ഏദൻ തോട്ടത്തിൽ ആദാമിന് വിലക്കപ്പെട്ട കനി ആപ്പിൾ ആണെന്ന് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ദുരിയാൻ എന്ന പഴം സമൃദ്ധിയായി വിളയുന്ന പൂർവേഷ്യൻ രാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലണ്ട് മുതലായ സ്ഥലങ്ങളിലെ ജനങ്ങൾ ഇന്നും വിശ്വസിക്കുന്നത് ദുരിയാനുള്ള സ്ഥാനം മറ്റൊരു ഫലവുമർഹിക്കുന്നില്ലെന്നും അതു കൊണ്ട് ആദാമിന് വിലക്കപ്പെട്ട കനി ദുരിയാനാകാനേ സാധ്യതയുള്ളൂവെന്നുമാണ്. അതിന് ഉപോൽബലകമായി അവർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സംഭവം ഓരോ വർഷവും ദുരിയാൻ പഴത്തിൻ്റെ സീസൺ കഴിഞ്ഞ് ഒൻപതു മാസങ്ങൾക്കു ശേഷം താരതമ്യേന ജനനനിരക്കിലുണ്ടാകുന്ന വർധനവാണ്. ദുരിയാൻ പഴത്തിൻ്റെ സ്വാദറിഞ്ഞവർ ആ അവകാശവാദത്തോട് യോജിക്കാതിരിക്കാനും തരമില്ല.
ദുരിയാന്റെ ശാസ്ത്രനാമം 'സൂര്യോസിബെത്തിനസ' എന്നാണ്. ബൊംബാസേസ്യ എന്ന കുടുംബത്തിലെ ഒരംഗമാണിത്. ഇന്ത്യയിലെ നീലഗിരിയിലെ താഴ്വരകളിൽ എണ്ണത്തിൽ അധികമില്ലെങ്കിൽക്കൂടി ഇവ വളരുന്നുണ്ട്. മലേഷ്യയിൽ നിന്ന് മടങ്ങിവന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിനു സമീപം സ്ഥിരതാമസമാക്കിയ ഒരു കർഷകന്റെ ഭവനത്തിൽ പതിനഞ്ചു വർഷത്തോളം പ്രായമുള്ള ഒരു മരം ഫലം നൽകുന്നതായി ലേഖകന് നേരിട്ടറിയാവുന്നതാണ്. ബോർണിയോയാണിതിന്റെ ജന്മദേശമെങ്കിലും മലേഷ്യ മുതലായ സ്ഥലങ്ങളിൽ പ്രസിദ്ധി പെറ്റ ഒരു പഴമായ ദുരിയാൻ കേരളത്തിലെ പലർക്കും അത്ര സുപരിചിതമല്ല. എത്ര തിന്നാലും കൊതി തീരുകയില്ലെന്നതാണ് ഈ പഴത്തിന്റെ ഒരു പ്രത്യേകത.
ദുരിയാന്റെ പുറന്തോട് ചക്കയുടേതു പോലെ നീണ്ടു കൂർത്ത മുള്ളുകളാൽ നിർമിതമാണ്. പാകമായ ഒരു ദുരിയാൻ പഴത്തിന് ഏകദേശം 4 കിലോഗ്രാം ഭാരം ഉണ്ടായിരിക്കും. പച്ചയും മഞ്ഞയും തവിട്ടും ചേർന്നുണ്ടാകുന്ന നിറമാണിതിൻ്റേത്. ഇതിൻ്റെ സ്വാദ് വർണനാതീതമാണ്.
ഇതിന് താന്നിമരത്തോട് വളരെയധികം സാദൃശ്യമുണ്ട്. നല്ല ചൂടും അന്തരീക്ഷത്തിൽ ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് ഇത് വളരാൻ ആവശ്യം. മണ്ണിൽ നല്ല ഈർപ്പവും വളക്കൂറും ഇതിൻ്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. വിത്തു കിളിർപ്പിച്ചാണ് സാധാരണയായി ഇവ കൃഷി ചെയ്യുന്നതെങ്കിലും പതിവച്ചെടുത്ത തൈകളും വിജയകരമായി കൃഷി ചെയ്തു വരുന്നുണ്ട്. നൂറടിയോളം ഉയരത്തിൽ മലേഷ്യയിലും മറ്റും ഇതു വളരുന്നു. ആയതിനാൽ പഴം താഴെ വീഴുമ്പോൾ അവ ചിതറിപ്പോകുന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ മരത്തിൻ്റെ ചുവടു കിളച്ചിടുകയോ മരച്ചുവട്ടിൽ കയറുവല കെട്ടുകയോ ചെയ്യുന്നു.
വെണ്ണപോലെ മാർദവമുള്ളതാണ് ഇതിൻ്റെ ചുള. നേർത്ത പാട കൊണ്ട് ആവരണം ചെയ്‌ത അറകളിലാണ് മാംസളമായ ഭാഗം സ്ഥിതി ചെയ്യുന്നത്. അതിനുള്ളിലാണ് കുരു കാണപ്പെടുന്നത്. കുരു കിളിർപ്പിക്കാൻ ഉപയോഗിക്കുന്നതല്ലാതെ മറ്റൊന്നിനും സാധാരണ ഉപയോഗിക്കാറില്ല. ദുരിയാൻ പഴത്തിൻ്റെ 58 ശതമാനം ജലാംശവും 2.8 ശതമാനം മാത്സ്യാംശവും, 3.9 ശതമാനം കൊഴുപ്പും, 1.2 ശതമാനം ധാതുലവണ ങ്ങളും, 34.1 ശതമാനം സസ്യനൂറും അടങ്ങിയിട്ടുണ്ട്.
Share your comments