<
  1. Organic Farming

വിളവ് ഇരട്ടിക്കാൻ 'ബയോ ക്യാപ്സ്യൂൾ'

കൃഷിശാസ്ത്രത്തിൻറെ നാളിതുവരെയുള്ള ഗവേഷണചരിത്രത്തിൽ തികച്ചും വിപ്ലവാത്മകമെന്നു തന്നെ വിശേഷിപ്പിക്കാവുന്നതാണ് ബയോ ക്യാപ്സ്യൂളുകളുടെ കണ്ടെത്തലും പ്രചരണവും എന്ന് നിസ്സംശയം പറയാം.

Suresh Muthukulam
ബയോ-പിൽ (Bio-pill) / ബയോ ക്യാപ്സ്യൂൾ (Bio capsule)
ബയോ-പിൽ (Bio-pill) / ബയോ ക്യാപ്സ്യൂൾ (Bio capsule)

വെറും ഒരു ഗ്രാം മാത്രം തൂക്കമുള്ള ഒരു കുഞ്ഞൻ ക്യാപ്സ്യൂൾ മതി ഇനി വിളകളുടെ വിളവ് ഇരട്ടിപ്പിക്കാൻ. ക്യാപ്സ്യൂൾ ഇത്തിരിക്കുഞ്ഞൻ എങ്കിലും ഉള്ളിലിരിപ്പ് ആരെയും അമ്പരപ്പിക്കും. ഏതാണ്ട് ഒരു കിലോ ജൈവവളത്തിനും ഒരു ലിറ്റർ ജൈവമിശ്രിതത്തിനും തത്തുല്യമായ സൂക്ഷ്മാണുക്കളാണ് ഓരോ ക്യാപ്സ്യൂളിലും അടങ്ങിയിരിക്കുന്നത്. കാഴ്ചയ്ക്ക് സ്വതവേ അനാകർഷകമായ ജൈവവള കൂട്ടുകൾക്ക് പകരം നൂതന സങ്കേതത്തിന്  സൗന്ദര്യബോധം പകർന്നു നൽകിയാണ് കാഴ്ചയ്ക്ക് ഏറെ ആകർഷകമായ ഓരോ ക്യാപ്സ്യൂളും തയ്യാറാക്കിയിരിക്കുന്നത്. ഉഗ്രശേഷി ഉള്ളിലൊതുക്കിയ ഇവ കാഴ്ചയ്ക്ക് മനുഷ്യൻ രോഗശമനത്തിനു കഴിക്കുന്ന ക്യാപ്സ്യൂൾ പോലിരിക്കും. ബയോ-പിൽ (Bio-pill), ബയോ ക്യാപ്സ്യൂൾ (Bio capsule) എന്നിങ്ങനെയാണ് വിളിപ്പേര്.

അല്പം ഫ്ലാഷ് ബാക്ക്...

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻറെ പരിധിയിൽ വരുന്ന കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം (Indian Institute of Spices Research-IISR) ആണ് ഏറെ ശ്രദ്ധേയമായ ഈ ബയോ ക്യാപ്സൂളുകൾ നിരന്തര ഗവേഷണത്തിലൂടെ കണ്ടെത്തിയത്. വിളകൾക്കു ചുറ്റും യാതൊരു കൈയും കണക്കുമില്ലാതെ ജൈവവളങ്ങൾ ചേർക്കുന്ന നിലവിലെ പ്രവണതയ്ക്ക് മാറ്റം വരുത്തുക എന്നതായിരുന്നു ഈ കണ്ടെത്തലിനു പിന്നിലെ മുഖ്യ ലക്ഷ്യം. ക്യാപ്സ്യൂൾ രൂപത്തിൽ ഉള്ള ആദ്യ ജൈവവളം എന്ന സവിശേഷതയും ഇതിനുണ്ട്. ചാക്കുകണക്കിന് ജൈവവളത്തിൻറെ സ്ഥാനത്താണ് ഈ കുഞ്ഞൻ ക്യാപ്സൂളുകൾ വിസ്മയം തീർക്കുന്നത്. ജൈവ കൃഷിക്ക് വർത്തമാനകാലത്ത് കൈവന്ന വൻപിച്ച പ്രചാരത്തിൻറെ അടിസ്ഥാനത്തിലാണ് ബയോ ക്യാപ്സ്യൂളിന് പ്രസക്തി വർദ്ധിക്കുന്നത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ സ്വയം വളർത്താനും വീട്ടുദ്യാനങ്ങൾ മോടിപിടിപ്പിക്കാൻ ഉള്ള പൂച്ചെടികൾ വളർത്താനും ഒക്കെ താൽപര്യം കാട്ടുന്ന നഗരവാസികളായ കർഷകർക്കാണ് ഈ ബയോ ക്യാപ്സൂളുകൾ ഏറെ അനുഗ്രഹമാകുന്നത്.

