നീർവാർച്ചയുള്ള ഏതുതരം മണ്ണിലും കാച്ചിൽ കൃഷി ചെയ്യാമെങ്കിലും വളക്കൂറും ഇളക്കമുള്ള മണ്ണാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നത്. മണ്ണിൻറെ വളക്കൂറ് അനുസരിച്ച് വിളവും കൂടും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുകുളങ്ങൾ ഉള്ള കിഴങ്ങ് കഷ്ണങ്ങളാണ് നടേണ്ടത്. ഓരോ കഷ്ണവും 250 മുതൽ 300 ഗ്രാം വരെ തൂക്കം ഉള്ളതായിരിക്കണം. ഇതിനായി കിഴങ്ങിനെ ആദ്യം നീളത്തിലും പിന്നീട് കുറുകയും മുറിച്ചെടുക്കണം. ഇവയെ ചാണകവെള്ളത്തിൽ മുക്കി എടുത്തശേഷം തണലിൽ സൂക്ഷിക്കാം. ഹെക്ടറൊന്നിന് രണ്ടര മുതൽ മൂന്ന് ടൺ വരെ നടീൽവസ്തു ആവശ്യമായിവരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കാച്ചിൽ ഒരു അത്ഭുത മരുന്ന് !
മികച്ച വിളവ് കിട്ടുവാൻ എന്തൊക്കെ ചെയ്യണം
സാധാരണഗതിയിൽ കാച്ചിൽ നടേണ്ട സമയം മാർച്ച് -ഏപ്രിൽ മാസങ്ങൾ ആണ്.കാലവർഷത്തിന് മുൻപുള്ള മുൻപുള്ള ആദ്യ മഴയോടെ ഇവ മുളച്ചുപൊന്തും. യഥാസമയം നടാൻ കഴിയാതെ പോയാൽ നടുന്നതിനു മുൻപ് തന്നെ മുളപൊട്ടും. ഇങ്ങനെ ഉണ്ടാകുന്നത് ഗുണകരമല്ല. കൃഷി ചെയ്യാനൊരുങ്ങുമ്പോൾ ഒരു മീറ്റർ അകലത്തിൽ 45 സെൻറീമീറ്റർ വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുത്ത് ഒരു കിലോ വീതം കമ്പോസ്റ്റ് മേൽമണ്ണുമായി ചേർത്ത് കുഴിയുടെ മുക്കാൽ ഭാഗത്തോളം നിറയ്ക്കണം.
ബന്ധപ്പെട്ട വാർത്തകൾ: കാച്ചിൽ കൃഷി ചെയ്യാം
വിത്തിനായി തയ്യാറാക്കിയ കിഴങ്ങ് കഷ്ണങ്ങൾ കുഴിയുടെ നടുവിൽ നട്ടശേഷം കുഴിയിൽ നിറയെ പച്ചിലകൾ ഇട്ടു നിറയ്ക്കാം. ഇത് മണ്ണിലെ ഈർപ്പം നിലനിർത്തുവാനും താപനില ക്രമീകരിക്കാനും മികച്ച വഴിയാണ്. പച്ചിലവളം നൽകാനായി പയർ, ചണം തുടങ്ങി പച്ചില ഇനങ്ങളുടെ വിത്ത് മുളപ്പിക്കുന്നത് ആണ് നല്ലത്. കാച്ചിൽ നട്ട് ശേഷം വരുന്ന ആദ്യ മഴയോടൊപ്പം ഹെക്ടറൊന്നിന് 50 കിലോ റോക് ഫോസ്ഫേറ്റ് വളം വിതറിയശേഷം മണ്ണിളക്കി പച്ചില വളങ്ങളുടെ വിത്തു പാകാം. ഒന്നര മാസം കഴിയുമ്പോൾ ഈ ചെടികൾ പൂവിടുന്നതോടെ അവ പിഴുത് കാച്ചിൽ നട്ട് കുഴികളിൽ ഇട്ട് മൂടാം. ഇതോടൊപ്പം നാല് കിലോ കാലിവളം അല്ലെങ്കിൽ രണ്ട് കിലോ കോഴിവളം വെർമി കമ്പോസ്റ്റ്, ചകിരിച്ചോർ കമ്പോസ്റ്റ് ഇവയിലേതെങ്കിലും ഒന്നു കൂടി ഓരോ കുഴിയിലും ഇടണം. ചെടികൾ വളർത്താൻ കഴിയാത്ത സാഹചര്യം ആണെങ്കിൽ മേൽ പറഞ്ഞ വളത്തിൻറെ തോത് ഒന്നര ഇരട്ടി ആക്കി ഇടാം. പടർന്നു വളരുന്ന ഇനം ആയതുകൊണ്ട് പന്തൽ ഒരുക്കുവാൻ സൗകര്യമൊരുക്കണം.
പൈപ്പ് അല്ലെങ്കിൽ ബലമുള്ള കമ്പുകൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്താം. സാധാരണഗതിയിൽ കീടരോഗ ബാധകൾ ഇവയെ ബാധിക്കാറില്ല. നട്ട് ഏകദേശം ഒൻപത് മാസത്തിനുള്ളിൽ വിളവെടുപ്പിന് കാച്ചിൽ പാകമാകും. വൃശ്ചിക മാസത്തിലെ കാർത്തിക വിളക്ക് ആഘോഷത്തോടൊപ്പം ഇത് വിളവെടുക്കുന്നത് ആണ് സാധാരണ കേരളത്തിൽ കർഷകർ ചെയ്യുന്ന കൃഷി രീതി.
ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുവർഗ്ഗവിളകളിൽ പോഷക സമൃദ്ധമായ വിള - കാച്ചിൽ
Share your comments