ഉണങ്ങിയ നാമ്പോല ചെറുതായി വലിക്കുമ്പോൾ പെട്ടെന്ന് തന്നെ ഊരി വരികയും നാമ്പോലയുടെ താഴ് ഭാഗത്തായി കടിച്ചത് പോലെ ഉള്ള പാടുകൾ കാണപ്പെടുകയും ചെയ്യുന്നുമുണ്ടെങ്കിൽ തീർച്ചയായും കൊമ്പൻ ചെല്ലിയുടെ ആക്രമണം ആകാനാണ് സാധ്യത. തൈ തെങ്ങുകളുടെ നാമ്പോലയിൽ ചെല്ലി തുളച്ചു കയറുന്നത് തെങ്ങിന്റെ വളർച്ചയെ ബാധിക്കും.
തെങ്ങിൻ തൈകളിൽ കൊമ്പൻ ചെല്ലി
ചെല്ലിയുടെ ആക്രമണമുണ്ടായ തെങ്ങിൻ തൈകളിൽ നാമ്പോലകൾ ചിലസമയം മുകളിലൂടെ പുറത്തുവരാതെ വശങ്ങളിലൂടെ പുറത്തുവരുന്നതുകാണാം. ഇത് തൈകളുടെ പിന്നീടുള്ള വളർച്ചയെ ബാധിക്കുമെന്നതിനാൽ ഇത്തരം തൈകൾ മാറ്റി ഗുണമേന്മയുള്ള പുതിയ തൈകൾ നടുന്നതാണുചിതം. നട്ട് ഒന്നോരണ്ടോ വർഷം പ്രായമായ തൈകളിൽ ചിലസമയം ചെല്ലിയുടെ ആക്രമണം മൂലം തൈകൾ ഉണങ്ങി പോകുവാനും സാധ്യതയുണ്ട്.
കൊമ്പൻ ചെല്ലിയുടെ ആക്രമണം തൈ തെങ്ങുകളുടെ വളർച്ചയെ സാരമായി ബാധിക്കുന്നതിനാൽ തൈകൾ നട്ട ഉടനെതന്നെ ചെല്ലിക്കെതിരെ പ്രതിരോധ നടപടികൾ ചെയ്യേണ്ടതാണ്. ഇതിനായി താഴെ പറയുന്ന ഏതെങ്കിലും നടപടികൾ ചെയ്യാവുന്നതാണ്.
പൊടിച്ച് വേപ്പിൻ പിണ്ണാക്ക് അല്ലെങ്കിൽ പൊടിച്ച മരോട്ടി പിണ്ണാക്ക് 250 ഗ്രാം തുല്യ അളവിൽ മണലും കലർത്തി ഓലക്കവിളുകളിൽ നിക്ഷേപിക്കുക. വലിയ പാറ്റാഗുളിക ഒന്നുരണ്ടെണ്ണം ഓലക്കവിളിൽ വെച്ച് മണൽ കൊണ്ട് മൂടുക. ചെറുകണ്ണികളുള്ള പഴയ മീൻ വല നാമ്പോലകളുടേയും തൊട്ടടുത്ത ഓലകളുടേയും കവിളിനോടുചേർന്ന് ചുറ്റിവെയ്ക്കുക. ഈ വലകൾ പിന്നീട് പുതിയ നാമ്പോലകൾ വരുന്നതിനനുസരിച്ച് മുകളിലേക്ക് മാറ്റി ചുറ്റിക്കൊടുക്കേണ്ടതാണ്.
മുകളിൽ സൂചിപ്പിച്ചതു പോലെ വിരിഞ്ഞുവരുന്ന നാമ്പിനു ചുറ്റുമുള്ള രണ്ടു മൂന്നു ഓല കവിളിലാണ് മേൽ പറഞ്ഞ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത്. ഓരോ മാസവും ഓരോ പുതിയ ഓലകൾ വിരിയുന്നതിനാൽ മുൻകരുതൽ മുറകൾ 30-45 ദിവസം ഇടവിട്ട് ആവർത്തിച്ചാൽ മാത്രമേ പുതിയ നാമ്പോലകൾക്ക് സംരക്ഷണം ഉറപ്പാക്കാൻ സാധി ക്കുകയുള്ളൂ.
വലിയ തെങ്ങുകളിൽ കൊമ്പൻ ചെല്ലി
വലിയ തെങ്ങുകളിൽ കൊമ്പൻ ചെല്ലി നാമ്പോലകളിൽ തുളച്ചു കയറുന്നതിന്റെത ഫലമായി നാമ്പോലകൾ ഒടിഞ്ഞു തൂങ്ങുകയോ വിടർന്ന നാമ്പോലകളിൽ ഓലക്കാലുകൾ കതി കകൊണ്ട് മുറിച്ചതുപോലെ 'ഢ' ആകൃതിയിൽ കാണപ്പെടുകയും ചെയ്യും.
തോട്ടങ്ങളിൽ ശുചിത്വം അനുവർത്തിക്കേണ്ടത് ചെല്ലിയെ നിയന്ത്രിക്കാനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് വെട്ടിമാറ്റിയതോ മണ്ട മറിഞ്ഞുപോയതോ ആയ തെങ്ങിൻ തടികൾ തോട്ടത്തിൽ തന്നെ കിടന്ന് ദ്രവിക്കാൻ അനുവദിക്കാതെ യഥാസമയം നീക്കം ചെയ്യുകയോ കത്തിച്ചു കളയുകയോ ചെയ്യുക . ചാണകക്കുഴികൾ ഈ വണ്ടിന്റെ പ്രജനന കേന്ദ്രങ്ങളാകയാൽ ഇവയിൽ പെരുവലച്ചെടി (ഒരുവേരൻ) പിഴുതുചേർക്കുന്നത് കൊമ്പൻ ചെല്ലിയുടെ വംശവർദ്ധന തടയാൻ സഹായകമാകും. ചാണകത്തിൽ അഴുകിച്ചേരുന്ന ചെടിയിലടങ്ങിയി രിക്കുന്ന രാസവസ്തു വണ്ടിന്റെ പുഴുക്കൾ ഭക്ഷിക്കുമ്പോൾ അതിന്റെ ശരിയായ വളർച്ച തടസ്സപ്പെടുത്തുന്നു.
മറ്റൊരു ജൈവിക നിയന്ത്രണ മാർഗമാണ് മെറ്റാറയസിയം കുമിൾ, ചെല്ലിയുടെ പുഴുക്കൾ വളരുന്ന സ്ഥലങ്ങളിൽ ഒരു ഘനമീറ്ററിന് 250 മില്ലി മെറ്റാറൈസിയം കൾച്ചർ 75 മില്ലി വെള്ളവുമായി ചേർത്ത് തളിച്ച് കീടനിയന്ത്രണം നടത്താം. കൊമ്പൻ ചെല്ലിയുടെ ആക്രമണമുണ്ടായ നാമ്പോലകളുടെ അടിവശത്ത് ചകിരിനാരുപോലെ അവശിഷ്ടങ്ങൾ ദ്വാരത്തിനടുത്ത് കാണാൻ സാധിക്കും.
ഇതിന് പഴക്കമില്ലെങ്കിൽ ദ്വാരത്തിനുള്ളിൽ ചെല്ലിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെല്ലിക്കോൽ ഉപയോഗിച്ച് നാമ്പിനു കേടുവരാതെ ചെല്ലിയെ പുറത്തെടുത്ത് നശിപ്പിക്കാൻ സാധിക്കും. മണ്ട വൃത്തിയാക്കിയ ശേഷം വേപ്പിൻ പിണ്ണാക്കും പുഴമണലും തുല്യ അളവിൽ യോജിപ്പിച്ച് കവിളുകളിൽ നിറയ്ക്കുന്നതും കൊമ്പൻ ചെല്ലിയുടെ ആക്രമണം തടയാൻ ഫലപ്രദമാണ്.
Share your comments