<
  1. Technical

മണ്ണ് സുരക്ഷ - ജീവന്‍ സുരക്ഷയ്ക്ക് അനിവാര്യം

ഭൂമിയില്‍ ജീവൻ്റെ നിലനില്‍പ്പിന് ആധാരമായ ഒട്ടുമിക്ക ഘടകങ്ങളുടേയും - ധാതുമൂലകങ്ങള്‍, ജലം, ജൈവാംശം - സ്രോതസ്സും സംഭരണിയുമാണ് മണ്ണ്. സൂക്ഷ്മ ജീവികള്‍ മുതല്‍ സസ്യജന്തുജാലങ്ങള്‍, (മനുഷ്യനുള്‍പ്പെടെ) വരെയുള്ള എല്ലാ ജൈവവൈവിധ്യങ്ങളുടേയും നിലനില്‍പ്പിന് ആരോഗ്യമുള്ള മണ്ണ് അത്യന്താപേക്ഷിതമാണ്.കൃഷിയ്ക്ക് ഉപയുക്തമായ മണ്ണിന്റെ പ്രധാന സ്വഭാവഗുണമായി വളക്കൂറിനെയാണ് നാം കണ്ടിരുന്നത്.

KJ Staff
ഭൂമിയില്‍ ജീവൻ്റെ  നിലനില്‍പ്പിന് ആധാരമായ ഒട്ടുമിക്ക ഘടകങ്ങളുടേയും - ധാതുമൂലകങ്ങള്‍, ജലം, ജൈവാംശം - സ്രോതസ്സും സംഭരണിയുമാണ് മണ്ണ്. സൂക്ഷ്മ ജീവികള്‍ മുതല്‍ സസ്യജന്തുജാലങ്ങള്‍, (മനുഷ്യനുള്‍പ്പെടെ) വരെയുള്ള എല്ലാ ജൈവവൈവിധ്യങ്ങളുടേയും നിലനില്‍പ്പിന് ആരോഗ്യമുള്ള മണ്ണ് അത്യന്താപേക്ഷിതമാണ്.കൃഷിയ്ക്ക് ഉപയുക്തമായ മണ്ണിന്റെ പ്രധാന സ്വഭാവഗുണമായി വളക്കൂറിനെയാണ് നാം കണ്ടിരുന്നത്. അതായത്, സസ്യങ്ങള്‍ക്കാവശ്യമായ മൂലകങ്ങള്‍ (17 മൂലകങ്ങള്‍) ശരിയായ അളവില്‍, ശരിയായ സമയത്ത്, ശരിയായ അനുപാതത്തില്‍, നല്‍കുവാനുള്ള മണ്ണിൻ്റെ  കഴിവാണ് വളക്കൂറ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 

എന്നാല്‍ വളക്കൂറ് മണ്ണിൻ്റെ , ആവാസ വ്യവസ്ഥയിലെ ഒരു ധര്‍മ്മം മാത്രമേ ആകുന്നുള്ളൂ. ഭൂമിയുടെ ആവരണമായ മണ്ണ് ജൈവവൈവിധ്യത്തിന്റെ ഒരു കലവറ തന്നെയാണ്. ഒരുപിടി മണ്ണില്‍ ജീവിക്കുന്ന സൂക്ഷ്മാണുക്കളുടെ എണ്ണം നോക്കിയാല്‍ ലോക ജനസംഖ്യയുടെ അനേകമടങ്ങ് വരുമെന്നു കാണാം.മണ്ണും ജലവുമായി ആവാസവ്യവസ്ഥയിലെ സന്തുലനം ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമാണ്. മഴയില്‍ നിന്നു ലഭിക്കുന്ന ജലം മണ്ണിലേയ്ക്ക് എളുപ്പം ഇറങ്ങാനുതകുന്ന മണ്ണിൻ്റെ  ഘടന, അങ്ങനെ മണ്ണിലേയ്ക്കിറങ്ങിയ ജലത്തെ പിടിച്ചു നിര്‍ത്താനും സസ്യങ്ങള്‍ക്കും മറ്റുജീവജാലങ്ങള്‍ക്കും ലഭ്യമാക്കാനും കഴിവുള്ള മണ്ണ്, ഭൗതികമായി ആരോഗ്യമുള്ള മണ്ണായി കണക്കാക്കാം. കാരണം, ഇത്തരത്തിലുള്ള മണ്ണിൻ്റെ  ഭൗതികസ്വഭാവങ്ങളായ ഘടന, രചന, സാന്ദ്രത, ജൈവാംശം, മണ്ണിലെ സ്ഥൂല, സൂക്ഷമ അറകള്‍ എന്നിവ ജലാഗിരണശേഷി വര്‍ദ്ധിപ്പിക്കും വിധമായിരിക്കും. ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന ജലത്തില്‍ നിന്നാണ് ഭൂഗര്‍ഭ ജലസ്രോതസ്സുകളിലേക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നത്. ചുരുക്കത്തില്‍ നല്ല ഭൗതിക സ്വഭാവങ്ങളുള്ള മണ്ണ് ഉള്‍പ്പെട്ട ആവാസ വ്യവസ്ഥയില്‍ മഴവെള്ളം ശേഖരിയ്ക്കപ്പെടുകയും ജല ലഭ്യത ഉറപ്പാക്കുകയും ചെയ്യും. അങ്ങനെ ഇന്ന് നാം ഏറ്റവും കൂടുതല്‍ ആശങ്കയോടെ ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ജല സുരക്ഷയുടെ നിയന്ത്രണം മണ്ണിനാണെന്ന് നിസ്‌സംശയം പറയാം.

