ചൂടിൽ ഉരുകുകയാണ് നമ്മൾ .44 നദികളുള്ള കേരളത്തിൽ ഒരോ വേനൽക്കാലവും ചുട്ടുപൊള്ളുന്നു. കുടിക്കാൻ ജലമില്ല. പുഴയൊക്കെ വർഷ കാലത്ത് മാത്രം ഒഴുകും.
മഴയുടെ ഇടവേളകളിൽ വരുന്ന വെയിൽ നാളങ്ങൾ തീക്കനൽ പോലെ ചുട്ടുപൊള്ളുന്നു. കൃഷി നമുക്ക് ആവശ്യമാണ് . കൃഷി ചെയ്യാൻ മണ്ണിൽ നനവ് വേണ്ടേ? നനവ് വേണമെങ്കിൽ മഴ പെയ്യണ്ടേ?
മഴ പെയ്ത്താലേ പുഴകൾ നിറഞ്ഞൊഴുകൂ. എന്നാൽ ഇന്ന് മഴ നിഴൽ പ്രദേശങ്ങൾ പോലും ചുട്ടു പൊള്ളുകയാണ്. ചൂട് ഓരോ നിമിഷവും നമ്മെച്ചുട്ടു പൊള്ളിക്കുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴ പകലത്തെ ചൂട് കൂട്ടുകയും ചെയ്യുന്നു.
അപ്പോഴും ഓരോ വീടുകളിലും ഉള്ള മരങ്ങൾ മുറിച്ച് മതിൽ കെട്ടുകയാണ്. കൃഷിക്ക് ആവശ്യമായ വെയിൽ കിട്ടുന്നില്ല എന്നാണ് മരം മുറിക്കുന്നതിന് കാരണമായി പറയുന്നത്.
മുറിക്കുന്ന മരങ്ങൾക്ക് പകരമായി വീണ്ടും മരം നടുക എന്ന സാമാന്യ മര്യാദ പോലും മറന്നു കളഞ്ഞു. കോൺക്രീറ്റ് കട്ടകളും മെറ്റൽ ചീളുകളുമൊക്കെ നിരത്തി മുറ്റം റെഡിയാക്കുമ്പോൾ ചൂട് ഇനിയും കൂടുമെന്നും മുറിക്കുന്ന മരം തന്ന തണൽ ഇനി ഇല്ല എന്നും നാം ഓർക്കുന്നേയില്ല. അപ്പപ്പോൾ ഉള്ള സൗകര്യം മാത്രമാണ് നോക്കുന്നത്.
മഴക്കുഴികൾ കുഴിച്ച് വേഴാമ്പലിനേപ്പോലെ കാത്തിരിക്കുകയാണ്, മഴപെയ്‌തിട്ട് മഴക്കുഴികൾ നിറയാൻ. അങ്ങനെ നമ്മുടെ ജലസംഭരണികളായ കുളങ്ങളും കിണറുകളും നിറയാൻ. അല്ലെങ്കിൽ ഇപ്പോൾ കുളം എവിടെയാണ് അല്ലേ? കുളം കണ്ടിട്ട് പോലുമില്ലാത്ത ഒരു തലമുറ വളർന്നു വരുന്ന കാലം.
Share your comments