<
  1. Farm Tips

വീട്ടിൽ പച്ചക്കറി വളർത്താൻ ആഗ്രഹിക്കുന്നവർ അറിയാൻ

ഒരു ചുവട് വെണ്ട , ഒരു മൂട് തക്കാളി അങ്ങനെയെന്തെങ്കിലും ഇല്ലാത്ത ഒരു വീട് പോലും കാണില്ല. പ്രത്യേകിച്ച് നാട്ടുമ്പുറങ്ങളിൽ.

K B Bainda
അടുക്കള  മുറ്റത്തെ പച്ചമുളക് കൃഷി
അടുക്കള മുറ്റത്തെ പച്ചമുളക് കൃഷി

ഒരു ചുവട് വെണ്ട , ഒരു മൂട് തക്കാളി അങ്ങനെയെന്തെങ്കിലും ഇല്ലാത്ത ഒരു വീട് പോലും കാണില്ല. പ്രത്യേകിച്ച് നാട്ടുമ്പുറങ്ങളിൽ. പെട്ടന്ന് വിളകൾ ലഭിക്കുന്ന കുറച്ചു പച്ചക്കറികളെങ്കിലും നമ്മുടെ വീട്ടുവളപ്പിലോ മട്ടുപ്പാവിലോ ഒക്കെയായി, കൃഷിചെയ്താല്‍ ഒട്ടും വാടാത്ത വിഷമില്ലാത്ത ഫ്രഷ് പച്ചക്കറികള്‍ നമുക്ക് വിളവെടുക്കാം.

അങ്ങനെ വിഷമില്ലാത്ത പച്ചക്കറി കഴിക്കാം, ഒപ്പം കുറച്ചു പണം മിച്ചം പിടിക്കുകയും ചെയ്യാം.പച്ചക്കറികളുടെ വളർച്ചാ രീതി, ചിലപൊടിക്കൈകൾ ഒക്കെ മനസ്സിലാക്കി കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാണ് .

ഇതിന് യോജിച്ച സ്ഥലം, വളങ്ങള്‍, സസ്യസംരക്ഷണ മാര്‍ഗങ്ങള്‍, വേനല്‍ക്കാലത്തേക്കും വര്‍ഷകാലത്തേക്കും യോജിച്ച പച്ചക്കറിവിളകള്‍ എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കി വയ്ക്കുക. എങ്കിൽ വര്‍ഷം മുഴുവന്‍ പച്ചക്കറികള്‍ കിട്ടത്തക്കവണ്ണം ഒരു അടുക്കളത്തോട്ടം നമുക്കൊരുക്കാം.

ചുരയ്ക്ക പന്തൽ ഇട്ടു നിർത്തിയത്
ചുരയ്ക്ക പന്തൽ ഇട്ടു നിർത്തിയത്

അതിനായി ആദ്യം സ്ഥലം തെരഞ്ഞെടുക്കുക Select the location first

ഒരംഗത്തിന് അരസെന്റ് സ്ഥലത്തെ വിഭവങ്ങള്‍ എന്ന കണക്കില്‍ അഞ്ചംഗങ്ങളുള്ള വീട്ടിലേക്ക് രണ്ടരസെന്റ് വിസ്തീര്‍ണമുള്ള ഒരു തോട്ടം ഉണ്ടാക്കിയാല്‍ വര്‍ഷംമുഴുവന്‍ കുടുംബത്തിനു വേണ്ട പച്ചക്കറികള്‍ അവിടെനിന്നു തന്നെ കിട്ടും.പിന്നെ ഈ തോട്ടത്തിൽ കെട്ടിനിൽക്കാൻ പാടില്ല. നിരപ്പുള്ള സ്ഥലമെങ്കിൽ കാര്യങ്ങൾ എളുപ്പമായി. വെയിൽ ആണ് കൃഷിക്ക് ഏറ്റവും വേണ്ട ഘടകം. നനയ്കാന്‍ സൌകര്യം വേണം. തോട്ടം വീടിന്റെ തെക്കുഭാഗത്താണെങ്കില്‍ നിഴല്‍വീഴാതെ നല്ല വെട്ടം കിട്ടും.

പച്ചക്കറികളുടെ സീസൺ അറിഞ്ഞു വയ്ക്കുക. Know the season of vegetables.

