ശുദ്ധമായ പാലുത്പാദനത്തിനും പശുക്കളുടെ ആരോഗ്യത്തിനും വൃത്തിയുള്ള തൊഴുത്ത് ആവശ്യമാണ്. ശാസ്ത്രീയമായും ചെലവു ചുരുക്കിയും ആസൂത്രണ മികവോടെ തൊഴുത്തുകള്‍ നിര്‍മിക്കുന്നതിന് ക്ഷീരകര്‍ഷകരും ഡയറി ഫാം സംരംഭകരും ശ്രദ്ധ നല്‍കേണ്ടതാണ്. വിപണിയില്‍ ലഭ്യമാകുന്ന ആധുനിക യന്ത്രസാമഗ്രികള്‍ തൊഴുത്തത്തില്‍ ഉപയോഗിക്കുന്നത് ശാരീരികാധ്വനവും ചികിത്സാചെലവും കുറയ്ക്കും സമയവും ലാഭം.
പശുപരിപാലനത്തിനും പാല്‍ സംഭരണത്തിനും ഡയറി ഫാമുകള്‍ ക്രമീകരിക്കാവുന്ന ആധുനിക സംവിധാനങ്ങള്‍ പരിചയപ്പെടാം.സ്വയം ക്രമീകൃതകുടിവെള്ള സംവിധാനം (ഓട്ടോമാറ്റിക് ഡ്രിങ്കിങ് വാട്ടര്‍ ബാള്‍ സിസ്റ്റം)പശുക്കളുടെ ആരോഗ്യത്തിനും പാല്‍ ഉത്പാദനത്തിനും ആവശ്യമായ അളവില്‍ ജലലഭ്യത ഉറപ്പാക്കാനുള്ള ക്രമീകരണമാണ് ഇത്. ഒരു ഫ്‌ളോട്ട് കണ്‍ട്രോള്‍ വാല്‍വ് ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കില്‍ നിന്നോ കന്നാസില്‍ നിന്നോ പി.വി.സി പൈപ്പ് വഴി പുല്‍ത്തൊട്ടിയോടു ചേര്‍ന്ന് സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രം ഘടിപ്പിച്ച് ഇതു സ്ഥാപിക്കാം. കുടിക്കുന്ന മുറയ്ക്ക് വെള്ളം പാത്രത്തില്‍ നിറയും. സദാസമയവും പശുവിന് വെള്ളം ലഭിക്കും. ഇതുവഴി വെള്ളത്തിന്റെയും സമയത്തിന്റെയും പാഴ്‌ച്ചെലവ് ഒഴിവാക്കാം.
റബര്‍ മാറ്റുകള്‍
കിടക്കുന്ന പശു എഴുന്നേല്‍ക്കുമ്പോള്‍ ശരീരം പൂര്‍ണമായും മുന്‍കാലുകളില്‍ കേന്ദ്രീകൃതമാകുന്നതിനാല്‍ മുന്‍ കാല്‍മുട്ടുകളില്‍ ക്ഷതമേല്‍ക്കാന്‍ സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാനും കുളമ്പിന്റെ തേയ്മാനം കുറയ്ക്കാനും തൊഴുത്തില്‍ തെന്നി വീണ് അപകടമുണ്ടാകാതിരിക്കാനും നില്‍പ്പിടത്തില്‍ റബ്ബര്‍ മാറ്റ് ഉറപ്പിച്ച് വിരിക്കുന്നത് ഉത്തമമാണ്.
കറവയന്ത്രം
ശാസ്ത്രീയവും സുരക്ഷിതവുമായ കറവയ്ക്ക് കറവയന്ത്രം സഹായിക്കുന്നു. ഒപ്പം കറവയുടെ വേഗവും കൂടുന്നു. കൈക്കറവയിലൂടെ മുലക്കാമ്പുകള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളും രോഗബാധയും തടയാന്‍ സഹായിക്കുന്നതിനൊപ്പം കറവക്കൂലിയിലെ ചെലവും കുറയ്ക്കാം. ഒരേ സമയം നാലു പശുക്കളെ വരെ കറക്കാവുന്ന കറവയന്ത്രങ്ങള്‍ ലഭ്യമാണ്.
ഫാനുകളും വാട്ടര്‍ മിസ്റ്റുകളും
സങ്കരയിനം പശുക്കള്‍ക്ക് ചൂടുസഹിക്കാനുള്ള കഴിവ് കുറവായതിനാല്‍ ചൂടുകുറയ്ക്കുവാന്‍ തൊഴുത്തില്‍ ഫാനുകളോ വായുവിനെ ഈര്‍പ്പമുള്ളതായി നിര്‍ത്തുന്ന മിസ്റ്റ് സംവിധാനമോ ക്രമീകരിക്കാം. ശരിയായ താപനിലയുള്ള സാഹചര്യം പാലിലെ കൊഴുപ്പ് വര്‍ധനയെ സഹായിക്കും. ഫാനിന്റെ ഉപയോഗം കൊതുക്, ഈച്ച തുടങ്ങിയവയുടെ ശല്യം നിയന്ത്രിക്കാന്‍ സഹായിക്കും.
എക്കോ എയര്‍ വെന്റിലേറ്റര്‍
തൊഴുത്തിലേക്ക് എപ്പോഴും തണുത്ത വായു പ്രവഹിപ്പിക്കാന്‍ മേല്‍ക്കൂരയില്‍ ഇതു സ്ഥാപിക്കുന്നതിലൂടെ സാധിക്കും.
വാട്ടര്‍ ജെറ്റുകള്‍ / പ്രഷര്‍ വാഷര്‍ / സ്പ്രിങ്ക്‌ളര്‍
തൊഴുത്ത് മാലിന്യമുക്തമാക്കാന്‍ കഴുകി വൃത്തിയാക്കാനും ഉരുക്കളെ കുളിപ്പിച്ച് ശരീരത്തിലെ ചൂട് കുറയ്ക്കാനും ഇവ ഏറെ സഹായിക്കും.
സംഗീതം
പശുക്കള്‍ക്ക് സംഗീതം ആസ്വദിക്കുവാന്‍ സാധിക്കുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ കറവ സമയത്ത് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുവാനും പശുക്കളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാനും തൊഴുത്തില്‍ പാട്ടുകേള്‍പ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കാം. പശുക്കള്‍ നന്നായി ചുരത്തുകയും ഗുണമുള്ള പാല്‍ അധികമായി ലഭിക്കുകയും ചെയ്യാന്‍ സാധ്യതയേറുന്നു.
സ്റ്റാളുകള്‍
പുല്‍ത്തൊട്ടിയില്‍ നിന്ന് മൂന്നടി വിട്ട് നാലടി ഉയരത്തില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുകയോ സ്റ്റീല്‍ പൈപ്പുകൊണ്ട് കമ്പാര്‍ട്ടുമെന്റ് തിരിച്ച് പശുക്കളെ കെട്ടുകയോ ചെയ്യുന്നത് ചാണകവും മൂത്രവും കൃത്യമായി ചാലില്‍ വീഴുന്നതിന് സഹായിക്കും. കൂടാതെ നില്‍ക്കുന്ന പശുവിന്റെ ചവിട്ട് കിടക്കുന്ന പശുവിന്റെ അകിടില്‍ കിട്ടാതിരിക്കുന്നതിനും ഉപകരിക്കും.
ഷോവല്‍ (കോരി)
പൊടിച്ച തീറ്റ, ചെറുകഷണങ്ങളായി അരിഞ്ഞ പുല്ല് തുടങ്ങിയവ കാലികള്‍ക്ക് നല്‍കാനും ഭക്ഷണ അവശിഷ്ടങ്ങളും ചാണകവും നീക്കാനും ഷോവല്‍ ഉപയോഗിക്കാം.
