മധുരത്തുളസിയുടെ ഇലയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന പഞ്ചസാര കരിമ്പിൽ നിന്ന് എടുക്കുന്ന പഞ്ചസാരയെക്കാൾ മുപ്പതിരട്ടി മധുരമുള്ളതാണ്. മാത്രമോ ഈ പഞ്ചസാര പ്രമേഹബാധിതരെ മധുരിക്കുന്ന ഒരു ലോകത്തേക്ക് പുനർജൻമമെന്നോണം കൂട്ടി കൊണ്ടുപോകുകയും ചെയ്യുന്നു. സ്റ്റീവിയയിൽ നിന്നുള്ള പഞ്ചസാരയുണ്ടെങ്കിൽ മനഃപ്രയാസമില്ലാതെ മധുരം നുണയാമത്. ഔഷധനിർമാതാക്കൾക്കും രോഗികൾക്കും കർഷകർക്കും പ്രകൃതിയുടെ ഈ വരദാനം വേണ്ടുവോളം എത്തിച്ചുകൊടുക്കുന്നതോടൊപ്പം, ഈ സസ്യത്തെ അധികരിച്ചുള്ള അധിക ഗവേഷണങ്ങളും പുരോഗമിക്കേണ്ടിയിരിക്കുന്നു. സ്റ്റീവിയ പൊടി രൂപത്തിൽ ലഭ്യമാണ്. ഇതു ചേർത്തുണ്ടാക്കുന്ന മധുരപലഹാരങ്ങളും പാനീയങ്ങളും മിഠായി വർഗങ്ങളും, എന്തിനേറെപ്പറയുന്നു പാൽപായസവും പാലടയും പോലും സ്റ്റീവിയയിൽ നിന്നെടുക്കുന്ന പഞ്ചസാര ചേർത്തുണ്ടാക്കാമത്.
സ്റ്റീവിയ എങ്ങനെ കൃഷി ചെയ്യാം?
ഏതു മണ്ണിലാണ് സ്റ്റീവിയ നന്നായി വളരുക ? ഇതിനുത്തരം മറ്റൊന്നുമല്ല ജൈവാംശം വേണം വെള്ളം വേണം. പക്ഷേ, വെള്ളക്കെട്ട് പറ്റില്ല. അമ്ലാംശം ആവോളമാകാം. പക്ഷേ, ജലനിർഗമന സൗകര്യം ഒപ്പമുണ്ടായിരിക്കണം. ക്ഷാരാംശത്തിന്റെ അതിപ്രസരമുള്ള മണ്ണിൽ ഏറിയതോതിൽ ജൈവവളപ്രയോഗവും ചിട്ടയായ കൃഷിപ്പണികളും ജലസേചനവും ഒപ്പം ജലനിർഗമനവും സമന്വയിപ്പിച്ചാൽ സ്റ്റീവിയ വളരും. മുന്തിയ വിളവ് ലഭിക്കുക ബുദ്ധിമുട്ടാണ്. ഒപ്പം കൃഷിച്ചെലവും അധികരിക്കും. കേരളത്തിൽ മിക്കസ്ഥലങ്ങളിലും എല്ലാത്തരം മണ്ണിലും യഥേഷ്ടം കൃഷിയിറക്കാവുന്ന ഒരു അനുഗൃഹീത ഔഷധികൂടിയാണ് സ്റ്റീവിയ. നല്ല വിളവും മുന്തിയ ആദായവും ഉറപ്പ്. കൃഷിരീതി പഠിക്കുകയും പ്രായോഗികപരിജ്ഞാനം നേടുകയും വേണമെന്നു മാത്രം
പ്രജനനം
