്‍ നശിക്കുകയും മാങ്ങ പെട്ടെന്നു പഴുത്ത് ഞെട്ടറ്റ് മണ്ണില്‍ വീഴും. ഇവയില്‍നിന്നു പുഴുക്കള്‍ വീണ്ടും മണ്ണിലെത്തി 8-10 ദിവസത്തിനുള്ളില്‍ സമാധിദശയിലാകും. രണ്ടു മാസത്തിനകം ഈച്ചകളായി രൂപാന്തരപ്പെടുന്ന ഇവയിലെ പെണ്ണീച്ചകള്‍ വീണ്ടും മാങ്ങകളില്‍ മുട്ട നിക്ഷേപിക്കും.
പഴ ഈച്ചകളുടെ വംശവര്‍ധന തടയാന്‍ ചീഞ്ഞ മാങ്ങകള്‍ കുഴിയിലാക്കി മണ്ണിട്ടു മൂടണം. മീതൈല്‍ യുജിനോള്‍ അടങ്ങിയ ഫിറമോണ്‍ കെണികള്‍ ഇന്നു ലഭ്യമാണ്. ഇവ മാങ്ങ മൂപ്പെത്തുന്നതിനു മുമ്പു മാവിന്റെ ശിഖരത്തില്‍ തൂക്കിയിടുക. ആണ്‍ കായീച്ചകള്‍ കൂട്ടത്തോടെ ഈ കെണിയില്‍ അകപ്പെടും. ഇവയെ നശിപ്പിച്ചു വംശവര്‍ധന തടയാം. കേരളത്തില്‍ മാര്‍ച്ച്- ഏപ്രില്‍ മാസമാണ് മാമ്പഴ ഈച്ചകളുടെ വംശവര്‍ധന ഏറ്റവുമധികം നടക്കുന്നത്.
മൂത്ത മാങ്ങകള്‍ പറിച്ചെടുത്ത് സംസ്‌കരിച്ചാല്‍ പുഴുശല്യമില്ലാത്ത മാമ്പഴം കിട്ടും. 10 ലീറ്റര്‍ വെള്ളം കൊള്ളുന്ന ബക്കറ്റില്‍ 6 ലീറ്റര്‍ തിളച്ച വെള്ളവും 4 ലീറ്റര്‍ തണുത്ത വെള്ളവും ചേര്‍ക്കണം. ഇതിലേക്ക് 200 ഗ്രാം ഉപ്പ് ചേര്‍ത്ത് ഇളക്കുക. മൂത്ത പറിച്ചെടുത്ത മാങ്ങകള്‍ ഈ ലായനിയില്‍ 10-15 മിനിറ്റ് നേരം ഇട്ടുവയ്ക്കണം. മാങ്ങകള്‍ പൂര്‍ണമായും മുങ്ങിക്കിടക്കേണ്ടതുണ്ട്. ഇതിനുശേഷം മാങ്ങകള്‍ എടുത്ത് തുണികൊണ്ട് നന്നായി തുടച്ച് പഴുപ്പിക്കുക. പുഴു ഇല്ലാത്ത നല്ല മാമ്പഴം കിട്ടും.
മിശ്രിതത്തിന്റെ ഊഷ്മാവ് ഏകദേശം 50 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കണം. ഈ മിശ്രിതത്തില്‍ മാങ്ങ ഇടുമ്പോള്‍ പഴ ഈച്ചകള്‍ മാങ്ങയുടെ പുറംതൊലിയില്‍ ഉണ്ടാക്കിയ സുഷിരങ്ങള്‍ അല്‍പം വികസിക്കുകയും ഇതിലൂടെ ഉപ്പുവെള്ളത്തിന്റെ ചെറുകണികകള്‍ മാങ്ങയ്ക്കുള്ളില്‍ കയറുകയും ചെയ്യും. വിരിയാനിരിക്കുന്ന മുട്ടകള്‍ ഉപ്പുവെള്ളം നശിപ്പിക്കും.
Share your comments