മഴക്കാലമായതോടെ കൂടി അലങ്കാരച്ചെടികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങി എല്ലാ വിളകളിലും നീരൂറ്റിക്കുടിക്കുന്ന ചെറു പ്രാണികളുടെ ശല്യം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. പ്രധാനമായും നമ്മുടെ വിളകളിൽ കണ്ടുവരുന്ന നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ പട്ടികയിൽ ഉൾപ്പെടുന്നത് വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, പച്ചത്തുള്ളൻ, മണ്ഡരി, മീലിമൂട്ട തുടങ്ങിയവയാണ്. ഇവ ഇലകളിൽ നിന്ന് നേരിട്ട് നീരൂറ്റി കുടിക്കുന്നു. പിന്നീട് ഇലകളുടെ മാർദ്ദവം നഷ്ടമാവുകയും, ഇലകൾ കരിയുകയും ചെയ്യുന്നു. ഇതോടുകൂടി ചിലസമയം വിളകൾക്ക് പൂർണ്ണമായ നാശം സംഭവിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ : ഉപദ്രവകാരികളായ അടുക്കളത്തോട്ടത്തിലെ കീടങ്ങളെ നിയന്ത്രിക്കുവാൻ വിവിധതരം കെണികളും, ജൈവ ലായനികളും
നമ്മുടെ അടുക്കളത്തോട്ടത്തിലെ പ്രധാന ചെടികളായ തക്കാളി, വഴുതന, മുളക് തുടങ്ങിയവയിലെല്ലാം നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ശല്യം ഇക്കാലയളവിൽ അതീവ ശക്തമാണ്. പ്രാണികളുടെ ശല്യം കൂടാതെ രോഗ സാധ്യതയും മഴക്കാലത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ബാക്ടീരിയൽ വാട്ടവും വൈറസ് ബാധയും നമ്മുടെ കൃഷിയിടത്തിൽ സ്ഥിര സാന്നിധ്യവുമാണ്. വൈറസ് രോഗ വാഹികളായ മുഞ്ഞ പയറിലും വെണ്ടയിലും എല്ലാ അലങ്കാര ചെടികളിലും ഇവ കണ്ടുവരുന്നു. ചീര, തുവര, സൂര്യകാന്തി, വൻപയർ, ഉഴുന്ന്, ചെറുപയർ തുടങ്ങിയവയിൽ ജാസിഡ് ആക്രമണമാണ് പ്രധാനമായും മഴ സമയത്ത് കണ്ടുവരുന്നത്. ഇല ചെടികളിൽ ചുവന്ന മണ്ഡരിയുടെ സാന്നിധ്യവും ഇക്കാലയളവിൽ ഉണ്ടാവുന്നു.
എങ്ങനെ നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം
1. മഞ്ഞക്കെണി, തുളസിക്കെണി, നീലകെണി തുടങ്ങിയവ ഉപയോഗപ്പെടുത്തി വെള്ളീച്ച ശല്യം ഒരു പരിധിവരെ കുറയ്ക്കാം.
2. രണ്ടാഴ്ചയിലൊരിക്കൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുന്നത് ഏറ്റവും നല്ല ഉപാധിയാണ്.
3. പ്രാണികളുടെ ശല്യം ഇല്ലാതാക്കാൻ 20 മില്ലി വേപ്പെണ്ണയും 5 ഗ്രാം ബാർസോപ്പും ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് ആഴ്ചതോറും ചെയ്യുന്നതും നല്ലതാണ്.
4. ലെക്കാനിസീലിയം 20 മില്ലിയും 10 മില്ലി ശർക്കര ഉരുക്കിയ ലായനിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് ലായനി ഉണ്ടാക്കി 15 ദിവസം ഇടവിട്ട് സ്പ്രേ ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ : അറിഞ്ഞിരിക്കാം ഈ ജൈവകീടനാശിനികളും ജൈവ കളനാശിനികളും
5. ചെടികൾ നനയ്ക്കുമ്പോൾ ഹോസ് ഉപയോഗിച്ച് വെള്ളം ഇലകളിൽ മാർദവത്തിൽ സ്പ്രേ ചെയ്യുക.
6. രാസ മാർഗ്ഗം അവലംബിക്കുന്ന വ്യക്തികൾ ആണെങ്കിൽ 5 ഗ്രാം SUCKGAN 25 WG 10 ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുക. രാസ കീടനാശിനി ആയതുകൊണ്ടുതന്നെ ദേഹത്ത് വീഴാതെ പ്രത്യേകം ശ്രദ്ധിക്കണം. രാസ മാർഗങ്ങൾ വിളകൾക്കും ഗുണകരമല്ല എന്നതുകൊണ്ട് ജൈവരീതിയിൽ കീടങ്ങളെ നിയന്ത്രിക്കുന്ന രീതി അവലംബിക്കാൻ ശ്രദ്ധിക്കുക.
7. 5 ശതമാനം വീര്യമുള്ള വേപ്പിൻകുരു സത്ത് ഉപയോഗിക്കുകയും ചെയ്യാം. 50 ഗ്രാം വേപ്പിൻ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റർ വെള്ളത്തിൽ ഒരു രാത്രി ഇട്ടു കുതിർക്കുക. പിറ്റേന്ന് അത് തവിട്ടു നിറം മാറുന്നത് വരെ ഈ വെള്ളത്തിൽ മുക്കി വീണ്ടും വീണ്ടും പിഴിഞ്ഞെടുത്തു രണ്ടാഴ്ച കൂടുമ്പോൾ സ്പ്രേ ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ : ടെറസ്സ് കൃഷിയിൽ കാണുന്ന കീടങ്ങളും അവയുടെ നിയന്ത്രണവും
Share your comments