മുക്കുറ്റിയെ മുറികൂട്ടിയായിട്ടാണ് നാട്ടുവൈദ്യൻമാർ വിശേഷിപ്പിക്കുന്നത്. ജെറാനിയേസി സസ്യകുടുംബത്തിൽപ്പെട്ട ഒറ്റമൂലി സസ്യമാണ് മുക്കുറ്റി. “ബയോഫിറ്റം കാൽഡോലിയാനം' എന്ന പേരിൽ വനത്തിൽ വളരുന്ന അൽപ്പം കൂടി വലിപ്പമുള്ള ഒരിനം മുക്കുറ്റിയും സമാനസാഹചര്യങ്ങളിൽ ഒറ്റമൂലിയായി ഉപയോഗിക്കുന്നു. വന്യമായി വളരുന്ന വലിയ മുക്കുറ്റിയും വീട്ടുവളപ്പിൽ വളരുന്ന ബയോഫിറ്റം സെൻസിന്റെവം എന്ന ചെറിയ മുക്കുറ്റിയും ഒരു പോലെ ഔഷധാവശ്യത്തിന് ഉപയോഗിക്കാം .
വന്യജനത്തിന് ഉയരവും ഇലകൾക്ക് നീളവും മൊത്തമായി വേരുപടലത്തിന് കൂടുതൽ വ്യാപ്തിയും കണ്ടുവരുന്നു. ഔഷധയോഗ്യമായ ഭാഗം സമൂലമാകയാൽ വലിയ ചെടികൾ കുറച്ചു മതിയാകും. മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വലിയ മുക്കുറ്റിയുടെ വളർച്ചാ ശൈലിയിലാണ് ഈ വ്യത്യാസം. ഒരു ചെടി മൂന്നുവർഷത്തോളം വളർന്ന് വംശവർധനവ് നടത്തുന്നു. ചെറിയ മുക്കുറ്റി പത്തു മാസം മുതൽ ഒരു വർഷക്കാലയളവിൽ നശിക്കുന്നു.
കൃഷിരീതി
വീട്ടുവളപ്പിൽ ധാരാളം മുക്കുറ്റി നൈസർഗികമായി വളരുന്നുണ്ടെങ്കിൽ പ്രത്യേക കൃഷിവേണ്ട സ്വന്തം വീട്ടുവളപ്പിൽ മുക്കുറ്റിയെ തിരിച്ചറിഞ്ഞ് പരിചരിക്കുക. വളരാൻ അനുവദിക്കുക. സ്ഥലലഭ്യത കുറഞ്ഞ വീട്ടുവളപ്പുകളിൽ ചെറിയ പോളിത്തീൻ കവറുകളിലോ ചട്ടികളിലോ വളർത്താം.
സ്വയംവിതയും വളർച്ചയും
കർണാടക, മഹാരാഷ്ട്ര, ബംഗാൾ, ഡക്കാൻ, കേരളം എന്നിവിടങ്ങളിൽ നൈസർഗികമായി വളരുന്നു. ഒരു മുക്കുറ്റിച്ചെടി പൂവിട്ട് പരാഗണം നടന്ന് കായ്ക്കൊണ്ടാൽ ആ ഫലം അഞ്ചു ഭാഗങ്ങളായി സടനം ചെയ്യുന്നു. ധാരാളം വിത്തുകൾ അടങ്ങുന്ന ഒരു ക്യാൾ പാകമായി വിത്ത് വിതരണം നടക്കുന്നു. സമീപപ്രദേശം മുഴുവനും വെട്ടും കിളയും ഉണ്ടെങ്കിലും ഇല്ലെങ്കിലും ധാരാളം തൈകൾ മുളച്ച് ശക്തിയായി വളരുന്നു. ഇവ സാധാരണഗതിയിൽ ഏകവർഷിയായ ചെടികളാണ്.
ജീവിതചക്രം പൂർത്തിയാക്കുന്നതിനു മുൻപ് പ്രജനനം നടത്തി ധാരാളം തൈകൾ ഉൽപ്പാദിപ്പിക്കുന്നു. പൂവിടുന്ന പ്രായത്തിനു മുൻപ് ഇവ ഇളക്കി വേരിന് കേടുവരുത്താതെ ചട്ടിയിലോ കവറിലോ നടാം. ഈർപ്പമുള്ള സ്ഥലങ്ങളിൽ അതിവേഗം വളരും. വളർച്ചയേയും വംശവർധനവിനേയും തണൽ ഒരു കാരണവശാലും ബാധിക്കാറില്ല. കീടരോഗ സംരക്ഷണമോ മറ്റു പരിചരണങ്ങളും തീരെ ആവശ്യമില്ല.
Share your comments