എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയർ (Snake bean). വിഗ്ന അംഗ്വിക്കുലേറ്റ (Vigna unguiculata) എന്നാണ് പയറിന്റെ ശാസ്ത്രീയ നാമം. വള്ളിപ്പയർ, കുറ്റിപ്പയർ,തടപ്പയർ എന്നിവയാണ് പ്രധാനമായും കേരളത്തിൽ കൃഷി ചെയ്യുന്നത്. കൂടുതലായും പാടത്ത് നെൽകൃഷിക്കു ശേഷമോ അല്ലെങ്കിൽ കപ്പ കൃഷിയുടെ ഇടവിളയായോ പയർ കൃഷി ചെയ്യാം.
വള്ളിപ്പയറിൽ ലോല, വൈജയന്തി, ശാരിക, മാലിക. കെ. എം. വി 1, മഞ്ചേരി ലോക്കൽ, വയലത്തൂർ ലോക്കൽ, കുരുത്തോലപ്പയർ. കുറ്റിപ്പയറിൽ അനശ്വര, കൈരളി, വരുൺ,കനകമണി (പി.ടി.ബി.1), അർക്ക് ഗരിമ. തടപ്പയറിൽ ഭാഗ്യലക്ഷ്മി,പൂസ ബർസാത്തി, പൂസ കോമൾ എന്നീ ഇനങ്ങളിലുള്ള വിത്തുകളാണ് നടാൻ ഉപയോഗിക്കുന്നത്.
പയറിനെ ബാധിക്കുന്ന മുഞ്ഞയും മറ്റു കീടങ്ങളും അകറ്റാൻ ചില മാർഗങ്ങൾ....
1. പപ്പായയുടെ ഇല കീറി ഒരു പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളത്തിൽ ഒരു ദിവസം ഇട്ടുവെക്കുക. ഇത് നല്ലതു പോലെ ഞെരടിപ്പിഴിഞ്ഞ് സ്പ്രേ ചെയ്യുന്ന കുപ്പിയിലാക്കി ഉപയോഗിക്കാം.
2. ചാരവും കുമ്മായവും യോജിപ്പിച്ച് ഇലയിൽ കുടഞ്ഞിടാം
3. പുകയിലക്കഷായം തളിച്ചാലും മുഞ്ഞയിൽ നിന്നും കീടങ്ങളിൽ നിന്നും രക്ഷ നേടാം
4. പച്ചക്കറി നടുന്നതിനിടയിൽ സൂര്യകാന്തിച്ചെടി അല്ലെങ്കിൽ ബന്തിപ്പൂ നട്ടാൽ ഏറെക്കുറെ കീടങ്ങളിൽ നിന്നും രക്ഷപ്പെടാം
5. പുളിയുറുമ്പിന്റെ കൂട് പയറിൽ വെച്ച് കൊടുത്താൽ മുഞ്ഞയെ നശിപ്പിക്കും
6. കഞ്ഞിവെള്ളം നേർപ്പിച്ച് പയർ ചെടിയിൽ തളിച്ചു കൊടുക്കാം
7. പയർ പറിച്ചെടുക്കുമ്പോൾ ഞെട്ടോടു കൂടി പറിച്ചെടുക്കണം.
8. പുഴുക്കളുടെ ശല്യം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരുപിടി കാന്താരി മുളക് അരച്ച് ഒരു ലിറ്റർ ഗോമൂത്രത്തിൽ കലക്കി 60 ഗ്രാം ബാർ സോപ്പ് ലയിപ്പിച്ചതും ചേർത്ത് നേർപ്പിച്ച് പയറിലും പച്ചക്കറികളിലും ഉപയോഗിക്കാം
9. കഞ്ഞിവെള്ളത്തിൽ ചാരം ചേർത്ത് ചെടികളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം തളിച്ചാൽ കുമിൾ രോഗങ്ങളും പുഴുക്കളുടെ
ആക്രമണങ്ങളും തടയാം.
Share your comments