ശുദ്ധജല മത്സ്യങ്ങളുടെ രാജാവായി കരുതപ്പെടുന്ന മത്സ്യങ്ങളാണ് "ടോർ' എന്ന ജനുസ്സിൽ വരുന്നവ. കേരളത്തിലെ കാട്ടാറുകളിൽ കണ്ടുവരുന്ന കുയിൽ മത്സ്യത്തിന്റെ ശരീരം നീണ്ടതാണ്. ശരീരത്തിന് സാമാന്യം വീതിയുണ്ടെങ്കിലും ഉരുണ്ടതും കൂടിയാണ് എന്നു പറയാവുന്ന ആകൃതിയാണ്. ശിരോഭാഗത്തിന് നല്ല നീളമുണ്ട്. കീഴ്ത്താടിയോട് ചേർന്നുള്ള ചർമ്മം കട്ടിയുള്ളതും, തെറുത്ത് പൊതിഞ്ഞ അവസ്ഥയിലുമാണ്.
ഈ തെറുത്തുവച്ച ചർമ്മത്തിന്റെ അടിഭാഗത്തു കൂടിയുള്ള സുഷിര പാത യാതൊരുവിധ തടസ്സവുമില്ലാതെ ഒരു കവിൾ മുതൽ മറ്റേ കവിൾ വരെ തുടരുന്നു. കീഴ്ത്താടിയിലെ ഈ ചർമ്മം ചിലപ്പോൾ നീണ്ട് ഒരു താടി പോലെ വളർന്നിരിക്കും. കവിൾക്കോണിൽ നിന്നും നാസികാഗ്രത്തിൽ നിന്നും ഉത്ഭവിക്കുന്ന ഓരോ ജോടി മീശരോമങ്ങളുണ്ടായിരിക്കും. മുതുകു ചിറകിലെ അവസാന മുള്ള് ബലമേറിയതും വളച്ചാൽ വളയാത്തതുമാണ്. ഈ മുള്ളിന്റെ പിൻഭാഗം, വളരെ മൃദുവായിരിക്കും. ചെതുമ്പലുകൾക്ക് നല്ല വലുപ്പമായിരിക്കും. പാർശ്വരേഖ പൂർണ്ണവും, 25-27 ചെതുമ്പലുകളിലൂടെ സഞ്ചരിക്കുന്നതുമാകുന്നു.
മുതുകുവശം പച്ചകലർന്ന കറുപ്പു നിറമാണ്. പാർശ്വരേഖയ്ക്കു മുകൾ വശത്ത് സ്ലേറ്റ് നിറമാണ്. പാർശ്വരേഖക്ക് താഴ്ഭാഗവും ഉദരഭാഗവും നല്ല വെള്ള നിറമായിരിക്കും. അപൂർവ്വമായി നരച്ച നിറവും കാണപ്പെടുന്നു. ചിറകുകൾക്ക് സ്റ്റേറ്റ് നിറമായിരിക്കും. കുഞ്ഞു മത്സ്യങ്ങൾ ഒലിവ് നിറത്തിലുള്ളവയാണ്. കൈച്ചിറക്, കാൽച്ചിറക്, ഗുദച്ചിറക് എന്നിവയുടെ അഗ്രം ചുവന്ന ഓറഞ്ച് നിറമായിരിക്കും.
മഹസീർ എന്ന ആംഗലേയ നാമം തന്നെ ഇതിന്റെ ചിതമ്പലു സൂചിപ്പിക്കുന്നത്. വലിയ തലയോടുകളുടെ വലുപ്പത്തെയാണ് (മഹാസർ വലിയ തല കൂടിയ മത്സ്യം എന്ന വ്യാഖ്യാനവും നില നിൽക്കുന്നു). 1839-ൽ കേണൽ സെക്സാണ് ആദ്യമായി ഇതിനെ നാമകരണം ചെയ്തത് (Sykes, 1839), പൂനെയിലെ മൂലമൂത്ത നദിയിൽ നിന്നുള്ള മത്സ്യങ്ങളെ മുൻനിർത്തി നാമകരണം നടത്തിയതിനാൽ, പൂനെ നിവാസികൾ ഈ മത്സ്യത്തെ വിളിക്കുന്ന 'കുദി' എന്ന പ്രാദേശികനാമം ശാസ്ത്രീയ നാമമാക്കുകയായിരുന്നു.
പശ്ചിമഘട്ടത്തിന്റെ മാത്രം സമ്പത്തായ ഈ മത്സ്യം കേരളത്തിലെ എല്ലാ നദികളിലും ഉള്ളതായി രേഖകൾ ഉണ്ട്. തെക്കൻ കേരളത്തിൽ, ഈ മത്സ്യം കുയിൽ എന്നറിയപ്പെടുമ്പോൾ വടക്കൻ കേരളത്തിൽ ഇത് കറ്റി എന്ന പേരിലാണ് അറിയപ്പെടുന്നത്.
വിവിധ കാരണങ്ങളാൽ വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികൾ നടത്തിവരുന്നു.
Share your comments