വിത്തിലൂടെ പ്രജനനം അസാധ്യമല്ലെങ്കിലും, മുഖ്യ നടീൽവസ്തു തലക്കമാണ്. നടീൽ വസ്തുവായി ഉപയോഗിക്കുന്ന തലക്കങ്ങൾക്ക് വംശ വർധനവിനു വേണ്ടി അതിവേഗം വളരുവാനുള്ള കരുത്തുണ്ടായിരിക്കണം. ഇങ്ങനെ കരുത്തുള്ള തലക്കങ്ങൾ തെരഞ്ഞെടുത്തുനട്ടാൽ വിള മെച്ചപ്പെടുത്താം. തനതു വർഷത്തെ തലക്കമാണ് നടിൽ വസ്തുവായി ശോഭിക്കുക. ഇതിനു കാരണം അഗ്രമുകുളങ്ങൾക്കു സമീപം സസ്യശരീരത്തിൽ വ്യാപരിക്കുന്ന വളർച്ചാ ഹോർമോണുകളുടെ അതിപ്രസരമാണ്. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലിനോടൊപ്പം കൃഷിയിടങ്ങളിലെ നിലവിലുള്ള വളർച്ചാസാഹചര്യങ്ങളും മെച്ചപ്പെടുത്തിയാൽ വേഗത്തിലുള്ള വളർച്ചയും മെച്ചമായ വിളവും ഉറപ്പാക്കാം. അതാതു വർഷം വളർന്നു പൊന്തുന്ന തലക്കങ്ങൾ തെരഞ്ഞെടുക്കാൻ സാമാന്യ പരിചയം മതി. 15 സെ.മീ. നീളമുള്ള തലക്കങ്ങളാണ് നടീൽ വസ്തു. വേരുപിടിപ്പിച്ച തലക്കങ്ങളാണ് നടാം.
നിലമൊരുക്കൽ
സ്റ്റീവിയ നന്നായി വളരാൻ നിലമൊരുക്കുന്ന രീതിക്ക് വലിയ പങ്കുണ്ട്. വളർച്ച മെച്ചപ്പെടാൻ വായുസഞ്ചാരം നിർബന്ധം. ഇത് മണ്ണിളക്കം കൊണ്ട് സാധ്യമാകും. ഒപ്പം ജലനിർഗമനവും ഒത്തിണങ്ങിയാൽ മാത്രമേ കായിക വളർച്ച ത്വരിതപ്പെടുകയുള്ളൂ. ശക്തമായ വേരു മേഖലയ്ക്ക് മാത്രമേ “വളർച്ചാ വേഗത വേണ്ടുവോളം വേണ്ടിയിരിക്കുന്ന സ്റ്റീവിയ പോലുള്ള വിളകളുടെ വിളവ് മെച്ചപ്പെടുത്താനാവൂ. “ഫാസ്റ്റ് ഗ്രോയിങ്ങ് ശൈലിയുള്ള ഈ സസ്യത്തിന്റെ പ്രകൃതിദത്തമായ വളർച്ചാ രീതി പരമാവധി ചൂഷണം ചെയ്യുകയാണ് ഇതിന്റെ പരിപാലനത്തിന്റെ ആദ്യപാഠം.
വീട്ടുവളപ്പിലെ സാഹചര്യത്തിലുള്ള നിലമൊരുക്കലും കൃഷി രീതിയും നോക്കാം.
പാകത്തിന് 50 സെ.മീ. ഉയരത്തിൽ മേൽഭാഗം അതേ വീതി ലഭിക്കാൻ ഉയർന്ന താവരണകൾ തയാറാക്കുക. താവരണകളിൽ ഒരു ചതുരശ്ര മീറ്ററിന് 4 കിലോ ഉണങ്ങിയ കാലിവളവും 250 ഗ്രാം എല്ലുപൊടിയും എന്ന തോതിൽ മേൽമണ്ണിൽ ചേർത്തിളക്കുക.
