പച്ചക്കറികളിലെ കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍
*പുകയിലക്കഷായം:
50 ഗ്രാം പുകയില, 500 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തില്‍ 12ഗ്രാം അലക്കുസോപ്പ് പതയാക്കി ഇളക്കിച്ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.
*മണ്ണെണ്ണ കുഴമ്പ്:
ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍, 50 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് യോജിപ്പിച്ച് നന്നായി ഇളക്കിയിട്ട് 20 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കുക.
*പഴക്കെണി:
വെള്ളരി, പാവല്‍, പടവലം എന്നിവയില്‍ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മൈസൂര്‍ പഴം വട്ടത്തില്‍ മുറിച്ചത് ചിരട്ടയിലിട്ട് വെള്ളം ഒഴിച്ച് അതില്‍ ഏതാനും തരി ഫുഡറാന്‍ ചേര്‍ക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികള്‍ പാവല്‍, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാല്‍ അവിടെ വരുന്ന ധാരാളം കായിച്ചകള്‍ പഴച്ചാര്‍ കുടിച്ച് ചിരട്ടയില്‍ ചത്തുകിടക്കും. തുളസിയില അരച്ചെടുത്ത നീരില്‍ ഫുഡറാന്‍ കലര്‍ത്തിയത് ചിരട്ടകളില്‍ തൂക്കിയിട്ടും കായീച്ചകളെ നശിപ്പിക്കാം.
*കഞ്ഞിവെള്ളം:
പയറിനെ കൂട്ടമായി ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണമുള്ള ഭാഗങ്ങളില്‍ പുരട്ടുക. പച്ചപപ്പായ പലതായി മുറിച്ച് വെള്ളത്തിലിട്ടു വെയ്ക്കുക. ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാല്‍ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാല്‍ പയറിലുള്ള ഇലപ്പേന്‍ ഒഴിവാകും.
*കടലാസ് പൊതിയല്‍:
കായീച്ചയെ ഒഴിവാക്കാന്‍ പാവക്ക, പടവലം തുടങ്ങിയവ കുറച്ചു വലുതായാല്‍ കടലാസുകൊണ്ട് പൊതിയുക. ഇലകളും കായകളും തിന്നുന്ന പുഴുക്കളെ തെരഞ്ഞ്പിടിച്ച് നിലത്തിട്ട് അമര്‍ത്തികൊല്ലുന്നതും നല്ലതാണ്. കുറച്ചു ചെടികള്‍ മാത്രമാണ് ഉള്ളതെങ്കില്‍ മാത്രമേ ഈ രീതി ഫലപ്രദമാകൂ.
കായീച്ചയെ തുരത്താനുള്ള മാര്‍ഗങ്ങള്‍
വെള്ളരി, പാവല്‍, പടവലം, മാവ് തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് കായീച്ച. ചെടി കായ്ക്കാന്‍ തുടങ്ങിയാല്‍ പറന്നെത്തുന്ന കായീച്ചകള്‍ അടുക്കളത്തോട്ടത്തില്‍ വലിയ നാശം വരുത്തിവയ്ക്കും. കായീച്ചയുടെ ശല്യം സഹിക്കാനാവാതെ കൃഷി ഉപേക്ഷിച്ചവരും നിരവധിയാണ്. പെണ്ണീച്ചകള്‍ കായ്കളുടെ തൊലിക്കടിയില്‍ മുട്ടയിടും. 30 മണിക്കൂറിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ കായുടെ മാംസളമായ ഭാഗം തിന്നുകയും കായ്കള്‍ അധികം വയ്കാതെ അഴുകുകയും ചെയ്യും. കായീച്ചയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.
*ചിരട്ട കെണികള്‍:
ചിരട്ട കെണിയാണ് കായീച്ചകളെ നശിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗം. ഒരു പാളയന്‍ കോടന്‍ പഴവും 10 ഗ്രാം ശര്‍ക്കരപ്പൊടിയും കാല്‍ ടീസ്പ്പൂണ്‍ യീസ്റ്റും ഒരു നുള്ള് സെവിനും അല്ലെങ്കില്‍ കാര്‍ബോ സല്‍ഫാന്‍ ചേര്‍ത്ത് കുഴച്ച് 6 തടത്തിന് ഒന്നെന്ന കണക്കില്‍ ചെറിയ ഉറി കെട്ടി ചിരട്ടയില്‍തൂക്കുക. ആഴ്ച്ചതോറും ഈ വിഷം ചേര്‍ത്ത ഭക്ഷണം മാറ്റണം. തുളസിയില ഒരുപിടിയെടുത്ത് ചതച്ച് ഒരു നുള്ള് സെവിനും ചേര്‍ത്ത് ചിരട്ടകെണിയുണ്ടാക്കാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ഒരു നുള്ള് സെവിനും ചേര്‍ത്താലും നല്ലതാണ്.
