തണലുള്ളതും ജൈവാംശം കൂടുതലുള്ളതും വെള്ളം കെട്ടി നിൽക്കാത്തതുമായ ഏതു മണ്ണിലും വെറ്റില വളരും. (ഒരു സെന്റ് മുതൽ) ചെറു തുണ്ട് ഭൂമിയിൽ പോലും ഇതു കൃഷി ചെയ്യാം. നല്ല ആരോഗ്യമുള്ള കൊടിയുടെ തലപ്പാണ് നടീൽ വസ്‌തു. മുറിച്ചെടുത്ത തലപ്പുകൾ 3-4 മുട്ടുകൾ വരത്തക്ക വിധം അര മീറ്റർ നീളമുള്ള കഷണങ്ങളാക്കുന്നു. തുടർന്ന്, കുമിൾ രോഗങ്ങൾ വരാതിരിക്കാൻ, 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ മുക്കി വയ്ക്കും.
മുക്കാൽ മീറ്റർ വീതിയിലും ആഴത്തിലും, നീളത്തിൽ പാത്തികൾ എടുത്ത് അതിലാണ് കൊടി നടുന്നത്. കുമ്മായം/ ഡോളമൈറ്റ് ഇട്ട് മണ്ണിന്റെ അമ്ലത നീക്കിയ ശേഷമാണ് നടീൽ. വെറ്റില കൃഷിക്ക് രണ്ട് സീസണുകൾ ഉണ്ട്. മെയ്-ജൂൺ മാസങ്ങളിലെ ഇട വക്കൊടിയും, ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിലെ തുലാക്കൊടിയും.
വെറ്റില തണ്ടിന്റെ രണ്ടു മുട്ട് എങ്കിലും മണ്ണിനടിയിൽ പോകുന്ന വിധമാകണം നടീൽ. 20 സെൻ്റിമീറ്റർ അകലത്തിൽ, ഒരു സെൻ്റിൽ 100 -150 തലപ്പുകൾ നടാൻ കഴിയും. തണ്ടു നട്ടു കഴിഞ്ഞ് ചവർ അരിഞ്ഞ് ചുവട്ടിൽ പുതയായി ഇട്ടുകൊടുക്കുന്നതാണ് . ശീമക്കൊന്നയുടെ ഇലയാണ് ഏറ്റവും നല്ല പച്ചില. മരുതിൻ്റെ ഇല കൊണ്ട് പുതയിടുന്നതും നന്ന്. പുതയിടുന്ന പച്ചിലകൾ പിന്നീട് അഴുകി വളമായി ചേരുകയും ചെയ്യും. നന ദിവസം രണ്ട് നേരം. 10 ദിവസത്തിൽ ഒരിക്കൽ ചാണക തെളി ഒഴിക്കും.
മൂന്നാഴ്ച്‌ച കൊണ്ട് വേരോടും. ഒരു മാസം കൊണ്ട് ആദ്യ ഇലകൾ വരും. വള്ളി പടരുന്നതിനനുസരിച്ച് പന്തൽ ഒരുക്കണം. ഈറയും മുളയുമൊക്കെയാണ് പന്തൽ കെട്ടാൻ ഉപയോഗിക്കുന്നത്. ദീർഘകാലം നിലനിൽക്കുന്നതിനായി ജിഐ/പിവിസി പൈപ്പുകൾ ഉപയോഗിക്കുന്നവരും ഉണ്ട്.
വളർന്നു വരുന്ന കൊടി വള്ളികൾ 15-20 സെന്റിമീറ്റർ അകലത്തിൽ, വാഴനാരു കൊണ്ട്, താങ്ങു കാലുകളുമായി ബന്ധിപ്പിക്കുന്നു. വള്ളികൾ ചുവട്ടിൽ നിന്നു ഒന്നര മീറ്റർ ഉയരത്തിൽ എത്തുമ്പോൾ, താങ്ങു തൂണുകളെ തമ്മിൽ ഈറ കൊണ്ടോ, കമുകിൻ അലകു കൊണ്ടോ (ഭൂമിക്ക് സമാന്തരമായി) ഇടക്കെട്ട് കെട്ടി ബന്ധിക്കുന്നു.
Share your comments