ടെറസില്‍ പച്ചക്കറികൃഷി ചെയ്യുന്നത് ഏറ്റവുമധികം ഗുണകരമാകുന്നത് ഫ്‌ളാറ്റുകളിൽ ജീവിക്കുന്നവർക്കാണ്.സ്ഥലം കുറവെങ്കിലും വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികൾ കിട്ടുമല്ലോ. അതെ ചെടികൾക്ക് വളരാൻ മണ്ണ് വേണ്ട.ഏതെങ്കിലുമൊരു വളര്‍ച്ചാമാധ്യമം മതി എന്നായിട്ടുണ്ട്.
ചകിരിച്ചോറ്, കൊക്കോപീറ്റ് (സംസ്കരിച്ച ചകിരിച്ചോറ്), നിയോ പീറ്റ് (ഇറക്കുമതി ചെയ്യുന്ന ഒരിനം ഉണങ്ങിയ പായല്‍) തുടങ്ങിയ വളര്‍ച്ചാമാധ്യമങ്ങളില്‍ ചെടികള്‍ നന്നായി വളരുന്നുണ്ട്. ടെറസ്സിൽ കരുതിയ ഗ്രോ ബാഗുകളിൽ ചകിരിച്ചോറോ നിറച്ച് ഈര്‍പ്പം മാത്രം നല്‍കി വളർത്താം.കൂടാതെ പ്രത്യേക പരിസ്ഥിതിയില്‍ ചെടികള്‍ വളര്‍ത്തുന്ന ഹൈഡ്രോപോണിക്സ് എന്ന രീതിക്കും പ്രചാരം കൂടിവരുന്നു.
ടെറസിനു മുകളില്‍ പ്രത്യേക തടങ്ങളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതം നിറച്ച് അതിലോ ഈ മിശ്രിതം നിറച്ച ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ അടുക്കിവച്ച് അതിലോ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന രീതിയാണ് മട്ടുപ്പാവുകൃഷി അഥവാ ടെറസ് കൃഷി.
ടെറസില്‍ പച്ചക്കറി കൃഷിചെയ്യുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ടെറസിന്‍റെ ബലവും നടാനുപയോഗിക്കുന്ന മിശ്രിതം തയ്യാറാക്കുന്ന രീതിയുമാണ്. വീടുപണിയുമ്പോള്‍തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്‍റെ ബലം കൂട്ടാന്‍ കഴിയും.
20 കി.ഗ്രാം. നടീല്‍ മിശ്രിതം വീതം നിറച്ച 100 ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ വച്ചാല്‍ ടെറസിനു താങ്ങേണ്ടി വരുന്നത് രണ്ടു ടണ്‍ മണ്ണിന്‍റെ ഭാരമാണ്. ഇതിനു തക്ക ബലം മിക്ക പുതിയ വീടിന്‍റെ ടെറസുകള്‍ക്കുമുണ്ട്. ഒരു ചുവട്ടില്‍ മൂന്നു ലിറ്റര്‍ വെള്ളം ഒരു ദിവസം ഒഴിക്കുകകൂടി ചെയ്താല്‍ ടെറസ് ചുമക്കേണ്ട ഭാരം 3 ടണ്ണോളം എത്തി.
അതിനാല്‍ ചുവടെ ഭിത്തികളോ ബീമുകളോ വരുന്ന ഭാഗത്തു നിരയായി ചാക്കുകള്‍ അടുക്കുന്നതാണ് നല്ലത്. ഇതേ രീതിയില്‍ ഭിത്തികളും ബീമുകളും വരുന്ന ഭാഗത്തിന് മുകളിലായി ടെറസില്‍ രണ്ടു സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്.
ഈ രീതിയിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ വീടുപണിയുമ്പോള്‍തന്നെ ടെറസിനു വാര്‍ക്കയുടെ കനം കൂടുതല്‍ നല്‍കണം. കാരണം ചാക്കുകളില്‍ നിറയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി വരെ നടീല്‍മിശ്രിതമാണ് ചെടിനടാന്‍ തയ്യാറാക്കുന്ന തടങ്ങളില്‍ കൊള്ളിക്കുന്നത്. എട്ടോ പത്തോ ടണ്‍ ഭാരം സ്ഥിരമായി ടെറസിനു മുകളില്‍ ഉള്ളതിനാല്‍ ടെറസിനു നല്ല ബലം ആവശ്യമാണ്.
Share your comments