തലപ്പ്, വേരുപിടിപ്പിക്കൽ
മേൽമണ്ണും സമം ഉണക്കിപ്പൊടിച്ച ചാണകവും ചേർത്ത മൺമിശ്രിതമാണ് വേരു പിടിപ്പിക്കാൻ ഉപയോഗിക്കുക. 20 x 15 സെ.മീ. അളവി ലുള്ള പോളിത്തീൻ കവറിൽ മൺ മിശ്രിതം നിറച്ച് 15 സെ.മീ. നീളത്തിലുള്ള തലക്കങ്ങൾ കഴിവതും താടിയിൽ നിന്നും മുറിച്ചെടുത്താലുടൻ നടുക. തണലിൽ ആവശ്യാനുസരണം മാത്രം നനയ്ക്കുക. മൂന്നാഴ്ച മുതൽ ഒരു മാസംവരെ പിന്നിട്ടാൽ വേരുപിടിച്ച തൈകൾ പറിച്ചുനടാൻ പാകത്തിനുള്ള വളർച്ചയെത്തും. തൈകൾക്ക് കരുത്തിനു വേണ്ടി മാറ്റി നടുന്നതിന് ഒരാഴ്ച മുൻപ് ജലസേചനത്തിന്റെ അളവ് താൽക്കാലികമായി കുറച്ച് ക്രമേണ സൂര്യപ്രകാശത്തിലേക്ക് കൊണ്ടുവരിക.
നടിൽ
താവരണകളിൽ ചെറുകുഴികളെടുത്ത് കവർ മാറ്റിയശേഷം വേരു പിടിച്ച തൈകൾ നടാം. താവരണകൾ തമ്മിൽ 40-50 സെ. മീ. അകലം ക്രമീകരിക്കുക. ചെടികൾ തമ്മിൽ 20-25 സെ. മീ. അകലം വേണം
മറ്റു പരിചരണങ്ങൾ
സ്റ്റീവിയ കൃഷിയിൽ മണ്ണിന് നനവ് ക്രമീകരിക്കണം. വളർച്ചയ്ക്ക് ധാരാളം ജലം ഉപയോഗിക്കുന്ന ഒരു സസ്യമാണിത്. അമിത ജലസേചനം വളർച്ച തടസ്സപ്പെടുത്തും. ചെടി അഴുകി നഷ്ടപ്പെടുകയും ചെയ്യാം. ചെറിയ പൂപ്പാളി ഉപയോഗിച്ച് നനയ്ക്കുക. ഇലകളും ഒപ്പം നനയ്ക്കത്തക്ക രീതിയിൽ നേരിയ തുള്ളികളായി 'ഹോസു കൊണ്ടും നനയ്ക്കാം.
പൂങ്കുല പറിച്ചുമാറ്റൽ
കായിക വളർച്ചയിലെ മെച്ചമാണ് സ്റ്റീവിയ കൃഷിയിൽ ആദായത്തിന്റെ മാനദണ്ഡം. ഇലകളുടെ ലഭ്യതയാണ് കൃഷിയിലെ വിജയം. സ്റ്റീവിയ ചെടികൾ നട്ട് ഒരു മാസം പിന്നിടുന്നതോടെ കായിക വളർച്ചയിലെ ഒരു ദിശ വന്നെത്തുകയായി. പൂക്കൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പൂക്കളെ വളരാൻ അനുവദിച്ചാൽ കായിക വളർച്ചയ്ക്കുള്ള ഊർജം അന്യഥാ നഷ്ടപ്പെടുകയും ഇലകൾക്കുള്ള മുകുളങ്ങൾ മന്ദ ഗതിയിലാവുകയും ചെയ്യും. അതിനാൽ 30-ാം ദിവസം ചെടിയിൽ പ്രത്യക്ഷപ്പെടുന്ന പൂക്കൾ ഉടൻ നുള്ളിക്കളയുക. രണ്ടാഴ്ചത്തേക്ക് ഇലമുകുളങ്ങൾ ഉത്തേജിതരായി വേണ്ടത്ര കായികവളർച്ച തുടരും. പ്രകൃതിയുടെ നിയമപ്രകാരം സ്റ്റീവിയ ചെടികൾ അതിവേഗം പ്രത്യുൽപ്പാദന ദിശയിലേക്ക് കടന്നുകയറാൻ ശ്രമിക്കും. ഒപ്പം പുഷ്പങ്ങൾ പ്രത്യക്ഷപ്പെടും. വീണ്ടും പുഷ്പങ്ങൾ നുള്ളിമാറ്റുക. ഈ പ്രക്രിയ അറുപതാം ദിവസവും എഴുപത്തിയഞ്ചാം ദിവസവും എൺപത്തിയഞ്ചാം ദിവസവും ആവർത്തിക്കുക. ചെടികൾ മൂന്നുമാസം പ്രായമെത്തുന്നതോടെ വിളവെടുപ്പിന്റെ കാലഘട്ടം ആണ്.
