നാരുകള് കൂടുതല് അടങ്ങിയ പുല്ല്, വൈക്കോല് തുടങ്ങിയ പരുഷാഹാരങ്ങള് തിന്നുകയും ദിവസേന ചുരുങ്ങിയത് എട്ടുമണിക്കൂറെങ്കിലും അയവിറക്കുകയും ചെയ്യുന്ന പശുക്കൾ, പ്രതിദിനം ആകെ കഴിക്കുന്ന തീറ്റയുടെ നാല്പതു ശതമാനമെങ്കിലും പരുഷ തീറ്റയാകണമെന്നതാണ് പ്രധാനം.. എളുപ്പത്തില് പറഞ്ഞാല് ഒരു ദിവസം എട്ട് കിലോ കാലിത്തീറ്റ കൊടുക്കുന്ന ഒരു പശുവിന് അഞ്ച് കിലോയെങ്കിലും പരുഷ തീറ്റ ശുഷ്ക രൂപത്തില് അല്ലെങ്കില് ഖരരൂപത്തില് ലഭിക്കണം. അതായത് അഞ്ച് കിലോഗ്രാം ഖരരൂപത്തിലുള്ള പരുഷാഹാരം ലഭിക്കുന്നതിന് പുല്ലാണ് നല്‍കുന്നതെങ്കില്‍ 20 കിലോഗ്രാം പുല്ലെങ്കിലും നല്‍കണം. കാരണം പച്ചപ്പുല്ലിന്റെ 75 ശതമാനവും ജലമാണ്. മഴക്കാലത്ത് പുല്ലില്‍ ജലാംശം കൂടുതലുമായിരിക്കും. ചുരുക്കത്തില്‍ 20 കിലോഗ്രാം പുല്ല് നല്‍കിയാല്‍ 5 കിലോഗ്രാം ഖരരൂപത്തിലുള്ള പരുഷാഹാരം പശുവിന് കിട്ടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കപ്പയിലെ നല്ല കാലിത്തീറ്റ
ഇനി പുല്ല് തീരെയില്ലെങ്കില്‍ പ്രതിദിനം ഉണങ്ങിയ വൈക്കോല്‍ അഞ്ചു കിലോയെങ്കിലും നല്‍കി പരുഷാഹാരവും, തീറ്റയിലെ നാരും ഉറപ്പാക്കണം. ആമാശ ദഹനം സുഗമമാക്കാന്‍ നാരിന് കഴിയുന്നു. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം പോഷകങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമുള്ള വൈക്കോലിന് പാലുത്പാദനത്തില്‍ കാര്യമായ സഹായം ചെയ്യാനാവില്ല.
നാലറകളുള്ള പശുവിന്റെ ആമാശയത്തിലെ ആദ്യ ഭാഗമായ റൂമനില്‍ താമസിക്കുന്ന അനവധിയായ ബാക്ടീരിയ, പ്രോട്ടോസോവ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ സഹായത്തോടെയാണ് പശുക്കളില്‍ ദഹനം നടക്കുന്നത്. തീറ്റയില്‍ നാരിന്റെ അംശം കുറഞ്ഞാല്‍ ആമാശയത്തിന്റെ അമ്ലത കൂടുന്നു. ഇത് ദഹന സഹായികളായ സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു. ദഹനം തടസ്സപ്പെടുന്നതിനാല്‍ പശുവിനാവശ്യമായ പോഷകങ്ങളിലും കുറവുണ്ടാകുന്നു. വായുസ്തംഭനം തീറ്റയോടുള്ള മടുപ്പ്, വയറിളക്കം, ചാണകത്തില്‍ ദഹിക്കാത്ത ധാന്യനാരുകളുടെ അവശിഷ്ടങ്ങള്‍, ചാണകത്തില്‍ നുരയും പതയും തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. കാലിത്തീറ്റ തിന്നാതെ വന്നാലും ഇവര്‍ പുല്ല് ഭക്ഷിക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ഇടവിളയായി തീറ്റപ്പുല്ല് കൃഷി ചെയ്താൽ ഇരട്ടിലാഭം