നാലു ടൺ വളം= നാലുകിലോ ക്യാപ്സ്യൂൾ

ഒരു ക്യാപ്സ്യൂളിൻറെ ഭാരം ഒരു ഗ്രാം ആണ്. അതുകൊണ്ടുതന്നെ നാലു ടൺ ജൈവവളം ചേർക്കുന്ന സ്ഥാനത്ത് കർഷകന് ഇനി മുതൽ നാല് കിലോ ക്യാപ്സ്യൂൾ ചേർത്താൽ മതിയാകും. ട്രൈക്കോഡെർമ, സ്യൂഡോമോണസ്, ബാസിലസ് തുടങ്ങി ഉപകാരികളായ തെരഞ്ഞെടുത്ത സൂക്ഷ്മാണുക്കളാണ് ഓരോ ക്യാപ്സ്യൂളിലും ഉൾചേർത്തിരിക്കുന്നത്. ഒരു ക്യാപ്സ്യൂളിന് വില 100 രൂപയാണ്.

ഗവേഷണ കേന്ദ്രത്തിൻറെ മുൻ ഡയറക്ടറും പ്രമുഖ ഗവേഷകനുമായ ശ്രീ. എം. ആനന്ദരാജിൻറെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് വിപ്ലവകരമായ ഈ കണ്ടെത്തലിനു പിന്നിൽ. ഒരു ജലാറ്റിൻ ക്യാപ്സ്യൂളിനുള്ളിലാണ് ഈ സൂക്ഷ്മാണുക്കളെ പൊതിഞ്ഞു വച്ചിരിക്കുന്നത്. ഈ അവസ്ഥയിൽ അണുക്കൾ എല്ലാം തന്നെ നിഷ്ക്രിയാവസ്ഥയിലായിരിക്കും. ഇവയ്ക്ക് സജീവഭാവം കൈവരാൻ ഇവയെ വെള്ളത്തിൽ അലിയിക്കണം. ഇങ്ങനെ തയ്യാറാക്കുന്ന ബയോ ക്യാപ്സ്യൂൾ ലായനിയിൽ നേർപ്പിച്ചിട്ടു വിത്തോ തൈകളോ വിത്തുകിഴങ്ങുകളോ ഒക്കെ 30 മിനിട്ട് നേരം കുതിർത്ത് വച്ചിട്ട് നട്ടാൽ മതിയാകും. ഈ ലായനി തന്നെ മണ്ണിൽ ഒഴിച്ചുകുതിർക്കാനും നല്ലതാണ്.

മേന്മകൾ ഏറെ

ബയോ ക്യാപ്സ്യൂളുകൾക്ക് നിരവധി മേന്മകൾ ഉണ്ട്. എന്തൊക്കെയാണെന്നു നോക്കാം

* വിളകളുടെ ചുവട്ടിൽ കൃത്യമായ തോതിലും അളവിലും സൂക്ഷ്മാണുക്കളെ ഫലപ്രദമായി എത്തിക്കാൻ കഴിയും.

* വിളകളുടെ തടത്തിൽ ഉപകാരപ്രദമായ സൂക്ഷ്മാണുക്കളുടെ ഒരു വലിയ സംഖ്യ തന്നെ നിലനിർത്താൻ കഴിയും

* തികച്ചും പരിസ്ഥിതി സൗഹൃദമായ ഗ്രീൻ ടെക്നോളജി (ഹരിത സാങ്കേതികവിദ്യ)

* വളരെ കുറഞ്ഞ ഉൽപ്പാദനച്ചെലവ്

* കൈകാര്യം ചെയ്യാനും സംഭരിക്കാനും വളരെ എളുപ്പം

* ദീർഘ സംഭരണ കാലാവധി

* ഉല്പാദനവും സംഭരണവും സാധാരണ അന്തരീക്ഷ താപനിലയിൽ തന്നെ സാധ്യമാണ്

* ബയോ ക്യാപ്സ്യൂൾ നിർമ്മാണത്തിന് അതിസങ്കേത യന്ത്രസാമഗ്രികൾ ആവശ്യമില്ല

* കാർഷിക പ്രാധാന്യമുള്ള സർവ്വ സൂക്ഷ്മജീവികളെയും കൃഷിയിടത്തിൽ ഫലവത്തായി ലഭ്യമാക്കാൻ കഴിയുന്നു

