മുയൽ വളർത്തൽ ഏറെ ലാഭകരമായ ഒന്നാണ്. കുറഞ്ഞ മുതൽമുടക്ക്, കുറഞ്ഞ സ്ഥലസൗകര്യം, കൊഴുപ്പ് കുറഞ്ഞ ഇറച്ചി, ഉയർന്ന രോഗപ്രതിരോധശേഷി, കുറഞ്ഞ ഗർഭകാലം അങ്ങനെ വിവിധ ഘടകങ്ങൾ മുയൽ വളർത്തൽ എന്ന കൃഷിരീതിക്ക് സ്വീകാര്യത ഏറുവാൻ സഹായകമാകുന്നു. മുയൽ ഇനത്തിൽ ഏറ്റവും പ്രധാനപ്പെട്ടവ ഗ്രേ ജയ്ന്റ്, ന്യൂസിലാൻഡ് വൈറ്റ്, ഡച്ച്, സോവിയറ്റ് ചിഞ്ചില എന്നിവയാണ്.
മുയൽ കൂട് ഒരുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
പ്രധാനമായും നാം ശ്രദ്ധിക്കേണ്ട ഒരു ഘടകം വെള്ളം കെട്ടിനിൽക്കാത്ത ഒരിടം മുയൽ കൂട് നിർമാണത്തിനുവേണ്ടി തെരഞ്ഞെടുക്കണം എന്നതാണ്. മലിനജലം കെട്ടിക്കിടക്കുന്ന ഇടം രോഗബാധകൾക്ക് കാരണമാകുന്നു. ശുചിത്വം ഇവയ്ക്ക് പ്രധാനമാണ്. തണൽ ലഭ്യമാകുന്ന ഇടം വേണം കൂട് ഒരുക്കുവാൻ തെരഞ്ഞെടുക്കേണ്ടത്.
ചൂടു കൂടുതലുള്ള സ്ഥലം ഇവയ്ക്ക് കൂടുതൽ അസുഖങ്ങൾക്ക് കാരണമാകുന്നു. കൃത്യമായ തീറ്റക്രമം പിന്തുടരുവാൻ നാം ശ്രദ്ധ പുലർത്തണം. കൂടുകളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുവാനും, ഇവയുടെ വിസർജ്യവസ്തുക്കൾ താഴേക്ക് പോകാൻ ഉള്ള സംവിധാനം ഒരുക്കുവാനും മറക്കരുത്. ആൺമുയലിനെയും, പെൺ മുയലിനെയും ഒരേ കൂട്ടിൽ വളർത്തരുത്. അഞ്ചു മുയലുകൾക്ക് ഒരു ആൺമുയൽ എന്ന അനുപാതം ആണ് ഏറ്റവും നല്ലത്.
10 അല്ലെങ്കിൽ 12 മാസം പ്രായപൂർത്തിയായ ആൺമുയലിനെ ആറുമുതൽ എട്ടു മാസം പ്രായം പൂർത്തിയായ പെൺ മുയലും ആയി ഇണചേർക്കാം. ഏകദേശം 34 ദിവസം ആണ് ഇവയുടെ ഗർഭകാലയളവ്. ഒരു പ്രസവത്തിൽ അഞ്ചുമുതൽ എട്ടുവരെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നു. ഗർഭ കാലഘട്ടത്തിൽ മുയലിന് പ്രത്യേക കൂട് ഒരുക്കി പരിപാലിക്കണം.
നാലു മുതൽ ആറ് ആഴ്ച വരെ പ്രായമാകുമ്പോൾ കുഞ്ഞുങ്ങളെ തള്ളയിൽ നിന്നും മാറ്റുവാൻ പ്രത്യേകം ശ്രദ്ധിക്കണം. നാലുമുതൽ ആറുവരെ പ്രായമാകുമ്പോൾ ഇറച്ചിക്കായി വിൽപ്പന നടത്താം. വലിയ മുയലുകളെ എടുക്കുമ്പോൾ കഴുത്തിന് പിന്നിലെ അയഞ്ഞ തൊലിയിൽ വലതുകൈകൊണ്ട് പിടിക്കണം. ചെറിയ മുയൽ കുഞ്ഞുങ്ങളെ കയ്യിൽ മാത്രം പിടിക്കുക.
Share your comments