ചെടികളുടെ വേരുകള്‍ ഭൂമിക്കടിയിലേക്ക് വളരുന്നതും, ചെടികളുടെ അഗ്രഭാഗം സൂര്യനെ നോക്കി വളരുന്നത്. എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഹോര്‍മോണുകള്‍ ആണ് ഇതിലെ സൂത്രധാരന്മാര്‍. ഇവരാണ് ചെടികളെ ഈ രീതിയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രധാന സസ്യഹോര്‍മോണുകള്‍ ഓക്‌സിന്‍, സൈറ്റോകൈനിന്‍, ഗിബ്ബറെല്ലിന്‍, അബ്‌സിസിക് ആസിഡ്, എത്തിലീന്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നു. വളരെ ചെറിയ അളവില്‍ മാത്രം ഉല്പാദിപ്പിക്കുന്ന ഇവ സസ്യശരീരത്തില്‍ ദീര്‍ഘദൂരം സഞ്ചരിച്ചാണ് അത്ഭുതങ്ങള്‍ നിരന്തരം സൃഷ്ടിക്കുന്നത്.
ഓക്‌സിന്‍ എന്ന ഹോര്‍മോണ്‍ ആണ് ചെടികളുടെ അഗ്രഭാഗം സൂര്യപ്രകാശം തേടിവളരാനും, വേരുകള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണശക്തി അന്വേഷിച്ചു പോകാനും കാരണം അമ്ല അംശമുള്ള ഈ സസ്യഹോര്‍മോണ്‍ തന്നെയാണ് ആദ്യം കണ്ടുപിടിക്കപ്പെട്ടത്. IAA എന്ന രാസ രൂപത്തിലാണ് ഇത് പ്രകൃത്യാ കാണുന്നത്. നഴ്‌സറികളില്‍ തണ്ടുകളില്‍ വേര് പിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഓക്‌സിന്‍ പദാര്‍ത്ഥങ്ങളാണ് NAA, IBA മുതലായവ. 2,4-D, 2,4,5-T എന്നീ പ്രധാനപ്പെട്ട കളനാശിനികള്‍ ഈ ഗണത്തില്‍ പെടുന്നു. വിയറ്റ്‌നാം യുദ്ധത്തില്‍ യു.എസ് ഉപയോഗിച്ച ഏജന്റ് ഓറഞ്ച് എന്ന വസ്തു ഇവയുടെ മിശ്രിതമായിരുന്നു. അത്ര മാത്രം അപകടകാരികളും ഓക്‌സിന്‍ കുടുംബത്തിലുണ്ട് എന്നറിയുക.
തേങ്ങയുടെ കാമ്പില്‍ കാണുന്ന ഹോര്‍മോണാണ് സൈറ്റോകൈനിന്‍. ഓക്‌സിന്‍ പോലെ തന്നെ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഹോര്‍മോണാണ് സൈറ്റോകൈനിന്‍. പേര് സൂചിപ്പിക്കുന്നതു പോലെ കോശങ്ങളെ വിഘടിപ്പിക്കുവാന്‍ കഴിവുണ്ടിവയ്ക്ക്. സുഷുപ്തിയില്‍ കഴിയുന്ന വിത്തുകളെ ഉണര്‍ത്തുവാന്‍ പ്രത്യേക കഴിവുണ്ടിവയ്ക്ക്. അതുകൊണ്ടുതന്നെ വിത്തുകള്‍ മുളപ്പിയ്ക്കാന്‍ ഇവ ഉപയോഗിക്കുന്നു. വര്‍ഷങ്ങളായി കായ്ഫലം തരാത്ത സസ്യങ്ങളില്‍ തേങ്ങ വെള്ളം സ്‌പ്രേ ചെയ്യുമ്പോള്‍ പൂവിടുന്നത് പല കര്‍ഷകര്‍ക്കും അനുഭവമാണ്.