നിമ വിരകളെ നിയന്ത്രിക്കാം, ജൈവ രീതിയില്‍
കൃഷിക്ക് വലിയ ദോഷമുണ്ടാക്കുന്ന സൂക്ഷ്മ കീടങ്ങളാണ് നിമ വിരകള്‍. തെങ്ങിനെ മുതല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക് വരെ നിമ വിരകള്‍ പ്രശ്‌നമുണ്ടാക്കുന്നു. ഇവയുടെ ആക്രമണം കാരണം പച്ചക്കറി ഉത്പാദനത്തില്‍ 15 ശതമാനം വരെ നഷ്ടമുണ്ടാകുമെന്നാണ് കൃഷി രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കണ്ണു കൊണ്ടു കാണാന്‍ സാധിക്കാത്ത വിധം സൂക്ഷ്മ ജീവികളായ നിമ വിരകളെ നശിപ്പിക്കുക ശ്രമകരമാണ്. ഇവയെ നശിപ്പിക്കാനുള്ള ജൈവമാര്‍ഗങ്ങളാണ് നോക്കൂ.
*വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം:
ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം ബാര്‍ സോപ്പ് ലയിപ്പിക്കുക. 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്ത് ഇതില്‍ ചേര്‍ക്കുക. 20 മില്ലി വേപ്പെണ്ണയും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പച്ചക്കറി വിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരേ തളിക്കാം.
*വേപ്പിന്‍ കഷായം:
100 ഗ്രാം വേപ്പില അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ചശേഷം ചെടികളില്‍ തളിച്ചു കൊടുക്കാം. വെണ്ട, വഴുതന തുടങ്ങിയ വിളകള്‍ നടുന്നതിന് ഒരാഴ്ച മുന്‍പ് തുടങ്ങി വേപ്പില ചേര്‍ത്ത വെള്ളമൊഴിച്ചു കൊടുക്കുന്നത് നിമാവിരകളെ ഒരു പരിധിവരെ നിയന്ത്രിക്കും.
*പുകയിലക്കഷായം :
പുകയില-250 ഗ്രാം, ബാര്‍ സോപ്പ്- 60 ഗ്രാം, വെള്ളം- രണ്ടേകാല്‍ ലിറ്റര്‍ എന്നിവ ഉപയോഗിച്ച് പുകയിലക്കഷായം തയാറാക്കാം. പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിനുശേഷം പുകയിലക്കഷ്ണങ്ങള്‍ പിഴിഞ്ഞ് ചണ്ടിമാറ്റുക. ബാര്‍ സോപ്പ് ചെറിയ കഷ്ണങ്ങളാക്കി കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പ് ലായിനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായിനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മൂഞ്ഞ, മീലിമൂട്ട, ശല്‍ക്കകീടം തുടങ്ങി ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കാന്‍ ഇത് ഉപയോഗിക്കാം.
*ഗോമൂത്രം-കാന്താരിമുളക് മിശ്രിതം :
ഒരുപിടി കാന്താരി മുളകരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെറിയ കീടങ്ങള്‍ക്കെതിരേ ഉപയോഗിക്കാം.
*വെളുത്തുള്ളി-മുളക് സത്ത് :
വെളുത്തുള്ളി- 50 ഗ്രാം, പച്ചമുളക്- 25 ഗ്രാം, ഇഞ്ചി- 50 ഗ്രാം എന്നിവയാണ് ഈ കീടനാശിനി നിര്‍മിക്കാന്‍ ആവശ്യമായ സാധനങ്ങള്‍. വെളുത്തുള്ളി 100 മി. ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. പിറ്റേ ദിവസം ഈ വെളുത്തുള്ളി തൊലി കളഞ്ഞത് അരച്ച് പേസ്റ്റാക്കുക. ഇതേ പോലെ മുളക് 50 മി.ലിറ്റര്‍ വെള്ളത്തിലും ഇഞ്ചി 100 മി.ലിറ്റര്‍ വെള്ളത്തിലും അരച്ചു പേസ്റ്റാക്കി മൂന്നും കൂടി മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തിളക്കി അരിച്ചു തളിക്കുക. ഇത് തണ്ടുതുരപ്പന്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.
*വേപ്പിന്‍കുരു സത്ത്:
50 ഗ്രാം വേപ്പിന്‍കുരു, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് ഈ ജൈവകീടനാശിനി തയാറാക്കാന്‍ ആവശ്യം. മുപ്പെത്തിയ വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനു ശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക. ഇളം തവിട്ട് നിറത്തില്‍ സത്ത് വരുന്നതുവരെ ഇങ്ങനെ കിഴി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുക്കുക. ഈ ലായിനി നേരിട്ട് തളിക്കാം.
*പപ്പായ ഇല സത്ത്:
100 മി. ലിറ്റര്‍ വെള്ളത്തില്‍ നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ടു വയ്ക്കുക. 50 ഗ്രാമെങ്കിലും പപ്പായ ഇല ഇതിനാവശ്യമാണ്. ഇല അടുത്ത ദിവസം ഞെക്കിപ്പിഴിഞ്ഞ് എടുത്ത സത്ത് മൂന്ന് നാലിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാക്കും.
Share your comments