നിത്യേനയുള്ള വീട്ടാവശ്യങ്ങൾക്കായുള്ള കടുകിനായി നമുക്ക് വീട്ടുവളപ്പിൽ തന്നെ കടുക് കൃഷി പരീക്ഷിക്കാവുന്നതാണ്. പച്ചക്കറിവിത്തുകള്‍ പാകുന്നതുപോലെ കടുക് വിത്ത് പാകിയാല്‍ മതിയാകും.
മണ്ണിലോ ഗ്രോ ബാഗിലോ എവിടെ വേണമെങ്കിലും കടുക് വിത്തുകള്‍ പാകാവുന്നതാണ്. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവാണ് കടുക് വിത്ത് പാകാന്‍ നല്ല സമയം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലമായാല്‍ ഏറെ നല്ലത്. ആറ് മുതല്‍ 27 ഡിഗ്രി ഊഷ്മാവാണ് കടുക് വളരാനായി വേണ്ടത്. അതുകൊണ്ടുതന്നെ കേരളത്തിലെ കാലാവസ്ഥ കടുക് വളര്‍ത്താന്‍ യോജിച്ചതാണ്.
വിത്ത് മുളച്ച് തൈ ആയിക്കഴിഞ്ഞാല്‍ പറിച്ചുനടാവുന്നതാണ്. നന്നായി വളരാനായി ഏതെങ്കിലും ജൈവവളവും ഇട്ടുകൊടുക്കാം. ഈ സമയത്ത് കറികളില്‍ ചേര്‍ക്കാനായി കടുക് ചെടിയുടെ ഇലകള്‍ പറിച്ചെടുക്കാവുന്നതാണ്. തൈകള്‍ നട്ടശേഷം ആറ് മാസങ്ങള്‍ക്കുളളില്‍ വിളവെടുക്കാനാകും.
ചെടിയുടെ ഇലകള്‍ മഞ്ഞ നിറമാകാന്‍ തുടങ്ങിയാല്‍ കടുക് മൂക്കാറായെന്ന് മനസ്സിലാക്കാം. കുറച്ചുദിവസത്തിനകം കടുക് വിത്തുകള്‍ പൊട്ടി താനേ പുറത്തുവരാന്‍ തുടങ്ങും.
ചെടികള്‍ മുഴുവനായും പറിച്ചെടുക്കുകയാണ് വേണ്ടത്. ഇതിനുശേഷം നിലത്ത് ഷീറ്റോ മറ്റോ വിരിച്ച് ചെടി കുറച്ചുദിവസം വെയിലേല്‍ക്കാനായി മാറ്റിവയ്ക്കണം. തുടര്‍ന്ന് വിത്തുകള്‍ പൊട്ടി കടുക് മണികള്‍ പുറത്തേക്കുവരും. തുടര്‍ന്ന് ഇവ പാചകാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. പാചകത്തിന് മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും കടുക് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ആസ്ത്മ പോലുളള രോഗങ്ങള്‍ക്കുളള മരുന്നായും കടുക് ഉപയോഗിക്കാറുണ്ട്. ആസ്ത്മയ്ക്കുശ മരുന്നിന്റെ പ്രധാന ഘടകമായ സെലനിയം നിര്‍മ്മിക്കുന്നത് കടുകില്‍ നിന്നാണ്.
കടുകിന്റെ ചെടികള്‍ക്ക് പരമാവധി ഒന്നരമീറ്റര്‍ നീളം മാത്രമാണുണ്ടാകുക. ഇലകള്‍ക്ക് പല ആകൃതിയുമായിരിക്കും. പൂക്കള്‍ക്ക് നല്ല മഞ്ഞനിറമായിരിക്കും. ഈ പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന പാടങ്ങള്‍ കാണാൻ പ്രത്യേക ഭംഗിയാണ്.
Share your comments