അര്‍ബാന / വീല്‍ ബാരോ
തൊഴുത്തിലെ ചാണകം ചാണകക്കുഴിയിലോ കൃഷിയിടങ്ങളിലോ നിക്ഷേപിക്കുന്നതിനും കാലിത്തീറ്റ ചാക്കുകള്‍ കൊണ്ടു നടക്കുന്നതിനും അര്‍ബാന എന്ന പേരിലറിയപ്പെടുന്ന ഒറ്റവീല്‍ കൈവണ്ടി ഉപയോഗിക്കാം.
ഗ്രൂമിങ് ബ്രഷ്
ഉരുക്കളുടെ ശരീരത്തില്‍ നിന്ന് ഉതിര്‍ന്ന രോമങ്ങള്‍ നീക്കം ചെയ്യാനും രക്തയോട്ടം വര്‍ധിപ്പിച്ച് അതുവഴി പാലുത്പാദനം കൂട്ടുന്നതിനും ഗ്രൂമിങ് ബ്രഷുകളുടെ ഉപയോഗം ഫലപ്രദമാണ്.
ബയോഗ്യാസ് പ്ലാന്റും വളക്കുഴിയും
ചാണകവും മൂത്രവും പരിസരമലിനീകരണം ഉണ്ടാക്കാതിരിക്കാന്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാല്‍ അതില്‍ നിന്നു ലഭിക്കുന്ന ബയോഗ്യാസ് ഗാര്‍ഹിക ഉപയോഗത്തിന് പാചകവാതകമായും ചാണകം മേന്മയേറിയ വളമായി (സ്ലറി) മാറ്റാനും കഴിയും. ബയോഗ്യാസ് പ്ലാന്റ് ഇല്ലെങ്കില്‍ തൊഴുത്തില്‍ നിന്ന് അകലെ മേല്‍ക്കൂരയുള്ള ചാണകക്കുഴി സ്ഥാപിക്കാം.
കൗ ഡംഗ് ഡ്രയര്‍
ചാണകം ഉണക്കാനുള്ള ഈ യന്ത്രസംവിധാനത്തിലൂടെ പരിസരമലിനീകരണം കുറയ്ക്കാനും ഉണങ്ങിയ ചാണകം പാക്കറ്റിലാക്കി വിപണനം ചെയ്യാനും കഴിയും.
പാല്‍ സംസ്‌കരണത്തിനും സംഭരണത്തിനും യന്ത്രസഹായം
മില്‍ക്കിങ് പെയിന്‍ അഥവാ പാല്‍പാത്രം
ചെറിയ വാവട്ടമുള്ളതും നല്ല സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടു നിര്‍മിച്ചതും ചുളിവുകളോ മടക്കുകളോ ഇല്ലാത്തതുമായ കറവപ്പാത്രം ശുദ്ധമായ പാലുത്പാദനത്തെ സഹായിക്കുന്നു.
പാല്‍ ക്യാന്‍
അഞ്ചു മുതല്‍ 40 ലിറ്റര്‍ വരെ സംഭരണശേഷിയുള്ള ക്യാനുകള്‍ കറന്ന പാല്‍ സംഭരിക്കാനും ഗതാഗതത്തിനും ഉപയുക്തമാണ്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലുമിനിയം അലോയ്, പ്ലാസ്റ്റിക്, നാകം എന്നിവയില്‍ നിര്‍മിച്ച ക്യാനുകള്‍ ലഭ്യമാണ്.
റ്റീറ്റ് ഡിപ്കപ്പ്
അകിടുവീക്കം പോലുള്ള രോഗം തടയാന്‍ കറവയ്ക്കുശേഷം മുലക്കാമ്പ് അയഡിന്‍ ലായനിയില്‍ മുക്കാന്‍ ഇത് ഉപയോഗിക്കുന്നു.
ബള്‍ക്ക് മില്‍ക്ക് കൂളര്‍ (ബി.എം.സി)
കറന്ന പാല്‍ കേടാകാതിരിക്കാനും ഗുണമേന്മ നിലനിര്‍ത്താനും ബി.എം.സികള്‍ സഹായകരമാണ്. 700 ലിറ്റര്‍ സംഭരണശേഷിയുള്ളവ മുതല്‍ ലഭ്യമാണ്. പാല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിച്ച് സൂക്ഷിക്കാം. ഇതുവഴി വളരെയധികം സമയം സൂക്ഷിച്ച് മേന്മ നിലനിര്‍ത്തി പാല്‍ വില്‍ക്കാം.
