മിക്കപ്പോഴും മുറിച്ചു നട്ട നടീൽ വസ്തുവിന്റെ മുളക്കൽ ശതമാനതോത് വേണ്ടത്ര തൃപ്തികരമായിരിക്കില്ല എന്നത് പോരായ്മയാണ്.
മാതൃവൃക്ഷത്തിന്റെ അതേ ഗുണം ലഭ്യമാക്കാൻ ചിലതരം സസ്യങ്ങളിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന പ്രവർത്തന രീതിയാണ് കമ്പുകൾക്കും വള്ളികൾക്കും വേര് പിടിപ്പിച്ചു തൈകൾ ഉൽപ്പാദിപ്പിക്കുകയെന്നത്. ഒരേ സമയം ധാരാളം തൈകൾ ഉൽപ്പാദിപ്പിക്കാൻ ഇതുവഴി കഴിയുമെന്നത് ഈ രീതിയുടെ പ്രത്യേകതയാണ്. ഇത്പരിഹരിക്കുന്നതിന് വേര് പിടിക്കാൻ സഹായകരമായ ഒട്ടേറെ രാസ ഹോർമോണുകൾ പൗഡർ രൂപത്തിലും ദ്രവരൂപത്തിലും മാർക്കറ്റുകളിൽ ലഭിക്കുന്നുണ്ട്. കുറഞ്ഞ ചെലവിൽ ആവശ്യാനുസരണം നമുക്ക് തന്നെ തയ്യാറാക്കാൻ കഴിയുന്ന ചില ജൈവ ഹോർമോണുകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
പച്ച ചാണകം, കരിക്കിൻ വെള്ളം
ഒരു ഗ്ലാസ് കരിക്കിൻ വെള്ളത്തിൽ അഞ്ച് ടീ സ്പൂൺ പച്ചചാണകം നന്നായി അലിയിച്ചുചേർത്ത് വെക്കുക. കുറച്ച് നേരത്തിന് ശേഷം തെളിനീർ ഊറ്റിയെടുത്ത് നടുവാനുദ്ദേശിക്കുന്ന വള്ളിയോ കമ്പോ 20-30 മിനുട്ട് മുക്കി വെച്ച ശേഷം നടീലിനായി ഉപയോഗിക്കാം.
മുരിങ്ങയില സത്ത്
ഇരുനൂറ് മില്ലി ശുദ്ധ ജലത്തിൽ അമ്പത് ഗ്രാം മുരിങ്ങയില കുതിർത്ത് വെക്കുക. ഒരു ദിവസം കഴിഞ്ഞ് ഇലകൾ അരച്ചെടുത്ത് നന്നായി പിഴിഞ്ഞ് ജലത്തോടൊപ്പം ചേർത്ത് മുരിങ്ങച്ചാർ തയ്യാറാക്കണം. ഈ ലായനിയിലേക്ക് വേര് പിടിപ്പിക്കാൻ ഉദ്ദേശിക്കുന്ന തണ്ടോ കമ്പോ 20-30 മിനുട്ട് മുക്കി വെച്ച ശേഷം നടീലിനുപയോഗിക്കാം.
തേൻ മിശ്രിതം
ഒരു കപ്പ് വെളളത്തിൽ രണ്ടു ടീ സ്പൂൺ ശുദ്ധമായ തേൻ വെള്ളത്തിൽ ലയിപ്പിച്ചു ചേർത്ത് ഒരു കുപ്പിയിൽ ഒഴിച്ചു അടപ്പ് നന്നായി മുറുക്കി അടക്കണം. കുപ്പി കറുത്ത തുണികൊണ്ട് മൂടി അധികം സൂര്യപ്രകാശമോ ചൂടോ ലഭിക്കാത്തിടത്ത് രണ്ടാഴ്ച സൂക്ഷിച്ചു വെച്ചശേഷം, ഈ ലായനിയിൽ കിളിർപ്പിക്കാനുള്ള തണ്ടോ, കമ്പോ മുക്കി വെച്ച് നടീലിനായി ഉപയോഗിക്കാം. തേൻ നേരിട്ട് കമ്പിലോ തണ്ടിലോ പുരട്ടുന്ന രീതിയും നിലവിലുണ്ട്.
കമ്പുകളോ തണ്ടുകളോ ശേഖരിക്കുന്നത് കടുത്ത വേനലിലായിരിക്കാൻ ശ്രദ്ധിക്കണം . മൂത്ത കമ്പുകൾ ഒരടി നീളത്തിലും ഇളം കമ്പുകൾ അരയടി നീളത്തിലുമാണ് മുറിച്ചെടുക്കേണ്ടത്. മൂത്ത കമ്പിൽ നിന്നും മുഴുവൻ ഇലകളും ഇളം കമ്പിൽ നിന്നും പകുതി ഇലകളും നീക്കം ചെയ്ത് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് നടീൽ ഭാഗം ചെരിച്ച് മുറിച്ചു വേണം ഹോർമോൺ ലായനിയിൽ മുക്കി വെക്കേണ്ടത്. തുടർന്ന് പോർട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ സഞ്ചികളിലേക്ക് മാറ്റി നടാം. പോർട്ടിംഗ് മിശ്രിതത്തിൽ വെർമിക്കുലേറ്റും മൈക്കോക്കറെസയൂം ചേർക്കുന്നത് നല്ലതാണ്. പോളിത്തീൻ സഞ്ചികളുടെ മധ്യഭാഗത്ത് 15 -‐ 20 ചെറു സുഷിരങ്ങൾ ഇടുന്നത് നല്ലതാണ്.
നടീൽ കഴിഞ്ഞ പോളിത്തീൻ സഞ്ചികൾ സൂര്യപ്രകാശമേൽക്കാതെ സംരക്ഷിക്കണം നനവും ആർദ്രതയും ശരിയായ തോതിൽ ലഭിക്കുകയാണെങ്കിൽ പെട്ടന്നു തന്നെ വേര് പിടിക്കും.
Share your comments