മണ്ണിൻ്റെ  മറ്റൊരു ധര്‍മ്മം ജൈവ കാര്‍ബണിൻ്റെ  സംഭരണമാണ്. ഇതിന് രണ്ടുമാനങ്ങളുണ്ട്. ഒന്ന് മുന്‍പ് സൂചിപ്പിച്ച ജൈവവൈവിധ്യം. സൂക്ഷ്മ ജീവികളുടെ ഊര്‍ജ്ജ സ്രോതസ്സ് മണ്ണിലെ ജൈവാംശം ആണ്. മണ്ണിലേയ്‌ക്കെത്തുന്ന ജൈവമാലിന്യങ്ങളെ വിഘടിപ്പിച്ച് സസ്യങ്ങള്‍ക്കും സൂക്ഷ്മാണുക്കള്‍ക്കും വേണ്ടുന്ന പോഷകമൂലകങ്ങള്‍ നല്‍കുന്നതോടൊപ്പം വീണ്ടും വിഘടനത്തിനു വഴങ്ങാത്ത സംയുക്തങ്ങളായ ക്ലേദം അഥവാ ഹ്യൂമസ് രൂപപ്പെടുകകൂടി ചെയ്യും. ഈ ക്ലേദത്തിൻ്റെ  അളവ് മണ്ണിലെ കാര്‍ബണ്‍ സംഭരണത്തിൻ്റെ  തോതായി, ആരോഗ്യത്തിൻ്റെ  സൂചികയായി വര്‍ത്തിക്കുന്നു. സൂക്ഷ്മ ജീവികള്‍ തൊട്ടുള്ള എല്ലാ ജീവജാലങ്ങളുടേയും ജൈവവൈവിധ്യത്തിൻ്റെ  തന്നെ ഉറവിടമാകാന്‍ മണ്ണിനെ സഹായിക്കുന്നത് ഈ ജൈവാംശത്തിന്റെ അളവാണ്.

രണ്ടാമതായി, ജൈവാംശം മണ്ണിലെ ഊര്‍ജ്ജ സ്രോതസ്സായി വര്‍ത്തിക്കുന്നു. ജൈവസംയുക്തങ്ങളുടെ വിഘടനത്തില്‍ക്കൂടി ലഭ്യമാകുന്ന ഊര്‍ജ്ജം ആണ് മണ്ണിലെ സൂക്ഷ്മ ജീവജാലങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സ്. അങ്ങനെ ഊര്‍ജ്ജ ശേഖരണ കേന്ദ്രമായും ഊര്‍ജ്ജ സ്രോതസ്സായും വര്‍ത്തിക്കുന്ന മണ്ണ്, ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിൻ്റെ  നെടുംതൂണാണ്. അതായത് ഭാവിയിലെ ഊര്‍ജ്ജ സുരക്ഷയുടെയും നിയന്ത്രണകേന്ദ്രം മണ്ണായിരിക്കും എന്നര്‍ത്ഥം.ജൈവവളങ്ങളിലേയും മണ്ണിൻ്റെ  ജൈവാംശത്തിലേയും ഊര്‍ജ്ജത്തിൻ്റെ  അളവ് ഊര്‍ജ്ജസുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. 20 ടണ്‍ കൃഷിയിട ജൈവവളങ്ങളില്‍ ഏകദേശം 25 ദശലക്ഷം കിലോ കലോറി താപോര്‍ജ്ജമാണ് സംരക്ഷിയ്ക്കപ്പെട്ടിട്ടുള്ളത്. മൂന്നു ടണ്‍ കല്‍ക്കരിയില്‍ അടങ്ങിയ ഊര്‍ജ്ജത്തിന്റെ അളവിനു തുല്യമാണിത്.

