1. Organic Farming

മാന്തളിർ മുറിയൻ ഒന്ന് കേറി മേഞ്ഞാൽ പിന്നെ മാന്തളിരിന് നിലനിൽപ്പില്ല

മാന്തളിർ മുറിയൻ ഒന്ന് കേറി മേഞ്ഞാൽ പിന്നെ മാന്തളിരിന് നിലനിൽപ്പില്ല

Arun T

മാന്തളിർ മുറിയൻ ഒന്ന് കേറി മേഞ്ഞാൽ പിന്നെ മാന്തളിരിന് നിലനിൽപ്പില്ല.

തളിര് ഒന്ന് മൂത്ത് കഴിഞ്ഞാൽ അല്ലേ 6-8 മാസങ്ങൾ കഴിഞ്ഞ് അതിൽ പൂക്കൾ പിടിയ്ക്കൂ..

ഓരോ തവണയും മാവിന് തളിര് വരുമ്പോൾ നീയിങ്ങനെ വെട്ടിയിട്ടാൽ പിന്നെ നിന്റെ കുടുംബത്തിൽ പെട്ട കായീച്ചകൾക്ക് എങ്ങനെ മാങ്ങ തിന്നാൻ പറ്റും.

എല്ലാവരും ശ്രദ്ധിക്കുക.

കണ്ണിൽ എണ്ണയൊഴിച്ച്,മാവിനെ പരിപാലിച്ചു കൊണ്ടുവരുന്നവരെ കണ്ണീരിലാഴ്ത്തുന്നവൻ മാന്തളിർ മുറിയൻ. (Mango Leaf Cutting weevil, Depoarus marginatus).

ആളിൽ കുറിയവൻ.

അതിരാവിലെ പോയി തളിരിലകൾ നോക്കിയാൽ ചിലപ്പോൾ കാണാൻ കഴിഞ്ഞേക്കും.

ഇന്ത്യയിൽ മാത്രമല്ല പാകിസ്ഥാനിലും ബംഗ്ലാദേശിലും ഒക്കെ മാവിൽ ഈപ്പണി തന്നെയാണ് മൂപ്പർക്ക്.

പെൺവണ്ട് തന്റെ ജീവിതകാലമായ ഏഴ് ആഴ്ച കൊണ്ട് ഏതാണ്ട് 600മുട്ടകൾ വരെ ഇടും.

ആണിന് ആയുസ് കുറവാണ്. കഷ്ടിച്ച് ഒരാഴ്ച. വല്യ ശല്യക്കാരനല്ല. ഉണ്ണിയുണ്ടാകാൻ സഹായിക്കുക മാത്രമാണ് കർമ്മം.

പെണ്ണൊരുത്തി തളിരിലയുടെ നടുനാമ്പ് നോക്കി മുട്ട തറച്ചു വയ്ക്കും. അതിനായി സ്പെഷ്യൽ 'മുട്ട തറപ്പൻ '(ovipositor )എന്ന ഒരവയവം ദൈബം തമ്പുരാൻ കനിഞ്ഞനുവദിച്ചിട്ടുണ്ട്.

മുട്ടയിട്ട് കഴിഞ്ഞാൽ ഉടൻ അടുത്ത പണി തുടങ്ങും. നേരെ ഇലത്തണ്ടിന്റെ രണ്ട് വശത്തുനിന്നും കീറി, നടുനാമ്പും മുറിച്ചു ഇല മണ്ണിൽ വീഴ്ത്തും. വീണ ഇലയിൽ നിന്നും രണ്ട് ദിവസം കൊണ്ടു മുട്ട വിരിയും. അതിന് ശേഷം ഒരാഴ്ച കൊണ്ട് വളർന്ന് മൺ കൂടുകളിൽ സമാധിയിരുന്ന് ആണോ പെണ്ണോ ആയി പുറത്ത് വരും. അവർ വീണ്ടും ഇലകൾ മുറിച്ചിടും. അങ്ങനെ മാവിലകളുടെ ബാലശാപം ഏറ്റുവാങ്ങും.

'സന്താനഗോപാലത്തിലെ അർജുനനെ പോലെ ഗാണ്ടീവവുമായി
കാവൽ നിൽക്കേണ്ടി വരും മാന്തളിരിനെ കാപ്പാത്താൻ.

എന്താണ് രക്ഷാമാർഗം?

തളിരില വിരിയുമ്പോൾ തന്നെ നമ്മൾ ജാഗരൂകരാകണം.

കഴിഞ്ഞ വർഷം വന്നെങ്കിൽ ഇക്കൊല്ലവും വരും. കാരണം അവന്റെ അപ്പന്റെ റഡാറിൽ മാവിന്റെ ലൊക്കേഷൻ പതിഞ്ഞിട്ടുണ്ട്.ആ പെൻഡ്രൈവ് മോന്റെ DNA യിൽ ഉണ്ടാകും.

തളിരിലകൾക്ക് വീതിയാകുമ്പോൾ തന്നെ 2% വീര്യത്തിൽ വേപ്പെണ്ണ -വെളുത്തുള്ളി -ബാർ സോപ്പ് മിശ്രിതം തളിക്കണം.

കുറച്ച് കൂടി കാര്യക്ഷമത വേണമെങ്കിൽ Ekalux 2ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം.

ഇനി കുറച്ച് സുരക്ഷിതത്വം കൂടുതൽ വേണമെന്ന് തോന്നിയാൽ Mammalian Toxicity കുറഞ്ഞ Coragen 1.5ml, 5ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കാം.

മുറിഞ്ഞ് തറയിൽ വീണ ഇലകളിൽ മുട്ടകൾ ഉണ്ടെന്ന് പറഞ്ഞല്ലോ. ആയതിനാൽ അവയെല്ലാം തൂത്ത് കൂട്ടി കത്തിക്കണം.

നന്നായി പൊടിച്ച വേപ്പിൻ പിണ്ണാക്ക് മാവിന്റെ ചുവട്ടിൽ വിതറി കൊത്തി ചേർക്കണം.അത്‌ സമാധി ദശയ്ക്ക് പണി കൊടുക്കാൻ.

ഇത്രയൊക്കെ ചെയ്യാമെങ്കിൽ ചെയ്തോളൂ. നിങ്ങൾ കരുതുന്നതിലും ഭീകരൻ ആണിവൻ.

പ്രമോദ് മാധവൻ

English Summary: mango tree flower cutting insect

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds