മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട പച്ചക്കറിയാണ് വെണ്ടയ്ക്ക എന്ന് പറയാം. സാമ്പാറിലും തീയലിലും മെഴുക്കുപുരട്ടിയിലുമെല്ലാം രുചി കൂട്ടുന്ന വെണ്ടയ്ക്ക മിക്കയുള്ളവരുടെയും അടുക്കളത്തോട്ടത്തിലെ പ്രധാനി കൂടിയാണ്. നല്ല പരിചരണം നൽകിയാൽ ഏതു കലാവസ്ഥയിലും വളരെ എളുപ്പത്തിൽ കൃഷി ചെയ്യുവാൻ സാധിക്കുന്നുവെന്നതും ഈ വിളയുടെ മറ്റൊരു പ്രത്യേകതയാണ്. വിപണിയിലും ഒന്നാന്തരം വില ലഭിക്കുമെന്നതിനാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കും വെണ്ടയ്ക്ക മികച്ച വിള തന്നെയാണ്.
കാലാവസ്ഥ വെണ്ടയ്ക്ക് വലിയ പ്രശ്നമാകാറില്ല എങ്കിലും, മഴക്കാലത്ത് ഇവയിൽ നിന്നും ലഭിക്കുന്ന വിളവ് താരതമ്യേന കുറവാണ്. എന്നിരുന്നാലും ഫെബ്രുവരി-മാർച്ച്, ജൂൺ-ജൂലൈ, ഒക്ടോബർ-നവംബർ എന്നി മാസങ്ങളാണ് വെണ്ട നടാൻ ഏറ്റവും നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: വെണ്ടയ്ക്ക ഇങ്ങനെ കുടിച്ചിട്ടുണ്ടോ? പതിവാക്കിയാൽ പതിന്മടങ്ങ് ഫലം
മികച്ച വിത്ത് നോക്കി എടുത്ത് കൃഷി ചെയ്താൽ ആദായം നേടാവുന്ന വിളയിൽ ചില പൊടിക്കൈകൾ കൂടി പ്രയോഗിച്ചാൽ വിജയകരമായി നേട്ടമുണ്ടാക്കാനാകും. പല തരത്തിലുള്ള വെണ്ട ഇനങ്ങളുണ്ട്. ഇതിൽ നമുക്ക് ഏറ്റവും അനുയോജ്യമായ മികച്ച ഇനം തന്നെ തെരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. ഇങ്ങനെ നല്ല ഇനം നോക്കി നട്ട ശേഷം വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് വെണ്ടയ്ക്ക് വളം നിർമിക്കാം.
വെണ്ട നല്ലതുപോലെ വളരുവാൻ ഉഴുന്ന് കൊണ്ട് വളമുണ്ടാക്കാം. വീട്ടിൽ കേടായി പോയ ഉഴുന്ന് വെറുതെ കളയാതെ എങ്ങനെ വെണ്ട കൃഷിയിലേക്ക് പരീക്ഷിക്കാമെന്നാണ് ചുവടെ വിവരിക്കുന്നത്. തീർച്ചയായും അടുക്കള തോട്ടത്തിൽ നിന്ന് മികച്ച വിളവ് ലഭിക്കാൻ ഈ പൊടിക്കൈ സഹായിക്കും.
വെണ്ടയ്ക്കക്ക് വളം ഉഴുന്ന്
പാഴായിപ്പോയ ഉഴുന്നോ, ചെറുപയർ, കടല പയർ എന്നിവ വീട്ടിലുണ്ടെങ്കിൽ ഈ കിടിലൻ വളം തയ്യാറാക്കാം. ഇതിനായി ഉഴുന്ന്, പയർ അല്ലെങ്കിൽ കടലയും കുറച്ച് കഞ്ഞിവെള്ളവും മാത്രമാണ് ആവശ്യമുള്ളത്. വളം നൽകുന്നതിന് മുൻപ് കുറച്ച് ചാണകം നൽകുന്നതും നല്ലതാണ്.
ഉഴുന്ന് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇത് മൂന്ന് നാല് ദിവസം കഴിഞ്ഞ് ഈ വെള്ളം ചെടിയ്ക്ക് ഒഴിച്ച് കൊടുക്കാം. ബാക്കി വരുന്ന ഉഴുന്ന് ഒരു പാത്രത്തിലെടുത്ത് അതിലേക്ക് പുളിച്ച കഞ്ഞിവെള്ളം ചേർക്കുക. കഞ്ഞിവെള്ളത്തിന്റെ അതേ അളവിൽ കുറച്ച് പച്ചവെള്ളവും ഒഴിച്ചുകൊടുക്കുക. ഇത് രണ്ട് ദിവസത്തേക്ക് പുളിക്കാനായി മാറ്റി വയ്ക്കുക.
ബന്ധപ്പെട്ട വാർത്തകൾ: നൂറുമേനി വിളവിന് പച്ചക്കറികൾക്ക് നൽകാം അഴുകിയ പച്ചക്കറികൾ കൊണ്ടൊരു നാടൻ വളക്കൂട്ട്
വെണ്ടയുടെ ചുവട്ടിൽ നിന്ന് കുറച്ച് അകലത്തിലായി മണ്ണ് ഇളക്കി മറിച്ച ശേഷം ഇതിലേക്ക് ചാണകം ഇട്ടുകൊടുക്കുക. ശേഷം ഇളക്കി മറിച്ച മണ്ണിന് ചുറ്റും കലക്കി വച്ച ഉഴുന്നിന്റെ ലായനിയും ഒഴിച്ചുകൊടുക്കുക. ശേഷം മണ്ണ് മീതെ ഇളക്കി ഇട്ടുകൊടുക്കുക.
ഇത് വെണ്ടയിൽ നിന്നും മികച്ച വിളവ് ലഭിക്കാൻ സഹായിക്കുന്ന, വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പൊടിക്കൈയാണ്. ഇതിന് പുറമെ, വെണ്ടയിൽ ഉറുമ്പ് ശല്യം കൂടുതലായി കാണപ്പെടുകയാണെങ്കിൽ അതിനും അടുക്കളയിൽ നിന്നുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്താം.
ബന്ധപ്പെട്ട വാർത്തകൾ: വെണ്ട കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണിത്
ഉറുമ്പിനെ തുരത്താനുള്ള എളുപ്പ വഴി അതിന് വെള്ളം നൽകുമ്പോൾ കുറച്ച് ശ്രദ്ധിച്ചാൽ സാധിക്കും. നല്ല ശക്തിയോടോ വെള്ളം ചീറ്റുകയാണെങ്കിൽ വെണ്ടയിലെ ഉറുമ്പ് ശല്യത്തിൽ നിന്ന് വിടുതൽ ലഭിക്കും. കൂടാതെ, വെണ്ട അൽപം നനച്ച് കൊടുത്ത ശേഷം മഞ്ഞൾപ്പൊടി ചേർത്തുകൊടുത്താലും ഉറുമ്പ് ശല്യം ഒഴിവാക്കാം.
Share your comments