വിളവെടുപ്പ്
ആദ്യ വിളവെടുപ്പ് 90 ദിവസം പിന്നിടുമ്പോൾ നടത്താം. ചെടികൾ 8-10 സെ.മീ. ഉയരത്തിൽ കുറ്റിയായി നിർത്തി മുറിച്ചുമാറ്റിയാണ് വിളവെടുപ്പ് വിളവെടുപ്പു കഴിഞ്ഞാൽ ഉടൻ തന്നെ പാക്യജനകപ്രദാനമായ സസ്യാഹാര മൂലകങ്ങൾ ലഭ്യമാക്കി മണ്ണു കൂട്ടി ജലം കെട്ടി നിൽക്കാതെ പാകത്തിനു നനയ്ക്കുക. പത്തിരട്ടി നേർപ്പിച്ച ഗോമൂത്രം ഈസമയം ചുവട്ടിൽ നിന്നും 15 സെ. മീ. മാറ്റി തടത്തിൽ നനച്ച് മണ്ണു കൂട്ടിക്കൊടുക്കുന്നത് ഇലമുകുളങ്ങൾ ഉത്തേജിപ്പിക്കുവാൻ ശേഷിയുള്ള ഒരു പൊടിക്കൈ ആണ്. കായികവളർച്ച മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഇടയ്ക്ക് വീണ്ടും പ്രത്യക്ഷപ്പെടാറുള്ള പുഷ്പങ്ങളെ മുളയിലേ നുള്ളിമാറ്റി സസ്യത്തെ കായിക വളർച്ചാ ദിശയിലേക്ക് വീണ്ടും കൊണ്ടുവരിക. സാമാന്യപരിചരണത്തിൽ മണ്ണുകൂട്ടൽ, നന, എന്നിവ ചിട്ടയായി നടത്തുന്ന വീട്ടുവളപ്പുകളിൽ പിന്നീട് ഓരോ മൂന്നുമാസവും വിളവെടുക്കാൻ സാധ്യതയുണ്ട്. നല്ല പരിചരണമുള്ള തോട്ടങ്ങളിൽ ആണ്ടിൽ നാലുതവണ വിളവെടുപ്പ് സാധ്യമാണ്. വലിയ വീട്ടുവളപ്പുകളിൽ 50 സെന്റ് ഇതിലേക്ക് നീക്കിവയ്ക്കാൻ കഴിഞ്ഞാൽ ഒരു വർഷം 500 കിലോഗ്രാം ഉണങ്ങിയ ഇലകൾ ലഭ്യമാകുമെന്നാണ് കണക്ക്. ഒരു കിലോ ഉണങ്ങിയ ഇലയ്ക്ക് ഇന്ന് കമ്പോളത്തിൽ നൂറുരൂപയ്ക്കുമേൽ വിലയുണ്ട്. ഒരു ചെടി മൂന്നു വർഷത്തിനുമേൽ വളർച്ച തുടരുമെങ്കിലും മൂന്നാം വർഷം മാറ്റി പുതുകൃഷി ചെയ്യുന്നതാണ് ലാഭകരം.
Share your comments