പുരയിടങ്ങളിലും നിലങ്ങളിലും കൃഷി ചെയ്ത് ശീലിച്ചവരാണ് കേരളീയർ. കൃഷി ഒരുപാട് മാറിയെങ്കിലും, കൃഷിയിൽ നിന്ന് ഒരുപാട് പേർ മാറിയപ്പോഴും ഈ സമ്പ്രദായത്തിൽ മാത്രം വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഭൂമിയുടെ വിസ്തൃതി കുറഞ്ഞ് ഫ്ലാറ്റുകളിലേക്കും വില്ലകളിലേക്കും മലയാളി ജീവിതം മാറ്റി നട്ടപ്പോഴാകട്ടെ കൃഷി ചുരുങ്ങിയെന്ന് തന്നെ പറയാം. അതിനാൽ വിഷരഹിത കൃഷിയിലൂടെ നമ്മുടെ ആരോഗ്യം നമുക്ക് തന്നെ നോക്കാമെന്ന് പറയുന്നവരോട് മിക്കയുള്ളവരും വാദിക്കുന്നത് അതിന് പുരയിടമില്ലല്ലോ, നിലമില്ലല്ലോ എന്നൊക്കെയാണ്.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിനഴക് പൂന്തോട്ടം! ചെടി നടുമ്പോഴും പരിചരണത്തിലും ഇവ ശ്രദ്ധിക്കുക
നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും സമാനസ്ഥിതി ആണുള്ളത്. എന്നാൽ കൊവിഡിന്റെ ഈ സമകാലികം ഒട്ടനവധി പേരെ കൃഷിയിലേക്ക് തിരിച്ചുവിളിച്ചു. ഒപ്പം കേന്ദ്ര- സംസ്ഥാന സർക്കാരും കൃഷിയെ കാര്യമായി പ്രോല്‍സാഹിപ്പിക്കുന്നു.
ഉള്ള സ്ഥലത്ത് ആവുന്നത്ര കൃഷി ചെയ്യാനാണ് സർക്കാർ നിർദേശിക്കുന്നത്. നഗരകൃഷിയുൾപ്പെടെ മിക്ക മേഖലകളിലും അധികൃതരുടെ ഭാഗത്ത് നിന്ന് സബ്സിഡികളും പദ്ധതികളുമെല്ലാം ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. സ്ഥലമില്ലാതെ എങ്ങനെ കൃഷി ചെയ്യാമെന്ന് സംശയിക്കുന്നവർക്കും, സ്ഥല പരിമിധിയിൽ ഗ്രോ ബാഗിലും മറ്റുമായി ചെയ്യുന്ന ടെറസ് കൃഷി മാത്രമാണ് ഓപ്ഷൻ എന്ന് വിചാരിക്കുന്നവർക്കും ഉപകാരപ്പെടുന്ന ഒരു മാർഗമാണ് ഇവിടെ നിർദേശിക്കുന്നത്.
ഈ കൃഷിയിലൂടെ നിങ്ങൾക്ക് നല്ല നേട്ടവും ആദായവുമുണ്ടാക്കാമെന്നത് ഉറപ്പാണ്. കാരണം, ഒരു വിളയിറക്കുന്ന സ്ഥലത്ത് നിന്ന് നിങ്ങൾക്ക് വിളവെടുക്കാനാകുന്നത് 100ലധികം വിളകളാണ്. ഇത് കൃഷി ലാഭകരമാക്കാൻ തീർച്ചയായും സഹായിക്കും.
സ്ഥലം ഇല്ലാത്തവർക്ക് യോജിച്ച കൃഷിരീതിയാണ് വെര്‍ട്ടിക്കല്‍ ഫാമിങ് (Vertical Farming) അഥവാ ലംബ കൃഷി. കേരളത്തില്‍ അധികം പ്രചാരമില്ലെങ്കിലും യൂറോപ്യൻ നാടുകളിലും മറ്റ് വിദേശ രാജ്യങ്ങളിലും ഇവ ഫലവത്തായി നടത്തുന്നു. കുറച്ച് സ്ഥലത്ത് നിന്ന് കൂടുതൽ വിളവെടുപ്പാണ് ലംബകൃഷി സാധ്യമാക്കുന്നത്.
ലംബ കൃഷി: കൂടുതൽ വിശദമായി (More To Know About Vertical Farming)
വിദേശ രാജ്യങ്ങളിലെ പോലെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ലംബ കൃഷിക്ക് ഇപ്പോൾ പ്രചാരമേറി വരികയാണ്. പരിമിതമായ സ്ഥലമുള്ളവർക്ക് അവരുടെ വീടുകളുടെ വശങ്ങളിലും ടെറസിലും മുറ്റത്തുമൊക്കെ വെർട്ടിക്കൽ ഫാമിങ് നടത്താം.
തട്ടുത്തട്ടുകളായുള്ള കൃഷിരീതിയാണിത്. ഒരു തട്ടിന് മുകളില്‍ നിശ്ചിത ഉയരത്തില്‍ മറ്റൊരു തട്ട് നിർമിച്ച്, അതില്‍ മണ്ണ് നിറച്ചാണ് ലംബകൃഷി ചെയ്യുന്നത്. കൂടാതെ, പിവിസി പൈപ്പുകളിലും (PVC Pipes), ഗ്രോ ബാഗുകളിലും മണ്ണ് നിറച്ച് ഈ തട്ടുതട്ടായുള്ള കൃഷി ചെയ്യാം. എന്നാൽ പിവിസി പൈപ്പിന്റെ ജിഎസ്എം ഉയർന്നതായിരിക്കണം.
തക്കാളി, മുളക്, കുറ്റിപ്പയര്‍, ചീര, വെണ്ട പോലുള്ള പച്ചക്കറികളും, ഇഞ്ചി, മഞ്ഞള്‍, കുരുമുളക് എന്നീ സുഗന്ധവ്യജ്ഞനങ്ങളും ലംബ കൃഷി ചെയ്യാം. ഇവ വലിയ വരുമാനം നേടിത്തരുന്ന വിളകളാണെന്നതും ഓർക്കണം. ലംബകൃഷിയിൽ വിളകൾക്ക് വെള്ളമെത്തിക്കാൻ ഡ്രിപ് ഇറിഗേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തുക. ഇത് വേനല്‍ക്കാലത്തും തടസ്സമില്ലാതെ കൃഷി ചെയ്ത് വരുമാനമുണ്ടാക്കാൻ സഹായിക്കും.
ഇങ്ങനെ ഏകദേശം മൂന്ന് സെന്റോ നാല് സെന്റോ ടെറസിലാണ് ലംബ കൃഷി ചെയ്യുന്നതെങ്കിൽ 400 കിലോ പച്ചക്കറി വരെ ഉൽപ്പാദിപ്പിക്കാനാകും. ചെലവ് കുറച്ചുകൊണ്ട് ഒരു വീടിനാവശ്യമായ മുഴുവൻ പച്ചക്കറികളും ഇങ്ങനെയുണ്ടാക്കാമെന്നത് വലിയ നേട്ടം തന്നെയാണ്. ആദ്യമായി ചെയ്യുമ്പോൾ അവ ചെലവ് കൂടിയതാണെന്ന് തോന്നിയാലും രണ്ട് മൂന്ന് തവണ കഴിഞ്ഞുള്ള വിളവെടുപ്പിൽ നിങ്ങൾക്ക് ആദായം ലഭിക്കുന്നതാണ്.
Share your comments