ഏതൊരു സസ്യങ്ങൾക്കും കമ്പോസ്റ്റ് വളം വളർച്ചയ്ക്ക് അത്യാവശ്യമാണ്. ഇങ്ങനെ കമ്പോസ്റ്റ് ആവശ്യമായി വരുമ്പോൾ അഴുകാനായി നിരവധി ഇലകളും ചകിരിച്ചോറും ഭക്ഷ്യാവശിഷ്ടങ്ങളുമൊക്കെ ചേർക്കാറുണ്ടല്ലോ. മണ്ണിരയെയും നിക്ഷേപിക്കും.
എന്നാൽ മണ്ണിരയെ നിക്ഷേപിക്കുമ്പോൾ അവ എല്ലാ അഴുകുന്ന വസ്തുക്കളും കഴിക്കില്ല എന്നറിയുക. ഓരോ ഇനം മണ്ണിരയും കഴിക്കാത്ത ചില വസ്തുക്കളുണ്ട്. അവയെല്ലാം നമുക്കറിയണമെന്നില്ല.
ഓലയും മടലും ഉപയോഗിച്ചുള്ള ജൈവ കമ്പോസ്റ്റുണ്ടാക്കുമ്പോൾ യൂഡ്രിലസ് മണ്ണിരയെ തെരഞ്ഞെടുക്കണം. യൂഡ്രിലസ് മണ്ണിര മറ്റു മണ്ണിരകളേക്കാൾ തെങ്ങിന്റെ ജൈവാശിഷ്ടങ്ങൾ വളമാക്കി മാറ്റാൻ അനുയോജ്യമായവയാണ്. ഇവ ഓലയിലെ ഈർക്കിൽ ഒഴികെ മറ്റെല്ല്ലാം വളമാക്കി മാറ്റുന്നു. യൂഡ്രിലസ്സിന്റെ കൾച്ചർ ഉണ്ടാക്കി 1:1 അനുപാതത്തിൽ ചാണകവും ഇലകൾ കൊണ്ടുള്ള കമ്പോസ്റ്റും ചേർത്ത് ദ്രവിച്ചു കൊണ്ടിരിക്കുന്ന പുല്ലു കൊണ്ട് മൂടിയാൽ അതിൽ ധാരാളം മണ്ണിരകൾ ഉണ്ടാകും.നമ്മുടെ നാട്ടിൽ ലഭ്യമായ യൂഡ്രിലസ്സിന്റെ വകഭേദം ആഫ്രിക്കയിലുള്ള യൂഡ്രിലസ്സ് യൂജെനിയേയിൽ നിന്ന് നിറത്തിലും പ്രവർത്തനത്തിലും വളരെ വ്യത്യസ്തമാണ്.
ഇവിടെ കണ്ടു വരുന്നത് കുറച്ചുകൂടുതൽ ചുമപ്പ് കളറിലുള്ള ഇനമാണ്.ഇവയുടെ പ്രവർത്തനം വേഗത്തിലും സമാധി ദശയിൽ ഇതിനുണ്ടാകുന്ന ആവരണത്തിന് കട്ടി കൂടുതലും കറുപ്പ് നിറവുമാണ്. ചാണകം ഇല്ലെങ്കിലും ഇത്തരം മണ്ണിരകൾ ജൈവ വസ്തുക്കളിൽ പ്രവർത്തിക്കുമെന്നത് ഒരു മെച്ചമായി കണക്കാക്കാം.
മണ്ണിരക്കമ്പോസ്റ്റുണ്ടാക്കുമ്പോൾ ദ്രവിച്ചു കൊണ്ടിരിക്കുന്ന അവശിഷ്ടങ്ങളിൽ അവയുടെ തൂക്കത്തിന്റെ 10%എന്ന കണക്കിൽ ചാണകം ചേർക്കണം. അതിനു ശേഷം രണ്ടാഴ്ചക്കാലം അത് പാകപ്പെടുവാൻ അനുവദിക്കുക. കൂന ഒന്ന് രണ്ടു തവണ ഇളക്കിയിടണം. കൂനയിലെ ചൂട് കുറഞ്ഞുകിട്ടാൻ ഇത് സഹായിക്കും.
പിന്നീട് ഒരു ടൺ വളത്തിന് ഒരു കിലോഗ്രാം എന്ന അളവിൽ മണ്ണിരകളെ വിടണം. കമ്പോസ്റ്റു കൂന, ഉണങ്ങിയ വൈക്കോലോ , പുല്ലോ കൊണ്ട് പുതയിടണം. വെയിലടിക്കാതെ സൂക്ഷിക്കുകയും വേണം. കൂനയിൽ നനവ് നിലനിർത്താൻ ഇടയ്ക്കിടെ നനക്കേണ്ടതാണ്.ഉദ്ദേശം 2-3 മാസത്തിനകം കമ്പോസ്റ്റ് തയ്യാറാകും.
Share your comments