നെൽ കൃഷിയിൽ കൂടുതൽ നഷ്ടത്തിനും ഇടയാക്കുന്ന ഒന്നാണ് വരിനെല്ല്. ഇത് നെല്ലിന്റെ വിളവ് ഗണ്യമായി കുറയ്ക്കുന്നു. നെല്ല് കൃഷി ചെയ്യുമ്പോൾ നെല്ലിനൊപ്പം വളരുന്ന വരിനെല്ല് തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. നെല്ലിനൊപ്പം വളരുന്ന ഇവ ഒരു ഘട്ടം കഴിയുമ്പോൾ നെല്ലിനേക്കാൾ ഉയരത്തിൽ വളരുന്നു. പിന്നീട് നെല്ല് കതിരിടും മുൻപ് തന്നെ കതിർ ഇടുകയും ചെയ്യുന്നു. ഇതിനെ നിയന്ത്രിക്കാൻ നിരവധി വഴികൾ മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ശുപാർശ ചെയ്യുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ നെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation in Kerala -A to Z ) Part-1
നിയന്ത്രണ വിധികൾ
1. നിലം ഒരുക്കിയ ശേഷം നെൽവിത്ത് വിതയ്ക്കാതെ മണ്ണിൻറെ ഉപരിതലത്തിലുള്ള വരിനെല്ലിന്റെ വിത്തുകൾ മുളയ്ക്കാൻ അനുവദിക്കുക. പാടത്ത് ഇതിൻറെ വിത്തുകൾ മുളച്ചു രണ്ടാഴ്ചയ്ക്കുശേഷം ഈ ചെടികളെ പാടത്തുനിന്ന് മുഴുവൻ ഉഴുത് മാറ്റുക. അല്ലെങ്കിൽ ഗ്ലൈഫോസേറ്റ് 8 മില്ലി ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലർത്തി തളിച്ചു കൊടുത്താൽ മതി. അഞ്ചുദിവസം കഴിയുമ്പോൾ കളനാശിനി തളിച്ചത് മൂലം മഞ്ഞ നിറമായി വരുന്ന ചെടികളെ പാടത്ത് നിന്ന് വെള്ളം കയറ്റി ഉഴുത് ചേർക്കുന്നതും നല്ലതാണ്. അതിനു ശേഷം പത്ത് ദിവസം കഴിഞ്ഞ് വെള്ളം വാർന്നു കഴിഞ്ഞു മുളപ്പിച്ച നെൽവിത്ത് പാടത്ത് നേരിട്ട് വിതയ്ക്കാം
2. കളനാശിനി ഉപയോഗിച്ചും പൂർണമായും വരിനെല്ല് ആക്രമണം ഇല്ലാതാക്കാം. ഇതിനുവേണ്ടി ഓക്സിഫ്ലൂളർഫൈൻ എന്ന കളനാശിനി ഉപയോഗപ്പെടുത്താം. ഇത് ചെറിയ അളവിൽ മണലിൽ കലർത്തി പാടത്ത് വിതറി കൊടുത്താൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: നാടൻ നെൽ വിത്തുകൾ അർബുദത്തെ ചെറുക്കും
3. സാധാരണ നെല്ലിനെ അപേക്ഷിച്ച് വരിനെല്ല് ഏകദേശം 15 മുതൽ 30 സെൻറീമീറ്റർ ഉയരം കൈവരിക്കുകയും 15 ദിവസം മുൻപ് കതിർ ഇടുകയും ചെയ്യുന്നു. ഇത് പ്രയോജനപ്പെടുത്തി കളനാശിനി നേരിട്ട് ഇതിൽ തളിക്കാവുന്നതാണ്. ഇതിനു വേണ്ടി കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത കെ എ യു വീഡ് വൈപ്പർ ഉപയോഗിച്ച് ഗ്ലൈഫോസേറ്റ് 100 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി വരിനെല്ലിന്റെ കതിരിൽ നേരിട്ട് പുരട്ടി കൊടുക്കുക. ഈ കളനാശിനി നെല്ലിൻറെ ഓലയിൽ പുരളാതെ ശ്രദ്ധിക്കുക അഞ്ചു ദിവസം കഴിയുമ്പോൾ വരിനെല്ല് കതിരുകൾ നശിക്കും. കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ ഈ രീതി കൂടുതൽ നല്ലതാണ്. ഇതുകൂടാതെ കാൽസ്യം പൊറോക്സൈഡ് നെൽവിത്തുമായി 1:5 അനുപാതത്തിൽ കലർത്തുക ഇതിനുവേണ്ടി ആദ്യം നെൽവിത്ത് എടുത്ത് പോളി വിനൈൽ ആസിഡ് തളിക്കുക. ഇത് ഒരു പശ പോലെ പ്രവർത്തിക്കുന്നു. മൂന്ന് പ്രാവശ്യം ഡ്രം തിരിച്ചു പശ നെല്ലിൽ പിടിപ്പിക്കുക. നല്ലവണ്ണം പുരട്ടി കിട്ടുവാൻ പലതവണകളായി ഇങ്ങനെ ചെയ്യണം. ഇങ്ങനെ പോറോക്സൈഡ് പുരട്ടിയ വിത്ത് ഒരു ദിവസം തണലിട്ട് ഉണക്കണം.
ഇവ ഈർപ്പരഹിതമായ അവസ്ഥയിൽ പോളിത്തീൻ ബാഗുകളിൽ ഒരു മാസം വരെ സൂക്ഷിക്കാം. അതിനുശേഷം 15 സെൻറീമീറ്റർ വെള്ളം പാടത്ത് കെട്ടി നിർത്തണം. ഈ വെള്ളം 12 ദിവസത്തേക്ക് പാടത്ത് നിലനിർത്തണം. അതിനു ശേഷം മാത്രം വിത നടത്തുക. സാധാരണ വിതയെക്കാൾ 30 ശതമാനം കൂടുതൽ മുളയ്ക്കൽ രീതി ഇവിടെ ഉറപ്പാക്കുന്നു. കൂടാതെ വരിനെല്ല് 80% മുളക്കാതെ ഇരിക്കുകയും ചെയ്യുന്നു. പുൽ വർഗ്ഗങ്ങളുടെ ശല്യം ഉണ്ടാവുകയുമില്ല.
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: നെല്‍ക്കൃഷി തന്ന വാക്കുകള്‍
Share your comments