കേവലം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കപ്പുറം കരള്‍ സംബന്ധമായ രോഗങ്ങള്‍, രോഗപ്രതിരോധ ശക്തിയുടെ കുറവ് എന്നിവയും അമ്ലതയുടെ ദീര്‍ഘകാല പ്രശ്‌നങ്ങളാണ് ശരീരത്തിനു മെലിച്ചില്‍, ചെന പിടിക്കാനുള്ള പ്രയാസം, അകിടുവീക്കം എന്നിവയും ഉണ്ടായേക്കാം. അപ്പോള്‍ നാരടങ്ങിയ പരുഷാഹാരം പ്രത്യേകിച്ച് പുല്ലിന്റെ പ്രാധാന്യം കര്‍ഷകര്‍ക്ക് മനസ്സിലാക്കാന്‍ മേല്‍പറഞ്ഞ കാരണങ്ങള്‍ മതിയാകും. കൂടാതെ ധാരാളം പച്ചപ്പുല്ല് പ്രത്യേകിച്ച് തീറ്റപ്പുല്ല് നല്‍കാന്‍ കഴിഞ്ഞാല്‍ തീറ്റച്ചിലവു കുറയുകയും ലാഭം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഇനി ആവശ്യത്തിന് പരുഷാഹാരം ലഭിക്കുന്ന പശുക്കളില്‍ പാലിന് കൊഴുപ്പ് കൂടുതലായിരിക്കും. പാലിന് കൊഴുപ്പ് കൂടുതലായിരിക്കും. പാലിന് നല്ല മഞ്ഞ നിറമുണ്ടായിരിക്കും. ഒപ്പം കൂടുതല്‍ ഒമേഗ 3 അടങ്ങിയതിനാല്‍ മനുഷ്യന്റെ ആരോഗ്യത്തിനും പ്രയോജനകരമാണ്. ആവശ്യത്തിന് ഗുണമേന്മയുള്ള പരുഷാഹാരം ലഭിച്ച പശുക്കളുടെ ഉത്പാദനത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവാതിരിക്കും. ശരീരം മെലിയുന്നില്ലായെന്നതിനു പുറമേ ചെന പിടിക്കാനുള്ള ബുദ്ധിമുട്ടും മാറുന്നു. പരുഷാഹാരത്തിലെ നാരിന്റെ ഗുണമേന്മ പ്രധാനമായതിനാല്‍ തീറ്റപ്പുല്ലായി തന്നെ നല്‍കാന്‍ കഴിയുന്നത് നല്ലതാണ്. കാലിത്തീറ്റയോടൊപ്പം ഉത്തമമായ അളവില്‍ ചാഫ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മിക്‌സ് ചെയ്തു നല്‍കുന്ന കംപ്ലീറ്റ് ഫീഡിങ്ങ് രീതിയും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാൻസർ മുതൽ പശുക്കളിൽ കണ്ടു വരുന്ന അകിടുവീക്കം വരെ തടയാം ഈയൊരു ഒറ്റമൂലി കൊണ്ട്
കേരളത്തിലെ ക്ഷീരകര്‍ഷകനെ സംബന്ധിച്ച് തീറ്റപ്പുല്ലെന്നാല്‍ പ്രധാനമായും ഹൈബ്രിഡ് നേപ്പിയറിന്റെ സി.ഒ.-3, സി.ഒ.-4 ഇനത്തില്‍പ്പെട്ട പുല്ലുകളാണ്. ഉത്പാദനശേഷി കൂടിയ, കൂടുതല്‍ അളവില്‍ വിളയുന്ന, നട്ടു വളര്‍ത്താന്‍ എളുപ്പമായ ഇവയ്ക്ക് പ്രാധാന്യം കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഇത്തരം ഇനങ്ങള്‍ക്കൊപ്പം സാഹചര്യത്തിനനുസരിച്ച് മറ്റ് തീറ്റപ്പുല്ലുകള്‍ കാലിത്തീറ്റയായി നല്‍കാന്‍ കഴിയുന്ന പയര്‍വര്‍ഗ്ഗച്ചെടികള്‍, ധാന്യവിളകള്‍, കാലിത്തീറ്റ, വൃക്ഷങ്ങള്‍ എന്നിവ കൂടി കൃഷി ചെയ്ത് സമ്മിശ്രമായി നല്‍കിയാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാവുന്നതാണ്. സ്ഥലവും സൗകര്യമുള്ളവര്‍ക്ക് തീറ്റപ്പുല്‍ക്കൃഷിയിലും സമ്മിശ്ര രീതികള് പരീക്ഷിക്കാവുന്നതാണ്.
