ചെടികള്‍ വളരുന്നതിനും പുഷ്പിക്കുന്നതിനും വേണ്ട മൂലകമാണ് ഫോസ്ഫറസ്. മണ്ണില്‍ ഫോസ്ഫറസിന്റെ രൂപത്തില്‍ കാണപ്പെടുന്ന മൂലകത്തിന്റെ വളരെകുറച്ചു ഭാഗം മാത്രമാണ് ചെടികള്‍ക്കു ലഭ്യമാകുന്നത്. മണ്ണില്‍ സുലഭമായ ഫോസ്ഫറസിനെ ലയിപ്പിച്ച് വിളകള്‍ക്ക് ധാരാളമായി ലഭ്യമാക്കുന്ന സൂക്ഷ്മാണുവളമാണ് വാം.
വെസിക്കുലര്‍ അര്‍ബസ്‌ക്കുലര്‍ മൈക്കോറൈസ് എന്നാണ് ഈ മിത്രകുമിളിന്റെ മുഴുവന്‍ പേര്. ചെടികളുടെ വേരുകളില്‍ ജീവിക്കുന്ന കുമിള്‍ എന്നാണ് മൈക്കോറൈസ് എന്ന ഗ്രീക്കു പദത്തിന്റെ അര്‍ത്ഥം.
ടിഷ്യുകള്‍ച്ചര്‍ തൈകള്‍, ഗ്രോബാഗിലെ തൈകള്‍ തുടങ്ങിയവ പെട്ടെന്ന് പിടിച്ചുകിട്ടുന്ന തിനും വളരുന്നതിനും വാം പ്രയോഗം സഹായിക്കും. വാം ഉപയോഗം മിക്ക വിളകളുടെയും ഉല്‍പാദനം 10 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. മരച്ചീനിയുടെ ഉല്‍പാദം 20 ശതമാനത്തോളം കൂട്ടും. വാം ജീവാണുവളമായി ഉപയോഗിച്ചാല്‍ രാസവളങ്ങളുടെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കാം.
മരച്ചീനിക്കു പുറമെ നെല്ല്, വഴുതന, പാവല്‍, പടവലം തുടങ്ങിയ വെള്ളരിവര്‍ഗ വിളകള്‍, കുരുമുളക്, ഇഞ്ചി, പൈനാപ്പിള്‍, വാഴ, മാവ്, നിലക്കടല, തേയില, ജാതി, കാപ്പി, കാപ്‌സി ക്കം, കാരറ്റ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയ വിളകള്‍ക്കെല്ലാം വാം ഉപയോഗിക്കാം. ചെടിച്ചട്ടിക ള്‍, ഗ്രോബാഗുകള്‍ തുടങ്ങിയവയില്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ മണ്ണു മിശ്രിതത്തോടൊപ്പം വാം ചേര്‍ത്തുകൊടുക്കാം
വേരിനകത്തും മണ്ണില്‍ വേരുകളോടു ചേര്‍ന്ന ഭാഗത്തും മാത്രമാണ് ഈ കുമിളുകളുടെ അതിജീവനം. നിലനില്‍പിനും വളര്‍ച്ചക്കും ആവശ്യമായ അന്നജം ഈ കുമിള്‍ ആതിഥേയ സസ്യത്തില്‍ നിന്നും സ്വീകരിക്കും. പരസ്പര സഹവര്‍ത്തിത്വത്തിന്റെ ഭാഗമായി പകരം ചെടികളുടെ വളര്‍ച്ചക്കാവശ്യമായ മൂലകങ്ങള്‍ കുമിളുകള്‍ നല്‍കുന്നു. ഫോസ്ഫറസിനു പുറമെ പ്രാഥമിക മൂലകങ്ങളായ നൈട്രജന്‍, പൊട്ടാസ്യം എന്നിവയും മറ്റു മൂലകങ്ങളായ ചെമ്പ്, നാകം, മാംഗനീസ്, മോളിബ്ഡിനം, അലുമിനിയം, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയവയും വാം ചെടികളുടെ വേരുകള്‍ക്ക് ലഭ്യമാക്കുന്നു.
ഗ്ലോമസ് ഫാസിക്കുലേറ്റം, ഗ്ലോമസ് മൈക്രോസ്‌പോറം എന്നിവയാണ് കേരളത്തില്‍ കണ്ടുവരുന്ന വാം ഇനങ്ങള്‍. സ്വാഭാവികമായി കുമിളുകള്‍ മണ്ണില്‍ വളരുന്നു. ആര്‍ബസ്‌ക്കൂള്‍, വെസിക്കൂള്‍ എന്നിവയാണ് കുമിളിന്റെ രണ്ടു ഭാഗങ്ങള്‍. അനുയോജ്യമായ സസ്യം കണ്ടെത്തിയാല്‍ ഈ കുമിള്‍ വേരിനുള്ളില്‍ പ്രവേശിക്കും. ബലൂണ്‍ ആകൃതിയില്‍ രൂപപ്പെടുന്ന വെസിക്കിള്‍സ് വലിച്ചെടുക്കുന്ന പോഷകമൂലകങ്ങള്‍ സംഭരിച്ചുവെയ്ക്കാന്‍ കുമിളിനെ സഹായിക്കും.
Share your comments