വാഴക്കൃഷിയില്‍ കുലയ്ക്കു പുറമെ ധാരാളം ജൈവാവശിഷ്ടവും ലഭിക്കാറുണ്ട്. ഉദാ: മാണം, പിണ്ടി, ഇല എന്നിവ കൃഷിസ്ഥലത്തു തന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ രോഗകീടബാധ വര്‍ധിക്കും. എന്നാല്‍ വാഴക്കൃഷിയിലെ ജൈവാവശിഷ്ടം ഉപയോഗിച്ച് നല്ല കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി കണ്ണാറ വാഴ ഗവേഷണ കേന്ദ്രം പരിസ്ഥിതി സൗഹൃദവുമാണ് ഈ രീതി.
വാഴ- മണ്ണിര കമ്പോസ്റ്റ്
വാഴപ്പിണ്ടി, മാണം, ഉണങ്ങിയ വാഴയില, കേടുവന്ന കുല എന്നീ അവശിഷ്ടങ്ങള്‍ മണ്ണിരകമ്പോസ്റ്റ് നിര്‍മാണത്തിനുപയോഗിക്കാം.
ഒരു മീറ്റര്‍ വ്യാസവും 45 സെ. മീ. ഉയരവും വൃത്താകൃതിയുമുളള ഫെറോ സിമന്റ്, 2.5 മീ. നീളം, ഒരു മീറ്റര്‍ വീതി, 45 സെ. മീ. ഉയരവുമുളള ദീര്‍ഘചതുരാകൃതിയിലുളള കോണ്‍ക്രീറ്റ് ടാങ്കോ ആണ് ഇതിനായി വേണ്ടത്. ടാങ്കിന്റെ ഏറ്റവും അടിയിലായി ഒരു നിര ചകിരി തൊണ്ട് മലര്‍ത്തി അടുക്കി നിരത്തുക. വാഴയുടെ അവശിഷ്ടവും (ചെറുതായി മുറിച്ച് ഈര്‍പ്പം കളഞ്ഞത്) ചാണകവും 8:1 എന്ന അനുപാതത്തില്‍ ഒന്നിടവിട്ട തട്ടുകളായി ഇട്ട് ടാങ്ക് നിറയ്ക്കുക. 10 ദിവസം കഴിഞ്ഞതിനുശേഷം 500 മുതല്‍ 1000 വരെ മമ്ണിരകളെ (ഐസീനിയ ഫോയിറ്റിഡ / യൂഡ്രില്ലസ് യൂജീനിയ ) ടാങ്കില്‍ നിക്ഷേപിക്കുക. ഉണങ്ങിയ തെങ്ങോല അല്ലെങ്കില്‍ ചണച്ചാക്ക് ഇട്ട് ടാങ്ക് മൂടുക. ആഴ്ചയിലൊരിക്കല്‍ ടാങ്കിലെ ജൈവാവശിഷ്ടം ഇളക്കിക്കൊടുക്കുകയും ഈര്‍പ്പം നിലനില്‍കുന്നതിനാവശ്യമായ വെളളം തളിച്ചു കൊടുക്കുകയും വേണം. ഏകദേശം 45 ദിവസം അവശിഷ്ടം പൊടിഞ്ഞ് കമ്പോസ്റ്റ് ആകും. കമ്പോസ്റ്റ് വാരി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് കൂനയാക്കിയിടുക. കമ്പോസ്റ്റിലുളള മണ്ണിരകള്‍ കൂനയുടെ അടിഭാഗത്ത് പോകും. മുകള്‍ ഭാഗത്തു നിന്ന് കമ്പോസ്റ്റ് എടുത്ത് ഉപയോഗിക്കുക.
വാഴ - മണ്ണിര കമ്പോസ്റ്റ് ഘടന
ഇതില്‍ നൈട്രജന്‍ : 1.3 - 1. 7%, ഫോസ്ഫറസ് : 1.6 - 1.9 % പൊട്ടാഷ് : 2 - 3 % ഇവയ്ക്കു പുറമെ കാല്‍സ്യം, മഗ്നീഷ്ം, സിങ്ക്, മാംഗനീസ് എന്നിവയും അടങ്ങിയിട്ടുണ്ട്.
വിളകള്‍ക്ക്
വാഴ - 500 ഗ്രാം
തെങ്ങ് - 5 - 10 കി. ഗ്രാം
കുമരുമുളക് - 5- 10 കി. ഗ്രാം
പച്ചക്കറി - 200 ഗ്രാം / ച. മീ.
മേന്മകള്‍
മൂലകങ്ങള്‍ ചെടികള്‍ക്ക് വേഗം വലിച്ചെടുക്കാന്‍ സാധിക്കും. എന്‍സൈം, ഹോര്‍മോണ്‍, വിറ്റാമിനുകള്‍, ആന്റിബയോട്ടിക് എന്നിവ അടങ്ങിയതിനാല്‍ ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.
