നമ്മുടെ വീടുകളിൽ തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന വിവിധതരം മുളകു ചെടികൾ ഉണ്ട്. കാന്താരി പോലെയുള്ള നാടൻ മുളകുചെടികളിൽ വിളവ് കൂടുതലായി ഉല്പാദിപ്പിക്കാൻ നിരവധി വഴികളുണ്ട്.
ചെടികൾ നടുന്ന സമയത്തും വളം പ്രയോഗിക്കുന്ന സമയത്തും ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുളകുല്പാദനം കൂടുതലാക്കാം.
വിത്തു പാകി മുളപ്പിക്കുമ്പോഴും ചെടി വളരുമ്പോഴും വീട്ടിൽതന്നെ ഉണ്ടാക്കുന്ന ജൈവമിശ്രിതം ചേർക്കുക. ഇതിനായി ചായ ഉണ്ടാക്കാനുപയോഗിച്ചശേഷം സാധാരണ ഗതിയിൽ കളയാറുള്ള തേയിലച്ചണ്ടി ഉണക്കിയെടുത്തതും, മുട്ടത്തോടും, ഉള്ളിത്തൊലിയും, മിക്സിയിൽ പൊടിച്ചെടുത്ത് അല്പം ചകിരിച്ചോറും ചേർത്ത് മുളകുചെടി വളർത്തുന്ന മണ്ണിൽ ഇടയ്ക്കിടെ പ്രയോഗിക്കുക.
* ഉണങ്ങിയ മുളകിന്റെ വിത്തുകളാണ് പാകുന്നതെങ്കിൽ പത്തുമിനിട്ടെങ്കിലും വെള്ളത്തിൽ കുതിർത്തശേഷം മാത്രം പാകുക. പഴുത്ത മുളകിന്റെതാണെങ്കിൽ വിത്തുകൾ നേരിട്ടു പാകാം.
*മുളകു ചെടി വളർന്നു വരുമ്പോൾ അതിനു താങ്ങായി ഒരു കമ്പു കുത്തി ചെടി അതിലേക്ക് ചേർത്തു കെട്ടുക.
* ഒരു ഗ്രോബാഗിൽ അല്ലെങ്കിൽ ഒരു ചുവടിൽ രണ്ടു മുളകുതൈകൾ ഒരുമിച്ചുവച്ചു കൃഷിചെയ്യുക
* മുളകുചെടികൾക്ക് പ്രത്യേകം തയ്യാറാക്കിയ വളം ചേർക്കുക. ഇതിനായി പുളിച്ച കഞ്ഞിവെള്ളമെടുത്ത് അതിൽ കടലപ്പിണ്ണാക്കു ചേർത്ത് നന്നായി മിക്സുചെയ്ത് ഏഴുദിവസം അടച്ചുവെക്കുക. എട്ടാംദിവസം കട്ടിയേറിയ ഈ മിശ്രിതം ഒരു ഗ്ലാസിന് പത്തു ഗ്ലാസ് എന്ന അളവിൽ വെള്ളം ചേർത്ത് നേർപ്പിക്കുക. ആഴ്ചയിലൊരിക്കൽ മുളകുചെടികൾക്ക് ഈ മിശ്രിതം ഒഴിച്ചുകൊടുക്കുക.
* മുളകുചെടിയുടെ കടയ്ക്കൽ ചെറുതായി മണ്ണിളക്കി, രണ്ടാഴ്ചയിലൊരിക്കൽ വേപ്പിൻപിണ്ണാക്കു ചേർത്തുകൊടുക്കുക.
* പുളിച്ച കഞ്ഞിവെള്ളം നാലിലൊന്നായി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ ഇടയ്ക്കിടെ തളിച്ചുകൊടുത്താൽ വെള്ളീച്ച പോലുള്ള കീടബാധ മാറിക്കിട്ടും.
* ഒരു കപ്പ് പുളിച്ച കഞ്ഞിവെള്ളത്തിൽ ഒരു പിടി ചാരം ചേർത്ത് അത് ഇരുപതു കപ്പ് വെള്ളം ചേർത്ത് നേർപ്പിച്ച് മുളകുചെടിക്ക് ഒഴിച്ചു കൊടുത്താൽ ചെടികൾ വേഗത്തിൽ പൂക്കും.
* കാൽ ടീസ്പൂൺ കായം പൊടി (പെരുങ്കായം കലക്കിയ വെള്ളമായാലും മതി) ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു നന്നായി കലക്കി അത് മുളകുചെടിയുടെ മൊട്ടിലും പൂവിലും തളിക്കുക. പൂക്കൾ കൊഴിയാതെ കൂടുതൽ മുളകുണ്ടാവാൻ ഇതു സഹായിക്കും.
* പഴയ പത്രക്കടലാസോ സാധാരണ കടലാസുകളോ ചെറുതായി മുറിച്ച് മുളകുചെടിയുടെ കടയ്ക്കൽ രണ്ടാഴ്ചയിലൊരിക്കൽ ഇട്ട് അല്പം മണ്ണിട്ടുമൂടുക. കൂടുതൽ മുളകുണ്ടാവാൻ ഇതു സഹായിക്കും.
* മീൻ കഴുകിയ വെള്ളത്തിൽ അല്പം ശർക്കര പൊടി ചേർത്ത് അത് ഏഴുദിവസം കെട്ടിവെക്കുക. എട്ടാം ദിവസം അതു നേർപ്പിച്ച് മുളകു ചെടികളിൽ തളിക്കുകയോ കടയ്ക്കൽ ഒഴിച്ചുകൊടുക്കുകയോ ചെയ്യുക. ഇങ്ങനെ രണ്ടാഴ്ചയിലൊരിക്കൽ ചെയ്യുക.
Share your comments