പാക്കിങ് മെഷീന്‍
പാലും പാലുത്പന്നങ്ങളായ തൈര്, സിപ്പ് അപ്പ് തുടങ്ങിയ പായ്ക്ക് ചെയ്യുവാന്‍ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന പാക്കിങ് മെഷീനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. രണ്ടായിരം രൂപ മുതലാണ് വില.
ലാക്‌ടോമീറ്റര്‍
പാലിന്റെ ആപേക്ഷികസാന്ദ്രത അറിയാനും ഇതുവഴി ഓരോ പശുവിന്റെയും പാലിന്റെ ഗുണനിലവാരം അറിയാനും ഈ ഉപകരണം ഉപയോഗിക്കാം.
ഇലക്‌ട്രോണിക് മില്‍ക്കോ ടെസ്റ്റര്‍
പാലിലെ കൊഴുപ്പ് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഉപകരണം.
മില്‍ക്ക് അനലൈസര്‍
പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ഥങ്ങള്‍ (എസ്.എന്‍.എഫ്), പാലില്‍ അറിഞ്ഞോ അറിയാതെയോ ചേര്‍ന്ന വെള്ളം, പാലിന്റെ ഊഷ്മാവ് എന്നിവ അറിയാന്‍ സഹായിക്കുന്നു.
ഗര്‍ബര്‍ സെന്‍ട്രിഫ്യൂജ്
പാലിലെ കൊഴുപ്പിന്റെ അളവ് ശാസ്ത്രീയമായി കണ്ടുപിടിക്കുന്ന യന്ത്രം
ക്രീം സെപ്പറേറ്റര്‍
നെയ്യ് ഉണ്ടാക്കാന്‍ പാലില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാന്‍ ക്രീം സെപ്പറേറ്റര്‍ ഉപയോഗിക്കാം.വിവിധ ശേഷിയിലുള്ള ക്രീം സെപ്പറേറ്ററുകള്‍ ഇന്ന് ലഭ്യമാണ്.
ബട്ടര്‍ ചേണ്‍
ക്രീമില്‍ നിന്നോ തൈരില്‍ നിന്നോ വെണ്ണ കടഞ്ഞെടുക്കാന്‍ ബട്ടര്‍ ചണ്‍ ഉപയോഗിക്കാം. കൈ കൊണ്ടും വൈദ്യുതി കൊണ്ടും പ്രവര്‍ത്തിപ്പിക്കാവുന്നവയുണ്ട്.
മള്‍ട്ടി പര്‍പ്പസ് വാറ്റ്
ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ പാല്‍ തിളപ്പിക്കുന്നതിനോ കുറുക്കുന്നതിനോ മള്‍ട്ടിപര്‍പ്പസ് വാറ്റ് ഉപയോഗിക്കാം. ഗ്യാസിലും നീരാവിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഇവയില്‍ പാല്‍ തുടര്‍ച്ചയായി ഇളക്കാനും സംവിധാനമുണ്ട്.
ഐ.എഫ്.എസ് മെഷീന്‍ (ഫില്‍, ഫാം ആന്‍ഡ് സീല്‍ മെഷിന്‍)
വ്യാവസായികാടിസ്ഥാനത്തില്‍ പാല്‍, തൈര് തുടങ്ങിയവ കൃത്യമായ അളവില്‍ പാക്ക് ചെയ്യുന്നതിന് എഫ്.എഫ്.എസ്. മെഷീന്‍ ഉപയോഗിക്കാം. ഒരു ലക്ഷം രൂപ മുതലാണ് വില.