വെര്‍മിവാഷ്
മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കുമ്പോള്‍ അതില്‍ നിന്ന് ഊറി വരുന്ന ദ്രാവകം (വെര്‍മിവാഷ്) വെളളത്തില്‍ നേര്‍പ്പിച്ച് (1 : 1 ) തളിക്കുന്നത് ചെടിയുടെ വളര്‍ച്ചയ്ക്ക് ഫലപ്രദമാണ്.
നൈട്രജന്‍ : 0.6% ഫോസ്ഫറസ്: 0.064% പൊട്ടാഷ് : 0.40 % ഇവയ്ക്ക് പുറമെ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ് എന്നീ മൂലകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
സമ്പുഷ്ട കമ്പോസ്റ്റ്
സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ്, ട്രൈക്കോഡെര്‍മ എന്നീ സൂക്ഷ്മാണുക്കള്‍ ഉപയോഗിച്ച് സംപുഷ്ടീകരിച്ച വാഴ - മണ്ണിര കമ്പോസ്റ്റ് സസ്യസംരക്ഷണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.
മണ്ണിര നഴ്‌സറി
മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാന്‍ ധാരാളം മണ്ണിരകളെ ആവശ്യമുളളതിനാല്‍ അവ സ്വയം വളര്‍ത്തിയെടുക്കാം. ഇതിന് കമ്പോസ്റ്റ് ടാങ്കുകളും മണ്ണിര നഴ്‌സറികള്‍ ആക്കാം. 1:1 എന്ന അനുപാതത്തില്‍ ചാണകവും ജൈവാവശിഷ്ടങ്ങളും ചേര്‍ത്ത് ടാങ്ക് നിറയ്ക്കുക. ശീമക്കൊന്ന, പയരുവര്‍ഗ്ഗച്ചെടികള്‍ എന്നിവയുടെ പച്ചിലകള്‍ ഇതിലേക്ക് ഉപയോഗിക്കാം. മണ്ണിര ഇട്ടതിനുശേഷം ആഴ്ചയിലൊരിക്കല്‍ ചാണകക്കുഴമ്പ് ഒഴിച്ച് ഇളക്കിക്കൊടുക്കുകയും ചാക്ക് നനച്ച് ഇടുകയും ചെയ്താല്‍ 30 ദിവസം കൊണ്ട് മണ്ണിരകളുടെ എണ്ണം ഇരട്ടിയാകും.
ശ്രദ്ധിക്കുക
എലി, ഉറുമ്പ്, ചിതല്‍, മറ്റ് ക്ഷുദ്രജീവികള്‍ എന്നിവയുടെ ഉപദ്രവത്തില്‍ നിന്ന് മണ്ണിരകളെ രക്ഷിക്കുക. കമ്പോസ്റ്റ് ടാങ്കുകള്‍ വെയിലില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷിക്കുക. ഓല, ഓട് എന്നിവ മേഞ്ഞ ഷെഡുകള്‍ ഇതിന് ഉപയോഗിക്കാം.
വാഴ - തുമ്പൂര്‍മുഴി കമ്പോസ്റ്റ്
ജൈവവസ്തുക്കളില്‍ നിന്ന് വായുവിന്റെ സാന്നിദ്ധ്യത്തില്‍ കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതിയാണ് തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റിങ്ങ്. വാഴപ്പിണ്ടി, ഉണങ്ങിയ വാഴ ഇല, വാഴ സംസ്‌കരണ യൂണിറ്റിലെ അവശിഷ്ടങ്ങള്‍ 1:1:1 മീറ്റര്‍ വലിപ്പമുളള തുമ്പൂര്‍മുഴി കമ്പോസ്റ്റിങ് ടാങ്കില്‍ ചാണകത്തോടൊപ്പം 6 ഇഞ്ച് കനത്തില്‍ ഒന്നിടവിട്ട തട്ടുകളായി നിക്ഷേപിക്കുക. ആഴ്ചയിലൊരിക്കല്‍ നനയ്ക്കുകയോ ചാണകവെളളം തളിച്ചു കൊടുക്കുകയോ ചെയ്യാം. മൂന്നു മാസം കൊണ്ട് കമ്പോസ്റ്റ് തയ്യാറാക്കുന്നു. ചാണകത്തിനു പകരമായി ബാസിലസ്സ് സബ്ടിലിസ് എന്ന ബാക്ടീരിയ ഉപയോഗിച്ചും ഈ കമ്പോസ്റ്റിങ് ചെയ്യാം.
വാഴ - മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കുമ്പോള്‍ വാഴപ്പിണ്ടി ഉപയോഗിച്ച് ജലാംശം കുറച്ചിട്ടാണ് ഉപയോഗിക്കേണ്ടതെങ്കില്‍ തുമ്പൂര്‍മുഴി കമ്പോസ്റ്റില്‍ വാഴപ്പിണ്ടി ജലാംശം കുറയ്ക്കാതെ തന്നെ ഉപയോഗിക്കാമെന്ന സൗകര്യമുണ്ട്.
Share your comments