സങ്കരനേപ്പിയര്‍ തീറ്റപ്പുല്ലിന്റെ കമ്പുകളാണ് നടാനുപയോഗിക്കുന്നത്. സി.ഒ.-3, സി.ഒ.-4, സി.ഒ.-5, കിളികുളം, തുമ്പൂര്‍മുഴി തുടങ്ങിയ നിരവധി പേരുകളില്‍ സങ്കര നേപ്പിയര്‍ ഇനങ്ങള്‍ ലഭ്യമാണ്. വൈകി പൂക്കുന്ന, ആന്റി ഓക്‌സലേറ്റ് കുറവുള്ള സി.ഒ.-5 വൈകി വിളവെടുപ്പിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാത്തവയാണ്. മികച്ച അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട പരിപാലനത്തില്‍ ഒരു ഹെക്ടറില്‍ നിന്ന് വര്‍ഷം 350-400 ടണ്‍ വിളവുണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: പശുവളർത്തലും തീറ്റപ്പുൽ കൃഷിയും
ഗിനിപ്പുല്ല്, കോംഗോസിഗ്നല്‍, ഹ്യുമിഡിക്കോള, സ്റ്റൈലോ തുടങ്ങിയവയും കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. ആട്, മുയല്‍ കര്‍ഷകര്‍ക്കും ഇത്തരം പുല്ലിനങ്ങള്‍ പ്രയോജനപ്പെടും. മേച്ചില്‍ സ്ഥലങ്ങള്‍ക്ക് അനുയോജ്യമാണ് സിഗ്നല്‍, കോംഗോസിഗ്നല്‍ പുല്ലുകള്‍. ഉയരം കുറഞ്ഞ ഇവ മണ്ണൊലിപ്പ് തടയാനും സഹായിക്കുന്നു. പശു തിന്നുന്നതനുസരിച്ച് വളര്‍ന്നുകൊള്ളും. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ക്ക് അനുയോജ്യമാണ് ഹ്യുമിഡിക്കോള. പയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സ്റ്റൈലോസാന്തസ്സ് പുല്ല് പാലിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു. മറ്റു പുല്ലുകളുമായി ചേര്‍ത്ത് പ്രതിദിനം ശരാശരി ഒരു കിലോഗ്രാമെങ്കിലും നല്‍കിയാല്‍ പ്രയോജനം ലഭിക്കും. കൂടുതലായാല്‍ ദഹന പ്രശ്‌നങ്ങളുണ്ടാകും. ധാന്യ ഇനത്തില്‍പ്പെട്ട ചോളത്തിന്റെ തീറ്റപ്പുല്‍ കൃഷിക്കായുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അന്നജ സമ്പന്നമായ ഇവ പാലുത്പാദനം കൂട്ടുന്നു. അന്നജം കൂടു തലുള്ളതിനാല്‍ നിശ്ചിത അളവില്‍ മറ്റു പുല്ലുകളുമായി ചേര്‍ത്ത് നല്‍കുന്നത് നല്ലത്. സ്ഥലപരിമിതിയുള്ള നമ്മുടെ സംസ്ഥാനത്ത് തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി പുല്‍കൃഷി ചെയ്യാം.
തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമാണ് ഗിനിപ്പുല്ലും സങ്കരനേപ്പിയര്‍ പുല്ലും ഏഴു മുതല്‍ 20 വര്‍ഷം വരെ പ്രായമുള്ള തെങ്ങുകളുള്ള പറമ്പുകളില്‍ ഇടവിളയായി തീറ്റപ്പുല്‍കൃഷി നടത്താം.
കൂട്ടംകൂടി വളരുന്ന ഇനമാണ് ഗിനിപ്പുല്ല്. അരമീറ്റര്‍ മുതല്‍ നാലര മീറ്റര്‍ വരെ ഉയരം വയ്ക്കും. നീളവും ബലവുമുള്ള തണ്ടുകള്‍ രോമങ്ങള്‍പോലെ ചെറുനാരുകളുള്ളവയാണ്. തണല്‍ പ്രദേശങ്ങളില്‍ വളരാന്‍ കഴിവുള്ളവയാണിവ. മലമ്പ്രദേശങ്ങളിലും, സമതലപ്രദേശങ്ങളിലും ഒരുപോലെ വളരുമെങ്കിലും തണുപ്പിനെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിവില്ല. സാധാരണ താപനിലയിലാണ് ഉത്തമം. കളിമണ്ണിലൊഴികെ ഏതു മണ്ണിലും വളരും.
ബന്ധപ്പെട്ട വാർത്തകൾ: തരിശുനിലത്ത് തീറ്റപ്പുൽ കൃഷി
Share your comments