വർഷകാലം, വേനൽക്കാലം എന്നിങ്ങനെ രണ്ടായി തിരിച്ചാൽ, വര്‍ഷകാലത്ത് വളര്‍ത്താന്‍ യോജിച്ചത് വെണ്ട, പയര്‍, പച്ചമുളക്, വഴുതന, പാവല്‍, പച്ചച്ചീര, മത്തന്‍ എന്നിവയാണ്. മേയില്‍ ഒന്നുരണ്ട് മഴ കിട്ടിക്കഴിഞ്ഞ് നട്ടാല്‍ ഓണക്കാലത്ത് നല്ല വിളവെടുക്കാം. വിഷു കഴിയുമ്പോള്‍തന്നെ തൈകളൊരുക്കാന്‍ തുടങ്ങണം. എന്നാല്‍ ഇവയെല്ലാം ഓണക്കാലത്ത് വിളവെടുക്കാം. അമര, ചതുരപ്പയര്‍ മുതലായവ തോട്ടത്തിന്റെ ചുറ്റുമുള്ള വേലികളില്‍ പടര്‍ത്താം. ഇവ ജൂലൈയോടെ (തിരുവാതിര ഞാറ്റുവേലയില്‍) വിത്തിട്ടാല്‍ മഞ്ഞുകാലമെത്തുമ്പോള്‍ പൂക്കാനും കായ്ക്കാനും തുടങ്ങും. ജനുവരി അവസാനംവരെ വിളവെടുക്കാം.

വര്‍ഷകാല വിളകളുടെ വിളവെടുപ്പുകഴിഞ്ഞാല്‍ അവയെല്ലാം പറിച്ചുമാറ്റി നിലം വൃത്തിയാക്കി രണ്ടാംവിളയ്ക്ക് തയ്യാറാക്കണം. ഒക്ടോബര്‍-നവംബറില്‍ തക്കാളി, കാബേജ്, കോളിഫ്ളവര്‍ മുതലായവ നടാം. ഇവയ്ക്കുപുറമെ പടവലം, വള്ളിപ്പയര്‍, കുമ്പളം, ചുരയ്ക്ക, സലാഡ് വെള്ളരി എന്നിവയും നടാവുന്നതാണ്. ജനുവരി ഫെബ്രുവരിയില്‍ ഇവയുടെ വിളവെടുപ്പിനുശേഷം വേനല്‍ക്കാലവിളകളായ ചീര, കണിവെള്ളരി, തണ്ണിമത്തന്‍, മത്തന്‍, കുമ്പളം, പയര്‍ എന്നിവയെല്ലാം നടാം. ഒരേ പ്ളോട്ടില്‍ തുടര്‍ച്ചയായി ഒരേ വിളതന്നെ നടാതിരിക്കാന്‍ ശ്രദ്ധിക്കണം. അത്യുല്‍പ്പാദനശേഷിയും രോഗപ്രതിരോധശേഷിയുമുള്ള പച്ചക്കറിയിനങ്ങള്‍ തെരഞ്ഞെടുക്കണം. കേരള കാര്‍ഷിക സര്‍വകലാശാല ഇത്തരം പല പച്ചക്കറിയിനങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ടെറസ്സ് ഗ്രോ ബാഗ് കൃഷി
ടെറസ്സ് ഗ്രോ ബാഗ് കൃഷി

തൈകള്‍ തയ്യാറാക്കാം Seedlings can be prepared.

നന്നായി മൂത്ത് പാകമായ വിളകളിൽ നിന്നുള്ള വിത്ത് കിട്ടിയാൽ ശേഖരിച്ചു വയ്ക്കുക. വിത്ത് നേരിട്ടു പാകി അവ മുളയ്ക്കുമ്പോൾ ആ തൈകള്‍ പറിച്ചുനട്ടും പച്ചക്കറിക്കൃഷി ചെയ്യാം. തക്കാളി, വഴുതന, മുളക്, കാബേജ്, കോളിഫ്ളവര്‍ എന്നിവയെല്ലാം തൈ പറിച്ചുനട്ട് കൃഷിചെയ്യുന്നവയാണ്. ചീര നേരിട്ട് വിത്തുപാകിയും തൈ പറിച്ചുനട്ടും കൃഷിചെയ്യാം. വെണ്ട, പയര്‍, മത്തന്‍, കുമ്പളം എന്നിവയൊക്കെ നേരിട്ട് വിത്തുപാകുന്നവയാണ്. എന്നാല്‍ ഈ അടുത്തകാലത്ത് പ്രോട്രേകളില്‍ വിത്തുമുളപ്പിച്ച് പ്രധാന കൃഷിയിടങ്ങളിലേക്ക് തൈ മാറ്റുന്ന രീതി സ്വീകരിച്ചു വരുന്നുണ്ട്. ബീറ്റ്റൂട്ടും, കാരറ്റും നേരിട്ട് വിത്തുപാകി കിളിര്‍പ്പിക്കണം.