* ഇതര വളങ്ങൾക്ക് സംഭരണ വേളയിൽ മേന്മ നഷ്ടപ്പെടും എങ്കിലും ബയോ ക്യാപ്സ്യൂളുകൾക്ക് ഇത് ബാധകമല്ല

വിപണനം

ഇതിൻറെ സാങ്കേതികവിദ്യയുടെ ലൈസൻസും വാണിജ്യ ഉൽപ്പാദനവും കർണാടകത്തിൽ കുശാൽ നഗറിലെ കൊടക് അഗ്രി ടെക് എന്ന സ്ഥാപനം ആണ് ചെയ്യുന്നത്. ഇവർ ട്രൈക്കോ ക്യാപ്പ്, പവർ ക്യാപ്പ് എന്നീ പേരുകളിൽ ഈ ക്യാപ്സൂളുകൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നുണ്ട്. തമിഴ്നാട്, കർണാടകം, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഈ ക്യാപ്സൂളുകൾ വിറ്റഴിക്കുന്നു.

ലോക്ഡൗൺ കാലത്ത് ധാരാളം പേർ വീട്ടുകൃഷിയിലേക്ക് തിരിഞ്ഞത് ബയോ ക്യാപ്സ്യൂളിൻറെ വിൽപനയിൽ വലിയ മുന്നേറ്റം ഉണ്ടാക്കി. 2020 മെയ്മാസം മാത്രം ചെറുകിട വൻകിട കർഷകർക്ക് 4000 ക്യാപ്സൂളുകൾ വിറ്റഴിച്ചു. ആഗസ്റ്റ് മാസം ഇത് 6000 ആയി വർദ്ധിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരും ഇവയുടെ മേന്മ കണ്ടറിഞ്ഞ് ക്യാപ്സ്യൂൾ ഉപയോഗത്തിലേക്ക് വന്നിട്ടുണ്ട്. ജൈവ പച്ചക്കറികളും സുഗന്ധവ്യഞ്ജന വിളകളും കൃഷി ചെയ്യുന്നവരാണ് ക്യാപ്സ്യൂളുകളുടെ  മുഖ്യ ഉപഭോക്താക്കൾ. പ്രത്യേകിച്ച് വീട്ടാവശ്യത്തിന് ഗ്രോബാഗ് കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർ.

രാസവളങ്ങളുടെ ഉപയോഗത്തിൽ 25% വരെ കുറവ് ബയോ ക്യാപ്സ്യൂൾ ഉപയോഗിക്കുമ്പോൾ വരുത്താൻ കഴിയുമെന്നാണ് ഗവേഷകമതം. പയർ വിളകൾ, പച്ചക്കറികൾ, വൃക്ഷ വിളകൾ, അലങ്കാര ചെടികൾ, ധാന്യങ്ങൾ, പാനീയ വിളകൾ, ഫല സസ്യങ്ങൾ, സുഗന്ധവ്യഞ്ജന വിളകൾ തുടങ്ങി കൂടുതൽ വിളകൾക്ക് ഇതിൻറെ ഉപയോഗം ഫലപ്രദമാണ് എന്ന് കണ്ടെത്തിയതോടെ റായ്പൂരിലെ എസ് ആർ ടി അഗ്രോ സയൻസ് എന്ന ജൈവവള നിർമ്മാണശാല ദിവസം ഒരു ലക്ഷം ബയോ ക്യാപ്സൂളുകൾ ഉത്പാദിപ്പിക്കുവാൻ കഴിയുന്ന നിർമ്മാണശാല സ്ഥാപിച്ചുകഴിഞ്ഞു.

മണ്ണിൻറെ ഉൽപ്പാദനക്ഷമതയും വളക്കൂറും നിലനിർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യാൻ കഴിവുള്ള ബയോ ക്യാപ്സ്യൂളുകളുടെ ഉൽപാദനം ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം നിരന്തരം തുടർന്നുവരുന്നു. മണ്ണിലെ സൂക്ഷ്മജീവി സമ്പത്ത് വർദ്ധിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന ബയോ ക്യാപ്സൂളുകൾ അനതിവിദൂര ഭാവിയിൽ കാർഷികമേഖലയിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് വഴിതെളിക്കും എന്ന കാര്യത്തിൽ സംശയമില്ല.

English Summary: Bio capsule for double yield

Like this article?

Hey! I am Suresh Muthukulam. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds