Organic Farming

അധികമായാൽ കുങ്കുമവും വിഷം -കിലോയ്ക്ക് മൂന്ന് ലക്ഷത്തിലേറെ വിലയുള്ള കുങ്കുമ ചരിതം

പ്രമോദ് മാധവൻ

ഒരു കിലോയ്ക്ക് മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന ഒരു കാർഷിക ഉൽപ്പന്നമാണ് കുങ്കുമം അഥവാ സാഫ്രോൺ. അതിന്റെ ഗുണങ്ങളെക്കുറിച്ചും വിപണിയിൽ നിന്നും വാങ്ങേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണ് ഇന്നത്തെ ലേഖനം.

മഴ കുറഞ്ഞ തണുപ്പ് കൂടിയ പർവ്വത പ്രദേശങ്ങളുടെ താഴ്വാരങ്ങളിൽ വിരിയുന്ന അതീവ സൗന്ദര്യമുള്ള പൂക്കൾ. പൂവിനുള്ളിൽ ഉയർന്നു നിൽക്കുന്ന ചുവന്ന ജനി തന്തുക്കൾ (stigma ) മൂന്നെണ്ണം.പൂ പറിച്ചു അതിൽ നിന്നും ജനിതന്തുക്കൾ മാത്രം ശ്രദ്ധയോടെ പറിച്ചെടുത്തു 10-12 മണിക്കൂർ കൃത്രിമ ഊഷ്മാവിൽ ഉണക്കി എടുക്കുന്ന കുങ്കുമം എന്നും നമ്മളെ മോഹിപ്പിച്ചിട്ടുണ്ട്.
കറുപ്പിനോട് വിപ്രതിപത്തി കാണിക്കുന്ന ദമ്പതികൾ തങ്ങൾക്കു വെളു വെളുത്ത സന്തതിയെ കിട്ടാൻ വേണ്ടി ഇത് വാങ്ങി സ്വന്തം കീശയും വെളുപ്പിച്ചിട്ടുണ്ടാകാം. എന്നാൽ ഭ്രൂണത്തിന് തൊലിവെളുപ്പു നൽകാൻ ഇതിനു കഴിവുണ്ടെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല. എന്നാൽ മറ്റു പല ഔഷധ ഗുണങ്ങൾ ഉണ്ട് താനും.

ലോകത്തിൽ ഏറ്റവും കൂടുതൽ കുങ്കുമം ഉൽപ്പാദിപ്പിക്കുന്നത് ഇറാൻ ആണ്. പിന്നാലെ ഇന്ത്യ, സ്പെയിൻ, ഗ്രീസ് എന്നിവരും. എന്നാൽ ഏറ്റവും വില കൂടിയ കുങ്കുമം ആയി കണക്കാക്കുന്നത് സ്പെയിൻലെ ലാ -മഞ്ച യും കാശ്മീരി കുങ്കുമവും ആണ്. ഏറ്റവും കൂടുതൽ മായം ചേർക്കപ്പെടാവുന്ന സാധ്യതയും ഇതിനുണ്ട്.

കേരളത്തിൽ kunkum ഏറ്റവും കൂടുതൽ വാങ്ങുന്നത് ഗുരുവായൂർ അമ്പലത്തിൽ ആണെന്ന് കാണുന്നു. 12കിലോയോളം കുങ്കുമം ജമ്മു & കാശ്മീർ അഗ്രോ ഇൻഡസ്ട്രീസ് ഡെവലൊപ്മെന്റ് കോര്പറേഷന് വഴിയാണത്രെ വാങ്ങുന്നത്. കുങ്കുമാഭിഷേകത്തിനു തന്നെ ഇതുപയോഗിക്കുന്നു എന്ന് കരുതാം, ഇല്ലേ?

ചില സീസണുകളിൽ ശൂന്യതയിൽ നിന്നെന്ന പോലെ മണ്ണിൽ ലില്ലിപ്പൂക്കൾ വിടർന്നു വരുന്നത് പോലെ, ചുവട്ടിൽ ഉള്ള കിഴങ്ങിൽ നിന്നാണ് കുങ്കുമച്ചെടികൾ മുള പൊട്ടി വരുന്നത്. Crocus sativus എന്ന് ശാസ്ത്രീയ നാമം. ഒരു പൂവിൽ നിന്നും 7mg കുങ്കുമം കിട്ടും.(1000മില്ലി ഗ്രാം ആണ് ഒരു ഗ്രാം എന്നോർക്കണം ). 150 പൂവിൽ നിന്നും ഒരു ഗ്രാം. ഒരു കിലോ കുങ്കുമം കിട്ടാൻ ഒന്നര ലക്ഷം പൂക്കൾ. ഓരോ പൂവിൽ നിന്നും ചുവന്ന് നേർത്ത മൂന്ന് ജനിതന്തുക്കൾ. ഇത്രയും പൂക്കൾ പറിച്ചു ശ്രദ്ധയോടെ ഒരു കിലോ കുങ്കുമം ഉണ്ടാക്കാൻ ഏകദേശം നാല്പ്പതു മണിക്കൂർ നേരത്തെ കഠിനാധ്വാനം. വില കൂടാൻ കാരണം തേടി അലയേണ്ടതില്ലല്ലോ. ദോശ ചുട്ടെടുക്കുംപോലെ കുങ്കുമം ഉണ്ടാക്കാൻ കഴിയില്ല. അത് തന്നെ ആണ് വിലക്കൂടുതലിനുള്ള കാരണവും. കഷ്ടിച്ച് 22 ടൺ ആണ് ഇന്ത്യയുടെ വാർഷിക ഉൽപ്പാദനം തന്നെ എന്നറിയുമ്പോൾ പങ്കപ്പാട് മനസ്സിലാക്കാം.

ഇത്രയും കേൾക്കുമ്പോൾ എന്തോ അമൂല്യ രുചിയാണ് കുങ്കുമത്തിനു എന്ന് തോന്നിയേക്കാം. അനുഭവസഥർ പറയുന്നത് ലോഹരൂചിയുള്ള തേനിന്റെ പോലെ ഉള്ള കയ്പ് കലർന്ന രുചിയും വൈക്കോലിന്റെ മൃദു സുഗന്ധവുമാണ് എന്നാണ്. കുങ്കുമത്തിനു മഞ്ഞ കലർന്ന ചുവപ്പ് നിറം നൽകുന്നത് ക്രോസിൻ എന്ന വര്ണകവും കയ്പ് രുചി കൊടുക്കുന്നത് പിക്രോ ക്രോസിനും പുൽമണം നൽകുന്നത് സാഫ്രാനാൽ എന്ന വസ്തുവുമാണ്. ഇതിന്റ ഏറ്റ കുറച്ചിലുകൾ ആണ് കുങ്കുമത്തിന്റെ നിലവാരം നിശ്ചയിക്കുന്നത്. ഇതറിയാൻ സ്‌പെക്‌ട്രോ ഫോട്ടോമെട്രി വഴിയുള്ള ഗുണനിലവാര പരിശോധന കയറ്റുമതിയ്ക്കു നിര്ബന്ധമാണ്. ISO 3632മുദ്രയും വേണം. ഇതോടൊപ്പം ഭൗതിക പരിശോധനയും ഉണ്ട്. ജനി തന്തുക്കൾ മാത്രമേ പാടുള്ളൂ. അതോടൊപ്പം ഉള്ള മഞ്ഞ നിറത്തിലെ തണ്ടുകൾ (style )ഉണ്ടെങ്കിൽ വില കുറയും. അങ്ങനെ I, II, III ഗ്രേഡുകൾ ആക്കി ആണ് വില നിശ്ചയിക്കുക.

മായം ചേർക്കുന്നവർ ഇതിൽ ബീറ്റ്റൂട്ട് നാരു പോലെ കീറി ഉണക്കി ചേർക്കും. സിൽക്ക് നൂലുകളിലും ചോളകായ്കളുടെ അഗ്ര ഭാഗത്തുള്ള നൂൽ പോലെ ഉള്ള ഭാഗത്തിൽ നിറം ചേർത്തുണക്കിയും ഒക്കെ മായം ചേർക്കൽ പതിവാണ്. അറിയാത്ത പിള്ള പെട്ടു പോകും.

പാചക ആവശ്യം, പാനീയങ്ങളിൽ നിറം ചേർക്കൽ, ഔഷധ ആവശ്യങ്ങൾ എന്നിവയ്ക്ക് വേണ്ടി ആണ് കുങ്കുമം കൂടുതലായി ഉപയോഗിക്കുന്നത്. അറേബ്യൻ, പേർഷ്യൻ, കാശ്മീരി പാചക വിധികളിൽ കുങ്കുമം ചേർത്തുണ്ടാക്കുന്ന വിശിഷ്ട വിഭവങ്ങൾ അനവധിയുണ്ട്. വില കൂടിയ മദ്യങ്ങളിൽ പ്രകൃതി ദത്ത നിറം കിട്ടാൻ ഇതുപയോഗിക്കുന്നു. ഗ്ലെൻ ഫിഡിച്ചിന്റെയും കല്ലഗന്റെയും വിലയൊക്കെ അറിയാമല്ലോ?

ധാരാളം ആന്റി ഓക്സിഡന്റ്സ് ഉള്ളതിനാൽ കാൻസർ ചെറുക്കും. മൂഡ് ക്രമ പെടുത്താൻ കഴിവുണ്ട്. ലൈംഗിക ഉത്തേജന ശേഷി ഉണ്ട്. എത്ര വിലയാണെങ്കിലും വിറ്റഴിക്കാൻ വേറെ കാരണം വേണ്ടല്ലോ.