പശുവളര്‍ത്തല്‍ ലാഭകരമാക്കുന്നതിന് പശുവിന്റെ ആരോഗ്യത്തിന് നല്‍കുന്ന തീറ്റയ്ക്കും പ്രാധാന്യമുണ്ട്. പ്രകൃതി ദത്തമായ തീറ്റകള്‍ ശരിയായ രീതിയില്‍ നല്‍കുന്നതിലൂടെ തീറ്റച്ചെലവും ചികിത്സാ ചെലവും കുറയ്ക്കാം. പശുക്കള്‍ക്ക് പ്രിയപ്പെട്ട തീറ്റപ്പുല്‍ കൃഷിക്കും സംസ്‌കരണത്തിനും ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ പരിചയപ്പെടാം.
ക്രോപ്പ്കട്ടര്‍ / ബുഷ് കട്ടര്‍
സങ്കരനേപ്പിയര്‍ പോലുള്ള പുല്ലുകള്‍ അരിഞ്ഞെടുക്കാന്‍ ഇവ ഉപയോഗിക്കാം
ചാഫ് കട്ടര്‍ / പുല്ലരിയും യന്ത്രം
പശുക്കളുടെ ദഹനപ്രക്രിയ സുഗമമാക്കാനും പാലുത്പാദനം കൂട്ടുന്നതിനും അയവെട്ടല്‍ ആവശ്യമാണ്. അയവെട്ടല്‍ കൂട്ടുന്നതിനും തീറ്റപ്പുല്ല് പാഴായി പോകാതിരിക്കുവാനും പുല്ല് ചെറുതായി അരിഞ്ഞു നല്‍കാന്‍ ചാഫ് കട്ടര്‍ ഉപയോഗിക്കാം.
ബെയിലര്‍
വൈക്കോല്‍, ഉണക്കപ്പുല്ല് (ഹേ) എന്നിവ സൗകര്യപ്രദമായി ഒതുക്കി ചെറിയ കെട്ടുകളാക്കാന്‍ ബെയിലര്‍ വേണം.
സ്പ്രിംഗ്ലര്‍
തീറ്റപ്പുല്‍കൃഷി ചെലവുകുറയ്ക്കാനും വിളവ് വര്‍ധിപ്പിക്കാനും വെള്ളം ലാഭിക്കാനും ഈ ഉപകരണം സഹായിക്കും. കുറഞ്ഞ അളവ് വെള്ളം കൊണ്ട് കൂടുതല്‍ സ്ഥലത്ത് ഫലപ്രദമായി നനയ്ക്കാന്‍ സ്പ്രിംഗ്ലര്‍ ഉപയോഗിക്കാം. വ്യത്യസ്ഥ ഡിസ്ചാര്‍ജ് കപ്പാസിറ്റിയുള്ള സ്പ്രിംഗ്ലര്‍ ലഭ്യമാണ്.
ഇവ കൂടാതെ കറവയ്ക്ക് മില്‍ക്കിങ് പാര്‍ലര്‍, കംപ്യൂട്ടര്‍വത്കൃത തീറ്റക്രമീകരണം, നിരീക്ഷണ ക്യാമറകള്‍, ചാണകം നീക്കിക്കളയുന്ന സംവിധാനം എന്നിവയും വന്‍കിട ഫാമുകളില്‍ കാണാം. സുഗമമായ പാലുത്പാദനം ആവശ്യമായ ഇന്നത്തെക്കാലത്ത് പുല്‍കൃഷിയിലും തൊഴുത്തിലും കറവയ്ക്കും പാല്‍ സംഭരണം, സംസ്‌കരണം, വിപണനം എന്നിവയുടെ യന്ത്രവത്കരണത്തിനും മുടക്കുന്ന പണം ഒരു വരുമാനമാര്‍ഗമാവില്ലെങ്കിലും ചികിത്സാ ചെലവും പരിചരണച്ചെലവും കൂലിച്ചെലവും ആയാസവും കുറയ്ക്കുന്നതിനോടൊപ്പം സമയലാഭം നേടിത്തരുകയും ചെയ്യും.
പട്ടണക്കാട് ഡയറിഫാം ഇന്‍സ്ട്രക്ടറാണ് ലേഖകന്‍, ഫോണ്‍: 9447464008 എ.എന്‍. തോമസ്
Share your comments