ഒരു ഹെക്ടര്‍ ഭൂമിയിലെ 15 സെ. ആഴം വരെയുള്ള മണ്ണില്‍ 4% ജൈവാംശമുണ്ടെന്നു വിചാരിക്കുക. എങ്കില്‍ അതിലടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തിൻ്റെ  അളവ് ഏകദേശം 400 ദശലക്ഷം കിലോ കലോറി ആണ്. അതായത് ഏകദേശം 50 ടണ്‍ കല്‍ക്കരിക്കു തുല്യം. മേല്‍പറഞ്ഞ ഊര്‍ജ്ജം മുഴുവനും താപോര്‍ജ്ജമാക്കി മാറ്റിയാല്‍, മേല്‍പറഞ്ഞ ഒരു ഹെക്ടര്‍ മണ്ണിൻ്റെ  (20 ശതമാനം ജലമുണ്ട് എങ്കില്‍) ഊഷ്മാവ് 600 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ത്താന്‍ അളവിലുള്ള ഊര്‍ജ്ജമുണ്ടാകുമത്രെ! ഊര്‍ജ്ജ സുരക്ഷയില്‍ മണ്ണിന്റെ പ്രാധാന്യം എത്രത്തോളമെന്നതിന് ഇതില്‍ കൂടുതല്‍ വ്യക്തത ആവശ്യമില്ലല്ലോ.

ഏതുവിധ ജൈവമാലിന്യങ്ങളെയും ലയിപ്പിച്ച് മണ്ണിൻ്റെ  ഭാഗമാക്കി മാറ്റാനുള്ള കഴിവ് മണ്ണിൻ്റെ  ജീവനായ സൂക്ഷ്മ ജീവികള്‍ക്കുണ്ട്. എല്ലാ ജൈവമാലിന്യങ്ങളുടേയും കലവറയും സംസ്‌കരണകേന്ദ്രവുമാണ് മണ്ണ് അതുകൊണ്ടുതന്നെ മണ്ണ് എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ട മൂലകങ്ങളുടേയും പോഷകങ്ങളുടേയും സ്രോതസ്സും അതേസമയം കലവറയുമാണ്. ഇതോടൊപ്പം തന്നെ സസ്യ ജന്തുജാലങ്ങള്‍ക്ക് ഹാനികരമായ വിഷമാലിന്യങ്ങളേയും മണ്ണ് സംസ്‌കരിച്ച് വിഷവിമുക്തമാക്കുന്നു. ഒപ്പം ഘനലോഹങ്ങളെ സസ്യങ്ങള്‍ വലിച്ചെടുക്കാത്ത രൂപത്തിലുള്ള അവക്ഷിപ്തങ്ങളാക്കാനും (ഇത് മണ്ണിൻ്റെ  പി.എച്ച് മൂല്യത്തെ ആശ്രയിച്ചിരിക്കും) മണ്ണിന് കഴിവുണ്ട്. അതായത് ഒരു പരിധിവരെ ആവാസവ്യവസ്ഥയുടെ സുസ്ഥിരതയെ നിലനിര്‍ത്തി ആവാസ വ്യവസ്ഥയുടെ ആരോഗ്യപരിരക്ഷണത്തില്‍ മണ്ണിന് അന്യാദൃശമായ പങ്കുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ ഭൂഗര്‍ഭജലം മലിനമാകുന്നതു തടയുന്ന ഒരു അരിപ്പയുടെ ധര്‍മ്മവും മണ്ണ് അനുഷ്ടിക്കുന്നു. എന്നാല്‍ മണ്ണിന്റെ ഈ കഴിവിന് തീര്‍ച്ചയായും പരിധികളുണ്ട്. ആ പരിധിക്കു പുറത്തേയ്ക്ക് അധികരിച്ച തോതിലുള്ള മലിനീകരണം മണ്ണിനെ മാത്രമല്ല, ആവാസ വ്യവസ്ഥയെത്തന്നെ നശിപ്പിക്കുമെന്ന വസ്തുത നാം പ്രാധാന്യത്തോടെതന്നെ ഓര്‍ക്കേണ്ടതുണ്ട്. അങ്ങനെ മണ്ണ് ആവാസവ്യവസ്ഥയുടെ സുസ്ഥിരതയ്ക്ക് ഉതകുന്ന ഉറവിടമായും കലവറയായും അരിപ്പയായും രാസഭൗതികമാറ്റങ്ങളെ ചെറുത്തു നില്‍കാനുതകുന്ന നെടുംതൂണായും പ്രവര്‍ത്തിക്കുന്നു. 

