ഏകദേശം 40m ഉയരത്തിലും 80cm വിസ്തൃതിയിലും വളരുന്ന അകില്‍ മരം സാധാരണയായി കാടുകളിലാണ് വളരാറുള്ളത്. ഇന്ന് ഏകദേശം 20 ഇനത്തില്‍പ്പെട്ട ഊദ് മരങ്ങളില്‍ നിന്ന് സുഗന്ധതൈലമായ അഗര്‍ വേര്‍തിരിച്ചെടുക്കുന്നുണ്ട്. ഒരു മരത്തില്‍ നിന്ന് ശരാശരി നാല് കിലോഗ്രാമിനോടടുപ്പിച്ച് വിളവ് ലഭിക്കുന്ന ഈ മരം ഇപ്പോള്‍ കാട് വിട്ട് നാട്ടിലും വളരാന്‍ തുടങ്ങിയിരിക്കുന്നു.
ഒരു പ്രത്യേകതരം ഫംഗസിന്റെ പ്രവര്‍ത്തനത്താലാണ് വിലകൂടിയ സുഗന്ധതൈലമായ അഗര്‍ ഉത്പാദിപ്പിക്കുന്നത്. ഫിയാലോഫോറ പാരസൈറ്റിക്ക (Phialophora parasitica) എന്നാണ് ഈ ഫംഗസിന്റെ പേര്. ഇത് കാരണമുണ്ടാകുന്ന ഒരുതരം രോഗപ്പകര്‍ച്ചയെ ചെറുക്കാനായി ഊദ് മരം ഉത്പാദിപ്പിക്കുന്ന തവിട്ടുനിറത്തിലുള്ള ഒരുതരം പശയാണ് സുഗന്ധമുള്ള തൈലമായി മാറ്റപ്പെടുന്നത്.
ഇനങ്ങളെയും സ്ഥലത്തെയും ശാഖകളെയും വേരുകളുടെ ഉത്ഭവസ്ഥാനത്തെയും പശ ഉണ്ടാകാനായെടുക്കുന്ന സമയത്തെയും വിളവെടുക്കുന്ന രീതികളെയുമെല്ലാം ആശ്രയിച്ച് അഗര്‍ അഥവാ അത്തറിന്റെ ഗുണനിലവാരവും വ്യത്യാസപ്പെടും.
അഗറില്‍ നിന്ന് ആവിയില്‍ വാറ്റിയെടുക്കുന്നതാണ് ഊദ് എന്ന സുഗന്ധതൈലം. മതപരമായ ചടങ്ങുകളിലാണ് ഈ തൈലം ഉപയോഗിക്കാറുള്ളത്. പല തവണകളായി വാറ്റിയെടുക്കുമ്പോള്‍ പല തരത്തിലുള്ള ഗ്രേഡുകളിലുള്ള എണ്ണയായാണ് മാറ്റപ്പെടുന്നത്. നേര്‍പ്പിക്കാത്ത എണ്ണ ചര്‍മത്തില്‍ സുരക്ഷിതമായി ഉപയോഗിക്കാം.
ഔഷധമായും ടോണിക്കായും ദഹനമെളുപ്പമാക്കാനും ശരീരവേദനയില്ലാതാക്കാനും സന്ധിവാത സംബന്ധമായ പ്രശ്‌നങ്ങളില്ലാതാക്കാനുമെല്ലാം ഊദ് തൈലം സഹായിക്കുമെന്നാണ് കണ്ടെത്തല്‍. ഭക്ഷണത്തിന് രുചി തോന്നിപ്പിക്കാനും മനസ് ശാന്തമാക്കി ഉറക്കം ലഭിക്കാനും ഈ ഔഷധഗുണമുള്ള എണ്ണ സഹായിക്കുന്നു.
അഗര്‍ കൂടുതലായി ലഭിക്കുവാന്‍ ധാരാളം മരങ്ങള്‍ നട്ടുവളര്‍ത്തണം. കൃഷി ചെയ്യാനായി വിത്തുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സുഗന്ധതൈലം ഉത്പാദിപ്പിക്കുന്ന ഇനം നോക്കി തെരഞ്ഞെടുക്കണം. വിത്ത് പൂര്‍ണമായി മൂത്ത് പാകമാകുന്ന അവസരത്തില്‍ത്തന്നെ കൃഷിഭൂമി തയ്യാറാക്കാനുള്ള സംവിധാനമൊരുക്കണം. മറ്റ് വിളകളുടെ ഇടവിളയായി കൃഷി ചെയ്യാനും പറ്റുന്ന മരമാണിത്.
കൃത്രിമമായി പ്രത്യേകതരം ഫംഗസിനെ അക്വിലേറിയ മരത്തിന്റെ കലകളിലൂടെ കുത്തിവെച്ച് അഗര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വെള്ളം വേരുകളിലൂടെ മരത്തിന്റെ ശാഖകളിലേക്കും ഇലകളിലേക്കും കടത്തിവിടുന്ന കലകളിലൂടെയാണ് ഫംഗസിനെയും കടത്തിവിടുന്നത്.
കുറച്ച് മാസങ്ങള്‍ കഴിഞ്ഞാല്‍ പശപോലെയുള്ള മരക്കറ മരത്തിന്റെ വേരുകളിലും ശാഖകളിലുമുള്ള മുറിവുകള്‍ക്കു ചുറ്റും രൂപപ്പെടുന്നത് കാണാം. ഫംഗസ് കുത്തിവെച്ച് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഈ പശ ഊറിവരുന്നത്. ഇത് തീയില്‍ ചൂടാക്കിയാല്‍ നല്ല ഗന്ധം ആസ്വദിക്കാം. വിളവെടുക്കുന്ന സമയത്ത് വേരുകളുടെ ഭാഗം കുഴിച്ചെടുത്ത് പശ വേര്‍തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
പലപ്പോഴും മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കാരണം ചെടി നശിച്ചുപോകാറുണ്ട്. കൃഷി ചെയ്യുമ്പോള്‍ വെള്ളം വാര്‍ന്നു പോകുന്ന രീതിയില്‍ ചരിവുള്ള പ്രദേശത്തായിരിക്കുന്നതാണ് ഉചിതം. തൈകള്‍ ഏകദേശം 90cm റോളം വളരുമ്പോഴാണ് പ്രധാന കൃഷിഭൂമിയിലേക്ക് മാറ്റിനടുന്നത്. നടാനുപയോഗിക്കുന്ന മണ്ണ് കട്ടിയുള്ളതാണെങ്കില്‍ ചകിരിച്ചോറ് ചേര്‍ത്ത് മയപ്പെടുത്താം.
പെട്ടെന്ന് ലയിച്ചു ചേരുന്ന സ്വഭാവമുള്ള ട്രിപ്പിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റും ഡൈ അമോണിയം ഫോസ്‌ഫേറ്റും മിതമായ അളവില്‍ മാത്രം നല്‍കാറുണ്ട്. അമിതമായ വളപ്രയോഗം കാരണം തൈകള്‍ നശിച്ചുപോകും. നന്നായി വിളവെടുക്കാനായാൽ ഒരു അകില്‍ മരത്തില്‍ നിന്നും ഒരുലക്ഷം രൂപയോളം വരുമാനം ലഭിക്കും.
Share your comments