ചായ ഉണ്ടാക്കിയ ശേഷമുളള തേയിലപ്പൊടിയുടെ അവശിഷ്ടം ചിലരെങ്കിലും റോസാച്ചെടിയ്ക്കും മറ്റുമിടാനായി നീക്കിവയ്ക്കാറുണ്ട്. എന്നാല്‍ ടീ ബാഗുകളുടെ സ്ഥിതി ഇതല്ല. ടീ ബാഗുകള്‍ ഉപയോഗശേഷം നമ്മള്‍ വെറുതെ വലിച്ചെറിയുകയാണ് പതിവ്. എന്നാല്‍ ഇനിയങ്ങനെ ചെയ്യേണ്ട. ഈ ടീ ബാഗുകള്‍ ജൈവവളമാക്കി നമ്മുടെ തോട്ടത്തിലെ ചെടികള്‍ക്ക് ഉപയോഗിക്കാം.
നമ്മള്‍ ഉപയോഗിച്ചുകഴിഞ്ഞ ടീ ബാഗ് പൂര്‍ണ്ണമായോ അല്ലെങ്കില്‍ അതിനുളളിലുളള ചായപ്പൊടിയോ വളമുണ്ടാക്കായി ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ടീ ബാഗ് നല്ല വൃത്തിയുളള പാത്രത്തിലോ മറ്റോ ശേഖരിച്ചുവയ്ക്കാം. മികച്ച വളമാക്കി മാറ്റാന്‍ കഴിയുന്നതാണ് ടീ ബാഗുകള്‍. ഇവയും കമ്പോസ്റ്റായി മാറും. ഈര്‍പ്പം ശേഖരിക്കാന്‍ കഴിവുളള ഈ ബാഗുകള്‍ കമ്പോസ്റ്റ് നിര്‍മ്മാണം വേഗത്തിലാക്കും.
എന്നാല്‍ ചില പ്രത്യേകതരം ടീ ബാഗുകള്‍ കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ പാടില്ല. പഞ്ചസാരയും ക്രീമുകളുമൊന്നും ചേര്‍ന്ന ടീ ബാഗുകള്‍ ഇതിനായി പ്രയോജനപ്പെടുത്താനാവില്ല. അതുപോലെ പോളിപ്രൊപ്പിലിന്‍ ഉപയോഗിച്ചുളള ടീ ബാഗുകളും കമ്പോസ്റ്റ് നിര്‍മ്മാണത്തിന് യോജിച്ചതല്ല. പോളിപ്രൊപ്പിലീന്‍ അടങ്ങിയവ മണ്ണില്‍ അഴുകിച്ചേരാന്‍ ബുദ്ധിമുട്ടായിരിക്കും. ഇത്തരം ടീ ബാഗുകളില്‍ നിന്നും തേയിലയുടെ അവശിഷ്ടം മാത്രം പുറത്തേക്ക് മാറ്റിയശേഷം ഉപയോഗിക്കാം. പേപ്പര്‍, സില്‍ക്ക്, മസ്ലിന്‍ എന്നിവ കൊണ്ടുളള ടീ ബാഗുകള്‍ കമ്പോസ്റ്റ് നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്താം.
ഗ്രീന്‍ ടീ ബാഗ്, ഹെര്‍ബല്‍ ടീ ബാഗ്, ഐസ്ഡ് ടീ ബാഗ് ഇവ ചെടികള്‍ക്കായി നമുക്ക് പ്രയോജനപ്പെടുത്താം. ബ്ലാക്ക് ടീ, വൈറ്റ് ടീ, ഗ്രീന്‍ ടീ എന്നിവയില്‍ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ ആസിഡ് അംശമുളള മണ്ണില്‍ വളരുന്ന ചില പ്രത്യേക ചെടികള്‍ക്കുളള വളമായി നമുക്ക് പ്രയോജനപ്പെടുത്താം. ടീ ബാഗുകള്‍ ഒരു രാത്രി മുഴുവന്‍ വെളളത്തില്‍ കുതിര്‍ത്ത് വയ്ക്കണം. ഈ വെളളം ഫേണ്‍, ഹൈഡ്രേഞ്ചിയ എന്നീ ചെടികള്‍ക്ക് ഒഴിച്ചുനല്‍കാം.
തേയിലയുടെ അവശിഷ്ടം നേരിട്ട് ചെടികള്‍ക്ക് ഇട്ടുകൊടുക്കുന്നതും നല്ലതാണ്. പച്ചക്കറികളെക്കാള്‍ പൂന്തോട്ടത്തിലെ ചെടികള്‍ക്കാണ് ഇത് ഗുണം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ റോസാച്ചെടിയ്ക്ക് നല്ല വലിപ്പമുളള ധാരാളം പൂക്കളുണ്ടാകും. എന്നാല്‍ പച്ചക്കറികള്‍ക്ക് തേയിലയുടെ അവശിഷ്ടത്തിനൊപ്പം കുറച്ച് മുട്ടയുടെ തോടും ചാരവും കൂടിച്ചേര്‍ത്ത് വളപ്രയോഗം നടത്തുന്നതാണ് നല്ലത്. ചെടിയുടെ ചുവട്ടില്‍ നിന്ന് ഒരടിയെങ്കിലും മാറി വേണം ഇതിട്ടുകൊടുക്കുന്നത്.
Share your comments