Sprout

ആവാസവ്യവസ്ഥയില്‍ മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ടതും, ജീവൻ്റെ  നിലനില്‍പ്പിന് ആധാരമായതും ആയ മണ്ണ്, പോഷക മൂലകങ്ങളുടെ സ്രോതസ്സും കലവറയും ആണെന്നുപറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ സസ്യ അന്തരീക്ഷ തുടര്‍ച്ചയിലൂടെ നടക്കുന്ന പോഷക ചംക്രമണങ്ങളില്‍ മണ്ണിൻ്റെ  സ്ഥാനം പ്രഥമമാണ്. കാര്‍ബണ്‍, നൈട്രജന്‍, സള്‍ഫര്‍ ചംക്രമണങ്ങള്‍ (മണ്ണില്‍ നിന്നും സസ്യങ്ങള്‍ വഴിയും ജലത്തില്‍ക്കൂടിയും നേരിട്ടും ഈ മൂലകങ്ങള്‍ വാതകാവസ്ഥയില്‍ അന്തരീക്ഷത്തിലേക്കും അവിടെനിന്ന് പ്രകാശസംശ്ലേഷണം, നൈട്രജന്‍ സ്ഥിരീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ക്കൂടി തിരിച്ച് മണ്ണിലേക്കും നടക്കുന്ന ചംക്രമണങ്ങള്‍) ഉദാഹരണങ്ങളാണ്. ചുരുക്കത്തില്‍ മണ്ണില്‍ നിന്ന് ജീവജാലങ്ങളെടുക്കുന്ന പോഷക മൂലകങ്ങള്‍ അവയുടെ ജീവിതചക്രം കഴിഞ്ഞാല്‍ തിരിച്ചുമണ്ണിലേക്കുതന്നെ വരുന്ന ചംക്രമണങ്ങള്‍ മണ്ണിനെ പോഷക മൂലകങ്ങളുടെ സ്ഥായിയായ കലവറയും ഉറവിടവും ആയി ഒരേസമയം പ്രവര്‍ത്തനക്ഷമമാക്കുന്നു. 

ഭക്ഷ്യശൃംഖലാജലം എന്നത് ഭൂമിയില്‍ വസിക്കുന്ന എല്ലാ ജീവജാലങ്ങളെയും തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്ന ഒരു ചങ്ങലയാണ്. എല്ലാ ജീവജാലങ്ങളും ഭക്ഷണത്തിന് നേരിട്ടോ അല്ലാതെയോ ആശ്രയിക്കുന്നത് ഈ ചങ്ങലയിലെ ആദ്യകണ്ണിയും പ്രാഥമിക ഉത്പാദകരുമായ സസ്യങ്ങളെയാണ്. സസ്യങ്ങളാകട്ടെ അവയുടെ ജീവൻ്റെ  നിലനില്‍പ്പിനും ഭക്ഷേ്യാത്പാദനത്തിനും ആവശ്യമായ എല്ലാ ഘടകങ്ങള്‍ക്കും ആശ്രയിക്കുന്നത് മണ്ണിനേയും. ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായി ആകെ 17 മൂലകങ്ങളുണ്ട്. ഇതില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍, ഫോസ്ഫറസ് എന്നിവ ചെടികള്‍ക്ക് ഏറ്റവും കൂടുതല്‍ അളവില്‍ ആവശ്യമുള്ളതിനാല്‍ അവയെ പ്രാഥമിക മൂലകങ്ങള്‍ എന്ന് വിളിക്കുന്നു. കാര്‍ബണ്‍ ചെടികള്‍ക്ക് ലഭിക്കുന്നത് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്നാണ്. ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നീ മൂലകങ്ങള്‍ ലഭിക്കുന്നത് മണ്ണില്‍ അടങ്ങിയിരിക്കുന്ന ജലാംശം വലിച്ചെടുക്കുന്നത് വഴിയാണ്.

ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ നിന്ന് ശ്വസനം വഴിയും എടുക്കുന്നു. ചെടികള്‍ക്ക് വേണ്ട മറ്റ് പ്രാഥമിക മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ദ്വിതീയ മൂലകങ്ങളായ കാല്‍സ്യം, മഗ്നീഷ്യം, സള്‍ഫര്‍, സൂക്ഷമ മൂലകങ്ങളായ ഇരുമ്പ്, മാംഗനീസ്, ചെമ്പ്, സിങ്ക്, ബോറോണ്‍, മോളിബ്ഡ്‌നം, ക്ലോറിന്‍, നിക്കല്‍ എന്നിവ മണ്ണില്‍ നിന്ന് നേരിട്ട് വലിച്ചെടുക്കുന്നു. ഭൂമിയിലെ മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ് ചെടികളുടെ ഭക്ഷേ്യാത്പാദനത്തെ ആശ്രയിച്ചിരിക്കുന്നു. ചെടികളാകട്ടെ ആശ്രയിക്കുന്നത് മണ്ണിനെയും മണ്ണിന്റെ ഉത്പാദനക്ഷമത, മേല്‍പറഞ്ഞ മൂലകങ്ങളെ മുന്‍പു പ്രതിപാദിച്ചതുപോലെ കൃത്യമായ അളവില്‍ ആവശ്യമായ സമയത്ത് ശരിയായ അനുപാതത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാക്കുവാനുള്ള കഴിവനുസരിച്ചിരിക്കും. അത്തരം മണ്ണിനു നല്ല വളക്കൂറുവേണമെങ്കില്‍ മുന്‍പ് സൂചിപ്പിച്ച മണ്ണിന്റെ ഭൗതിക രാസ ജൈവ ഗുണങ്ങള്‍ നന്നായിരിക്കണം. (നല്ല ഘടനയുളള, എക്കലിന്റെ അംശം കൂടുതലുള്ള, സാന്ദ്രത വളരെ അധികവും (ചെളിമണ്ണ്) തീരെ കുറവുമാകാത്ത, (മണല്‍ മണ്ണ്) ജല പോഷക മൂലകങ്ങളെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള, അമ്ലക്ഷാര ഗുണങ്ങള്‍ അധികരിക്കാത്ത, പി.എച്ച്.മൂല്യം 7-ന് അടുത്തുള്ള, നല്ല മൂലക വിനിമയ ശേഷിയുള്ള, ജൈവാംശം കൂടുതലുള്ള, സൂക്ഷ്മ ജീവികളും മണ്ണിരയും ധാരാളം വളരുന്ന മണ്ണാണ് ഏറ്റവും ഉത്തമം) മേല്‍പറഞ്ഞ ഓരോ ഘടകവും മണ്ണിന്റെ ഗുണത്തിന്റേയും ആരോഗ്യത്തിന്റേയും സൂചികകയാണ്. ഇവയോരൊന്നും തിട്ടപ്പെടുത്തി മണ്ണ് ആരോഗ്യമുള്ളതാണോ എന്ന് കണ്ടുപിടിക്കാം. ഇനി ആരോഗ്യം കുറവായാല്‍ അതിന്റെ കാരണം മേല്‍പറഞ്ഞതില്‍ ഏതു ഘടകമാണെന്ന് തിരിച്ചറിഞ്ഞ് പ്രതിവിധിയും തേടാം.

