പത്ത് പന്ത്രണ്ട് മീറ്ററിലധികം പൊക്കം വെക്കാത്ത ചെറിയ മരം ആണ് പ്ലാശ്. വടക്കുപടിഞ്ഞാറൻ മരുഭൂമിയിലൊഴികെ ഇന്ത്യയിൽ എല്ലായിടത്തും കണ്ടുവരുന്നു. ആയിരം മീറ്ററിൽ കൂടുതൽ ഉയരമുള്ള മലകളിൽ ഉണ്ടാവുകയില്ല. ഇതിന്റെ പ്രധാന തടി വളഞ്ഞുപുളഞ്ഞ് ശാഖോപശാഖകളോടു കൂടിയതാണ്. തൊലി വിള്ളലുകളോടു കൂടിയതും ചാരനിറത്തോട് കൂടിയതുമാണ്. ഇലകൾ ത്രിപതകങ്ങളാണ്.
സാധാരണയായി ഇലയില്ലാത്ത ശിഖരങ്ങളിൽ പൂക്കുല പ്രത്യക്ഷപ്പെടുന്നു. പുഷ്പങ്ങൾക്ക് ഓറഞ്ചോ ചുവപ്പോ നിറമാണ്. തണൽ ഇഷ്ടപ്പെടുന്ന പ്രകൃതമല്ലെങ്കിലും തണലിലും വളരും. വരൾച്ചയും തണുപ്പും സഹിക്കും. നന്നായി കോപിസ് ചെയ്യും. മുലപ്രസാരകങ്ങളുണ്ടാകും. തരിശ്ഭൂമികൾക്കും ചതുപ്പ് നിലങ്ങൾക്കും പറ്റിയ ഇനമാണ്. പ്ലാൾ ലാക് പ്രാണികളെ വളർത്താൻ പറ്റിയ മരമാണ്.
തടി അത്ര നല്ലതല്ല. വെള്ളത്തിൽ കേടുകൂടാതെ കിടക്കുന്നതുകൊണ്ട് നെല്ലിപ്പലകയായി ഉപയോഗിക്കാം. വിറക് ബ്രാഹ്മണഹോമങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ഇല നല്ല കന്നുകാലിതീറ്റയാണ്. ആഹാരം വിളമ്പാനും സാധനങ്ങൾ പൊതിയാനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
പ്ലാശിന്റെ തൊലിയിൽ നിന്ന് കിട്ടുന്ന ചുവന്ന പശയാണ് ബ്യൂട്ടിയഗം അഥവാ ബംഗാൾ കൈനോ, ഇത് സ്വേദനം ചെയ്താൽ പൈറോകാറച്ചിൻ കിട്ടും. ഇത് അതിസാരത്തിന് സ്തംഭനൗഷധമായി ഉപയോഗിക്കുന്നു. പ്ലാശിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം ഉപ്പുണ്ണ് കഴുകാൻ നല്ലതാണ്. തൊലിയുടെ നീർ നെയ്യൊഴിച്ച് കാച്ചി തേൻ ചേർത്ത് സേവിച്ചാൽ രക്തപിത്തം ശമിക്കും. കറയിൽ ക്ഷാരമാണ്.
യവം, ഉഴുന്ന്, എലി, പാൾ ഇവയുടെ ക്ഷാമത്തിൽ വാഴക്കിഴങ്ങ്, കുളിക്കിഴങ്ങ് ഇവ പൊടിച്ച് ചേർത്ത് തേച്ചാൽ സ്വർണത്തിനും വെള്ളിക്കും മാർദവം ഉണ്ടാകുമെന്ന് അർഥശാസ്ത്രം. കായിലും തൊലിയിലും ഗാലിക് അമ്ലം 5% വരെയുണ്ട്. വിത്തിൽ 18% എണ്ണയും 19% ജലലേയ ആൽബുമിനോയ്ഡും പലാസോനിൻ എന്ന തത്ത്വവും, ചെറിയ തോതിൽ റെസിനും അടങ്ങിയിരിക്കുന്നു.
പ്ലാശിന്റെ കുരു അരച്ചെടുത്ത കൽക്കം 6 ഗ്രാം ഒരു ഗ്ലാസ് മോരിൽ കലക്കി 3 ദിവസം തുടർച്ചയായി രാവിലെയും വൈകിട്ടും കുടിച്ചാൽ ഉദരകൃമി നശിക്കും. വിത്തുപൊടിച്ച് നാരങ്ങാ നിര് ചേർത്ത് ചൊറിച്ചിലുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ശമനം കിട്ടും. വിത്തെണ്ണ തേച്ചാൽ ലിംഗവളർച്ചയും ഉദ്ധാരണവും കൂടുമെന്നും പറയുന്നു.
Share your comments