അപ്രതീക്ഷിത രീതിയില്‍ ഉയരം നല്‍കാന്‍ പ്രത്യേക കഴിവുള്ള സസ്യഹോര്‍മോണാണ് ഗിബ്ബറെല്ലിന്‍. അമ്ലാംശമുള്ള ഇത് വിത്ത് മുളപൊട്ടാന്‍ വലിയ തോതില്‍ സഹായിക്കുന്നു.കാബേജ്, കോളിഫ്‌ളവര്‍ പോലുള്ള വിളകള്‍ സാധാരണയായി ഒക്ടോബര്‍-നവംബര്‍ മാസം നട്ട് ഡിസംബര്‍ -ഫെബ്രുവരി മാസം വിളവെടുക്കുന്നു. ഗിബ്ബറെല്ലിന് സ്‌പ്രേ നല്‍കിയാല്‍ ഇത് ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാം.
ABA,അബ്സിസിക് ആസിഡ് എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന ഇവയ്ക്ക് ഒരു വില്ലന്‍ പരിവേഷമാണ് എങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ചെടികളെ പരിരക്ഷിക്കുന്ന ഇവിടെ പ്രത്യേക സ്വഭാവ സവിശേഷത നിമിത്തം ഇപ്പോള്‍ താരമായി മാറിയിരിക്കുന്നു ഇത്. അത്യാവശ്യ സമയങ്ങളില്‍ ചെടികള്‍ക്ക് വെള്ളം കൂടുതലായി എത്തിക്കുന്നതിന് വേരുകളുടെ വളര്‍ച്ച കൂട്ടും. ഒപ്പം ഊര്‍ജ്ജം നഷ്ടപ്പെടാതിരിക്കുവാന്‍ കാണ്ഡങ്ങളുടെ വളര്‍ച്ച കുറയ്ക്കുകയും ചെയ്യും. ജലാംശം കുറയാതിരിക്കാന്‍ ഇലകളില്‍ കാണപ്പെടുന്ന 'സ്റ്റോമേറ്റ' എന്ന സുഷിരങ്ങള്‍ പകുതി അടയ്ക്കുകയും ചെയ്യും. അമിതമായി ഊര്‍ജ നഷ്ടം ഒഴിവാക്കാന്‍ ചെടികള്‍ ഇല പൊഴിക്കുന്നതും ഇവയുടെ സ്വാധീനം കൊണ്ടാണ്.
തീന്‍മേശയില്‍ പഴുത്ത പഴങ്ങളുടെ അടുത്ത് വച്ചിരിക്കുന്ന പച്ചപഴവര്‍ഗങ്ങള്‍ പെട്ടെന്ന് പഴുക്കുന്നത് കണ്ടിട്ടില്ലേ ? ഇതിന് കാരണം എതിലിന്‍ എന്ന ഹോര്‍മോണാണ്. വാതകരൂപത്തിലുള്ള ഇവ പഴങ്ങളുടെ ഉത്പാദനത്തിന് സ്തുത്യര്‍ഹമായ പങ്കു വഹിക്കുന്നു. ചെടികളുടെ സമീപം പുകയ്ക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ എത്തിലീന്‍ ഉണ്ടാകുകയും പുഷ്പിക്കുന്നതിന് ചെടിയെ സഹായിക്കുകയും ചെയ്യും. എത്തിഫോണ്‍ എന്ന രാസവസ്തു എത്തിലീന്‍ ഉല്പാദിപ്പിക്കുന്നതിനാലാണ് പൈനാപ്പിള്‍ പൂവിടാന്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്.
ഇങ്ങനെ നീളുന്നു സസ്യ ഹോര്‍മോണുകളുടെ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തന മികവുകള്‍. ഇവയെല്ലാം തന്നെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നതെങ്കിലും ഹോര്‍മോണുകള്‍ തമ്മില്‍ പരസ്പരം പല കാര്യങ്ങള്‍ക്കു സദാ ഒരു തരം ആശയവിനിമയം നടക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
അങ്ങനെ വിത്തുമുതല്‍ വിത്തു വരെയുള്ള സസ്യവളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഹോര്‍മോണുകളുടെ നിരന്തര സാന്നിധ്യം കൂടിയേ തീരൂ.
ഡോ. നിയ സെലിന്‍, കൃഷി ആഫീസര്‍, പെരിങ്ങമല
Share your comments