കാശ്മീരികളുടെ ഇഷ്ട പാനീയമായ കഹ്‌വയിൽ ഏലക്ക, കറുവപ്പട്ട, കുങ്കുമം എന്നിവയാണ് പ്രധാന ചേരുവകൾ. രുചി കൂട്ടാൻ തേനും ചീകിയ ബദാമും ഉപയോഗിക്കാറുണ്ട്.

കാശ്മീരി കുങ്കുമം പ്രധാനമായും മൂന്ന് ഗ്രേഡുകളിൽ കിട്ടും. ഏറ്റവും മുന്തിയത് ലാച്ച. ചുവന്ന ജനി തന്തുക്കൾ മുറിയാതെ തന്നെ കിട്ടിയത് മാത്രം.

രണ്ടാം ഗ്രേഡ് മോൻഗ്ര. അല്പം നിറം കുറഞ്ഞ, എന്നാൽ മുറിയാത്ത ജനി തന്തുക്കൾ ചേർത്ത് ഒരു നാരു കൊണ്ട് കെട്ടി യാണ് പാക്ക് ചെയ്തു കിട്ടുക.

മൂന്നാം ഗ്രേഡ് ഗുച്ചി. അൽപ സ്വല്പം മഞ്ഞ നിറത്തിൽ ഉള്ള ജനി തണ്ടും (style) അതിൽ കണ്ടേക്കും. . നാരുകൾ ലൂസ് ആയി പാക്ക് ചെയ്തു വിപണിയിൽ വരും. നേരത്തെ പറഞ്ഞ പോലെ മായം കലരാനും സാധ്യത കൂടുതൽ ഇതിൽ ആയിരിക്കും.

ഭൗമ സൂചികാ പദവികൾ ലഭിച്ച കുങ്കുമങ്ങൾ താഴെ പറയുന്നവ ആണ്. സ്പെയിനിലെ ലാ -മഞ്ച, ഇറ്റലി യിലെ ലാക്വില്ല, ഗ്രീസിലെ കൊസാനി.

ഇറാൻ ആണ് ലോകത്ത് ഏറ്റവും കൂടുതൽ കുങ്കുമം ഉൽപ്പാദിപ്പിക്കുന്നത്. അവർ WTO യിൽ അംഗമല്ല. മായം ചേർന്നതും ഗുണ നിലവാരം കുറഞ്ഞതും പലപ്പോഴും ഇറാനിയൻ കുങ്കുമം ആണ്.

ഒരാൾ ഒരു ദിവസം 1.5 ഗ്രാമിൽ കൂടുതൽ കുങ്കുമം കഴിക്കാൻ പാടില്ല. അതിൽ കൂടിയാൽ പ്ലേറ്റ് ലെറ്റ്‌ കൗണ്ട് പെട്ടെന്ന് കുറയാനും ബ്ലീഡിങ് ഉണ്ടായി ഗുരുതരാവസ്ഥയിൽ ആകാനും സാധ്യത ഉണ്ട്. വിഷാദ രോഗ ചികിത്സ യിൽ ഹെർബൽ റെമഡി ആയും പ്രീ മെൻസ്ട്രുവൽ സിൻഡ്രം ചികിൽസിക്കാനും ഇതുപയോഗിക്കാറുണ്ട്. സൗന്ദര്യ വർധക വസ്തുക്കളിലും ഉപയോഗിക്കുന്നു. പക്ഷെ കുഞ്ഞുങ്ങൾക്ക് തൊലിവെളുപ്പു കിട്ടാൻ ഉപകരിക്കും എന്നത് വെറും മിത്ത് മാത്രം.

വാൽ കഷ്ണം :ഒരു കിലോ കുങ്കുമം ഉൽപ്പാദനത്തിന്

0.7 ഹെക്ടർ സ്ഥലത്തു കൃഷി ചെയ്യേണ്ടി വരുമത്രെ.രണ്ടര ഏക്കറാണ് ഒരു ഹെക്ടർ. ഒരു ചെറിയ ഫുട് ബോൾ മൈതാനത്തിന്റെ വലിപ്പം. മാത്രമല്ല എല്ലാ പൂക്കളും വിരിയുന്നത് ഏകദേശം 15 ദിവസത്തെ ഗ്യാപ്പിൽ. അപ്പോൾ മുഴുവൻ പറിച്ചു പാകപ്പെടുത്തി എടുക്കാൻ രാവും പകലും അധ്വാനിക്കേണ്ടി വരും.

എന്നാൽ അങ്ങട്.

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
കൊല്ലം


English Summary: kUMKUM IS A BETTER FLOWER FOR HEALTH AND PROSPERITY

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine