തെങ്ങ് കൃഷിക്ക് ഒരുങ്ങുമ്പോൾ മികച്ച തൈ കണ്ടെത്തുകയാണ് ആദ്യ പടി. വെള്ളത്തിലിട്ടാൽ ഞെട്ടുഭാഗം മുകളിലായി പൊങ്ങിക്കിടക്കുന്ന തേങ്ങ് പാകുന്ന പക്ഷം വേഗം മുളച്ചു വരുന്നതാണ്.
വിത്തുതേങ്ങ ഒരാഴ്‌ചയോളം വെള്ളത്തിൽ കുതിർത്തത്തിനുശേഷം പാകിയാൽ വേഗത്തിൽ മുളച്ചുവരും.
ജനുവരി മാസം മുതൽ മേയ് മാസം വരെയുള്ള കാലമാണ് വിത്തു തേങ്ങ ശേഖരിക്കാൻ ഏറ്റവും പറ്റിയത്. സങ്കരയിനം തെങ്ങുകൾ ഒരിക്കലും മാതൃവൃക്ഷമായി എടുക്കരുത്.
രോഗബാധയില്ലാത്തതും എല്ലാ വർഷവും കായ്ക്കുന്നതും ലക്ഷണമൊത്തതുമായ നാടൻ തെങ്ങിന്റെ വിത്തു വേണം നടാൻ. ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഒരു മീറ്റർ വീതം നീളം വീതി ആഴം ഉള്ള കുഴികൾ എടുത്ത് കുഴിയുടെ പകുതിയോളം മേൽമണ്ണും ചാണകപ്പൊടിയും നിറച്ചതിനു ശേഷം നട്ട്, വളരാനാവശ്യമായ വളവും വെള്ളവും സൂര്യപ്രകാശവുമൊക്കെ നൽകിയാൽ നെടിയ ഇനങ്ങൾ അഞ്ചാം വർഷവും കുറിയ ഇനങ്ങൾ മൂന്നാം വർഷവും കായ്ച്ച് തുടങ്ങും.
തൈ നടുമ്പോൾ കുഴിയുടെ പകുതി ഭാഗം ഉണങ്ങിയ കാലിവളം, ചാരം, മണൽ തുടങ്ങിയവ ലഭ്യത അനുസരിച്ച് മേൽമണ്ണുമായി കലർത്തി മൂടേണ്ടതാണ്. നട്ടതിനു ശേഷം തൈയുടെ ചുവട്ടിൽ വെള്ളം കെട്ടിനിന്ന് തൈ അഴുകി പോകാതിരിക്കാൻ ചുറ്റിലുമുള്ള മണ്ണ് ഒരു കോണിന്റെ ആകൃതിയിൽ ചവിട്ടി ഉറപ്പിക്കേണ്ടതാണ്. കൂടാതെ മഴവെള്ളം കുഴിയിൽ ഒലിച്ചിറങ്ങാതിരിക്കാൻ കുഴിയ്ക്ക് ചുറ്റും വരമ്പു പിടിപ്പിക്കേണ്ടതാണ്.
തൈ വച്ചതിനുശേഷം മഴ ശരിക്കു ലഭിക്കുന്നില്ലെങ്കിൽ നനച്ചു കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
തെങ്ങിൻ തൈ മുളപ്പിക്കുവാനുള്ള വാരത്തിൽ ഒപ്പം മുളകിന്റെ തൈ കൂടെ നടുക. കളശല്യം ഒഴിവായി കിട്ടാൻ നല്ലതാണ്. അതുപോലെ, തെങ്ങിൻ തൈ നടുന്ന കുഴിയിൽ രണ്ടോ മൂന്നോ കാട്ടുകൂവ കൂടി നട്ടാൽ ചിതൽ ആക്രമണം ഒഴിവാക്കാം. കൊമ്പൻ ചെല്ലി, ചുവന്ന ചെല്ലി ഇവയെ നിയന്ത്രിക്കുവാൻ 25-40 ഗ്രാം ഫ്യുറിഡാൻ തെങ്ങിന്റെ കൂമ്പിലിടുക.
തെങ്ങിൻ തൈകളിലുണ്ടാകുന്ന വെള്ള നിറത്തിലുള്ള കീടങ്ങളെ ചുരണ്ടിക്കളഞ്ഞ്, അവിടെ ചാരവും ഉപ്പും പൊടിയും ചേർത്ത് പുരട്ടുക
Share your comments