ഇത്തരത്തില്‍ ആരോഗ്യമുള്ള മണ്ണില്‍ ഉത്പാദന ക്ഷമതയും, ഉത്പാദനവും പരമാവധി അധികരിക്കും. അങ്ങനെ ഭക്ഷ്യസുരക്ഷയുടെ സ്ഥായിയായ ഉറവിടം ആരോഗ്യമുള്ള മണ്ണാണെന്നു കാണാം.ആരോഗ്യമുള്ള മണ്ണില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവോല്‍പന്നങ്ങള്‍ തീര്‍ച്ചയായും പോഷക സമൃദ്ധമായിരിക്കും. അതുകൊണ്ടുതന്നെ ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം പോഷകസുരക്ഷയും മണ്ണിന്റെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ജീവജാലങ്ങളുടെ ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിനും, പ്രത്യുല്‍പാദനത്തിനും ഭക്ഷ്യസുരക്ഷപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് പോഷകസുരക്ഷ. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവ്, ഗുണം എന്നിവയാണ് പോഷകസുരക്ഷ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചെടികള്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ അവ വളരുന്ന മണ്ണിനെയും മണ്ണില്‍ അടങ്ങിയിരിക്കുന്ന പോഷക പദാര്‍ത്ഥങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ചെടികള്‍ക്ക് വേണ്ട പോഷകങ്ങള്‍ വേണ്ട അളവില്‍ വേണ്ട സമയത്ത്, കൃത്യമായി അനുപാതത്തില്‍ നല്‍കാനും, ചെടികളിലും മറ്റ് ജീവികളിലും അടങ്ങിയിരിക്കുന്ന എല്ലാ പോഷക മൂലകങ്ങളേയും അവയുടെ മരണശേഷം വിഘടിപ്പിച്ച് വലിച്ചെടുക്കാവുന്ന രൂപത്തില്‍ സംഭരിച്ച്, സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നത് വഴി പോഷകസുരക്ഷയും മണ്ണിന്റെ മികച്ച ധര്‍മ്മമായി കണക്കാക്കാം.

പരിസ്ഥിതി സന്തുലനത്തിലും ആവാസ വ്യവസ്ഥയുടെ സുസ്ഥിരതാപാലനത്തിലും ഇവയിലെ ഏറ്റവും പ്രധാന ഘടകമെന്ന നിലയില്‍ മണ്ണിന്റെ സ്ഥാനം അദ്വിതീയമാണ്. പരിസ്ഥിതി സന്തുലനം, ജലസുരക്ഷ, ഊര്‍ജ്ജസുരക്ഷ, കാലാവസ്ഥാസ്ഥിരത, ജൈവവൈവിധ്യം, ആവാസവ്യവസ്ഥയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മണ്ണുസംരക്ഷണവും മണ്ണിന്റെ ഗുണനിലവാരം, ആരോഗ്യം എന്നിവ നിലനിര്‍ത്തുന്ന പരിപോഷണ മാര്‍ഗങ്ങളും അവശ്യസേവനമായി കണക്കാക്കണം. അങ്ങനെ മണ്ണിനെ അതിന്റെ എല്ലാ ധര്‍മ്മങ്ങളും ചെയ്യാന്‍ പ്രാപ്തമാക്കി നിര്‍ത്തുന്ന അവസ്ഥയാണ് മണ്ണു സുരക്ഷ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ചുരുക്കത്തില്‍ ഭക്ഷ്യസുരക്ഷ, പോഷകസുരക്ഷ, ഊര്‍ജ്ജസുരക്ഷ, ജലസുരക്ഷ, മറ്റു ആവാസവ്യവസ്ഥാ ധര്‍മ്മങ്ങള്‍, കാലാവസ്ഥാ സ്ഥിരത എന്നിവയ്ക്ക് മണ്ണു സുരക്ഷ ഏക പോംവഴിയാണ്.
പ്രൊഫസര്‍ ആന്‍ഡ് ഹെഡ് ആന്‍ഡ് റേഡിയോളജിക്കല്‍ സേഫ്റ്റി ഓഫീസര്‍
റേഡിയോട്രേയിസര്‍ ലബോറട്ടറി, ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജ്,
കേരള കാര്‍ഷിക സര്‍വ്വകലാശാല, വെള്ളാനിക്കര
റിസര്‍ച്ച് അസോസിയേറ്റ്, 
റേഡിയോട്രേയിസര്‍ ലബോറട്ടറി, ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജ്,
കേരള കാര്‍ഷിക സര്‍വ്വകലാശാല, വെള്ളാനിക്കര 
English Summary: Soil Protection

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds