തെങ്ങുകളുടെ ശരിയായ വളർച്ചയ്‌ക്കും കൃത്യസമയത്ത് പുഷ്‌പിക്കുന്നതിനും കായ്ച്ചു തുടങ്ങുന്നതിനും, മികച്ച ആദായം ലഭിക്കുന്നതിനും തൈകൾ നടുന്ന ആദ്യ വർഷം മുതൽ വളപ്രയോഗവും അനിവാര്യമാണ്.
മഴയുള്ള പ്രദേശങ്ങളിൽ രണ്ടാം ഘട്ട രാസവളപ്രയോഗത്തിന് അനുയോജ്യമായ സമയമാണ് ഒക്ടോബർ മാസം. തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾക്കെതിരെ കൂടുതൽ ശ്രദ്ധ നൽകേണ്ടതും ഈ സമയത്താണ്.
ഒരു തെങ്ങിന് 650 ഗ്രാം യൂറിയ, 1300 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 1300 ഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്ന അളവിലാണ് രാസവളപ്രയോഗം നടത്തേണ്ടത്. ഇതിന് പുറമെ, വിളകളിൽ മുഖ്യമായി കണ്ടുവരുന്ന ചെന്നീരൊലിപ്പ് എന്ന രോഗത്തിനെതിരെ കർഷകർ ജാഗ്രത പാലിക്കേണ്ടതായുണ്ട്.
ജലസേചനമടക്കം മികച്ച പരിചരണം നൽകുന്നുണ്ടെങ്കിൽ ഒരു കിലോ ഗ്രാം യൂറിയ, 1600 ഗ്രാം മഷൂറി, രണ്ട് കിലോ പൊട്ടാഷ് എന്നീ തോതിൽ രാസവളം പ്രയോഗിക്കാം.
ചെന്നീരൊലിപ്പ് ഫലപ്രദമായി തടയാം
തെങ്ങിൻ തടിയിൽ രൂപം കൊള്ളുന്ന വിള്ളലുകളിലൂടെയും മറ്റും തവിട്ടു കലർന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറിവരുന്നതാണ് ഇതിന്‍റെ രോഗലക്ഷണം. തെങ്ങിൻ തടിയുടെ താഴെ കാണപ്പെടുന്ന വിള്ളലുകൾ തടിയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. വിള്ളലുകൾക്ക് ചുറ്റുമുള്ള ഭാഗം ക്രമേണ ചീഞ്ഞു തുടങ്ങും.
എന്നാൽ, രോഗബാധയേറ്റ തെങ്ങിൻ തടിയുടെ ഭാഗങ്ങൾ ചെത്തിമാറ്റി അവിടെ കാലിക്‌സിൻ പുരട്ടുന്നത് മികച്ച പ്രതിവിധിയാണ്. രണ്ട് ദിവസത്തിന് ശേഷം ഇതിൽ ചൂടുള്ള കോൾട്ടാർ പുരട്ടുക. . ഹെക്‌സാകൊണാസോൾ 25 മില്ലി 25 ലിറ്റര്‍ വെള്ളത്തിൽ കലക്കി തെങ്ങിൻ തടത്തിലെ മണ്ണ് കുതിരത്തക്ക വിധത്തില്‍ ഒഴിക്കുക. കൂടാതെ, നല്ലവനായ കുമിൾ എന്നറിയപ്പെടുന്ന ട്രൈക്കോഡർമ അഥവാ മിത്ര കുമിളും ചെന്നീരോലിപ്പിനെതിരെ പ്രയോഗിക്കാവുന്ന ഫലപ്രദമായ മാർഗമാണ്.
ചെന്നീരൊലിപ്പ് തടയാനുള്ള മറ്റ് പ്രതിരോധമാർഗങ്ങൾ, ആയുധങ്ങൾ കൊണ്ടും അല്ലാതെയും തെങ്ങുകൾക്ക് ക്ഷതം ഏൽപ്പിക്കാതിരിക്കുക എന്നതാണ്. വേനൽക്കാലത്ത് വിളകൾ നനയ്‌ക്കാനും, മഴക്കാലത്ത് നീർവാർച്ച ഉറപ്പുവരുത്താനും ശ്രദ്ധിക്കണം. ഇത് ചെന്നീരൊലിപ്പ് തടയാൻ സഹായിക്കുന്നു.
തെങ്ങിൻ തോപ്പുകളുടെ വളപ്രയോഗ രീതികൾ
മഴയ്‌ക്ക് മുൻപ്, മെയ് മാസത്തിലോ ജൂണിലോ നട്ട തെങ്ങിൻ തൈകൾക്ക് മൂന്ന് മാസം കഴിഞ്ഞാണ് ആദ്യ ഘട്ടത്തിൽ വളപ്രയോഗം നടത്തുന്നത്. രണ്ടാം ഘട്ട വളപ്രയോഗം തുലാവർഷത്തിന് മുൻപ്, അതായത് സെപ്തംബർ- ഒക്‌ടോബർ മാസങ്ങളിലായിരിക്കും നടത്തുന്നത്.
നാളികേര കർഷകർ വളരെ പ്രധാനമായി ഉപയോഗിക്കുന്ന പച്ചില വളപ്രയോഗങ്ങൾ കൂടി പരിചയപ്പെടാം. ശീമക്കൊന്ന, കൊഴിഞ്ഞിൽ, ചണമ്പ്, പയർ വർഗ വിളകൾ എന്നിവയാണ് ഇവയിൽ മികച്ച പച്ചില വളമായി ഉപയോഗിക്കുന്നത്.
പച്ചില വളപ്രയോഗത്തിന് ശേഷം മറ്റ് നാടൻ വളങ്ങളും ഉപയോഗിക്കാം. പിണ്ണാക്ക്, എല്ലുപൊടി, കമ്പോസ്റ്റ്, കോഴിവളം, ചകിരിച്ചോറ് കമ്പോസ്റ്റ്, ചാണകം, മണ്ണിര കമ്പോസ്റ്റ്, മത്സ്യവളം എന്നിവ തെങ്ങിൻ തടങ്ങളിൽ പ്രയോഗിക്കുന്നത് ഉത്തമമാണ്.
ചെന്നീരൊലിപ്പിനും കൂടാതെ മണ്ഡരി, തഞ്ചാവൂർ വാട്ടം തുടങ്ങിയ രോഗങ്ങൾക്കുമെതിരെ വേപ്പിൻ പിണ്ണാക്ക് ഫലപ്രദമായ മാർഗമാണ്. കീടങ്ങളെ പ്രതിരോധിക്കുന്നതിനും പോഷകാംശം ലഭ്യമാക്കുന്നതിനും അതിനാൽ തന്നെ കടല പിണ്ണാക്കിനേക്കാൾ കൂടുതൽ മികച്ചത് വേപ്പിൻ പിണ്ണാക്കാണ്.
സെപ്‌തംബർ- ഒക്ടോബർ മാസങ്ങളിൽ തെങ്ങൊന്നിന് അര കിലോ ഗ്രാം മഗ്നീഷ്യം സൾഫേറ്റ് നൽകുന്നതും മഞ്ഞളിപ്പ് തടയുന്നതിനുള്ള ഫലപ്രദമായ മാർഗമാണ്.
Share your comments