തൈകൾ നടുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ Things to remember when planting seedlings

തൈകള്‍ തവാരണകളിലോ, ചട്ടികളിലോ, പ്രോട്രേകളിലോ പഴയ പ്ളാസ്റ്റിക് ബേസിനുകളിലോ മുളപ്പിച്ചെടുക്കാം. മണല്‍, മണ്ണ്, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തില്‍ ചേര്‍ത്ത പോട്ടിങ് മിശ്രിതമാണ് ചട്ടികളും മറ്റും നിറയ്ക്കുന്നത്. മണലിനു പകരം വെര്‍മികബോസ്റ്റോ, ചികിരിച്ചോറോ ഉപയോഗിക്കാം. ഇതിനു ശേഷം വിത്തു പാകാം. പൂപ്പാട്ടകൊണ്ട് രണ്ടുനേരവും നനയ്ക്കണം. എന്നാല്‍ വെള്ളക്കെട്ടുണ്ടാകാന്‍ പാടില്ല. അധികമുള്ള ജലം വാര്‍ന്നുപോകാന്‍ സുഷിരങ്ങളിടണം. ഉറുമ്പിന്റെ ശല്യം കുറയ്ക്കാനായി റവ, അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി വിതറുകയോ, മെറ്ററൈസിയം എന്ന ജൈവ കീടനാശിനി ഉപയോഗിക്കുകയോ ചെയ്യാം. ആഴ്ചയിലൊരിക്കല്‍ സ്യൂഡോമോണസ് (10 ഗ്രാം/ലിറ്റര്‍ വെള്ളം) ലായനി ഒഴിച്ചുകൊടുത്താല്‍ തൈകള്‍ കരുത്തോടെ വളരും. ഏകദേശം ഒരുമാസമായ തൈകള്‍ പറിച്ചുനടാം. പറിച്ചുനടാറാകുമ്പോള്‍ നനയ്ക്കല്‍ ക്രമേണ കുറച്ചുകൊണ്ടുവരണം. രാവിലെയോ, വൈകിട്ടോ നടുന്നതാണ് നല്ലത്. നല്ല വെയിലുള്ളപ്പോൾ തൈകള്‍ക്ക് ഒരാഴ്ചയോളം തണല്‍ കൊടുക്കാനായി ഓലയോ മറ്റോ കൊണ്ട് തണലുണ്ടാക്കി കൊടുക്കണം.

കൃഷിക്ക് മുൻപ് നിലം ഒരുക്കണം. The land should be prepared before cultivation.

കൃഷി തുടങ്ങുന്നതിനുമുമ്പ് കൃഷിക്കാവശ്യമായ ചെറിയ തൂമ്പ, ചെറിയ മണ്‍വെട്ടി, ഇഞ്ചി ത്തൂമ്പാ പോലുള്ള ചെറിയ ഉപകരണങ്ങൾ, സ്പ്രേയറുകള്‍ മണ്ണ് മാന്തി അല്ലെങ്കിൽ ചവർ വരണ്ടി ഒക്കെ കരുതിയാൽ എളുപ്പമാകും. . നിലം നന്നായി കിളച്ചിളക്കി നിര്‍ദിഷ്ട അകലത്തില്‍ കുഴികളോ, തടങ്ങളോ, ചാലുകളോ, വരമ്പുകളോ എടുക്കണം. വര്‍ഷകാലത്ത്, വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ തടങ്ങളും വരമ്പുകളുമാണ് എടുക്കേണ്ടത്. നിലം കിളച്ചൊരുക്കുമ്പോള്‍തന്നെ ഒരുസെന്റ് സ്ഥലത്ത് രണ്ടുകി.ഗ്രാം എന്ന തോതില്‍ കുമ്മായപ്പൊടി വിതറണം. ഒരുസെന്റ് സ്ഥലത്ത് 100 കി.ഗ്രാം ഉണങ്ങിയ ചാണകവും, 10 കി.ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഒരുകി.ഗ്രാം ട്രൈക്കോഡര്‍മയും, 800 ഗ്രാം അസോഫോസും ചേര്‍ത്ത മിശ്രിതം രണ്ടാഴ്ചക്കാലം കടലാസിട്ട് മൂടിയിടണം. ദിവസേന കുറച്ചു വെള്ളം തളിക്കണം. ഇതിനുശേഷം ഈ മിശ്രിതം ചാലുകളിലോ കുഴികളിലോ ഇട്ട് മണ്ണുമായി ഇളക്കണം. പിന്നീട് വിത്തുപാകുകയോ, തൈ നടുകയോ ചെയ്യാം.

 

English Summary: To know those who want to grow vegetables at home

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds