<
  1. Cash Crops

പരിചരിച്ചില്ലെങ്കിലും മാങ്ങ ഇഞ്ചി വിളവുതരും

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ യോജിച്ചതാണ് മാങ്ങയുടെ മണവും ഇഞ്ചിയുടെ സ്വാദും ഒന്നിച്ചുചേര്‍ന്ന മാങ്ങ ഇഞ്ചി. ഏറെ രുചികരമാണെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി മാങ്ങ ഇഞ്ചി നമ്മുടെ പറമ്പുകളിലൊന്നും അധികം കണ്ടുകിട്ടാറേയില്ല.

Soorya Suresh
മാങ്ങ ഇഞ്ചി   വിഭവങ്ങള്‍ ഏറെ രുചികരം
മാങ്ങ ഇഞ്ചി വിഭവങ്ങള്‍ ഏറെ രുചികരം

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ യോജിച്ചതാണ് മാങ്ങയുടെ മണവും ഇഞ്ചിയുടെ സ്വാദും ഒന്നിച്ചുചേര്‍ന്ന മാങ്ങ ഇഞ്ചി. ഏറെ രുചികരമാണെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി മാങ്ങ ഇഞ്ചി നമ്മുടെ പറമ്പുകളിലൊന്നും അധികം കണ്ടുകിട്ടാറേയില്ല. വിവിധ ഗുണങ്ങളാല്‍ സമ്പന്നമായ ഇത് ഒരു ഉഷ്ണമേഖല സുഗന്ധവിളയാണ്.

ഇന്ത്യയും ഇന്തൊനേഷ്യയുമാണ് മാങ്ങ ഇഞ്ചിയുടെ ജന്മദേശമായി പറയപ്പെടുന്നത്. കേരളത്തിന്റെ വിവിധയിടങ്ങളില്‍ ഇഞ്ചിമാങ്ങ, മാങ്ങാഞ്ചി, കച്ചൂരം എന്നീ പേരുകളിലെല്ലാം ഇതറിയപ്പെടുന്നുണ്ട്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ഇതിനെ ഒരു സുഗന്ധവ്യഞ്ജനമായാണ് കണക്കാക്കിവരുന്നത്. ഇംഗ്ലീഷില്‍ വൈറ്റ് ടര്‍മറിക് എന്നാണ് മാങ്ങ ഇഞ്ചി അറിയപ്പെടുന്നത്.

കൃഷി രീതി

ഇഞ്ചിയുടെയും മഞ്ഞളിന്റെയും അതേ രീതിയിലുളള കൃഷി രീതി തന്നെയാണ് മാങ്ങ ഇഞ്ചിയ്ക്കും. മെയ്-ജൂണ്‍ മാസങ്ങളിലാണ് ഇതു നടാന്‍ ഏറ്റവും മികച്ച സമയം. മൂപ്പെത്തിയ മാങ്ങ ഇഞ്ചി ലഭിച്ചാല്‍ ഏതു കാലാവസ്ഥയിലും നടുന്നതിന് പ്രശ്‌നമൊന്നുമില്ല. വീട്ടുപറമ്പിലും ഗ്രോബാഗിലുമെല്ലാം എളുപ്പം കൃഷി ചെയ്യാം. ചാക്കിലും ചട്ടിയിലും വരെ വളര്‍ത്താവുന്നതാണ്.

പരിപാലനം

പ്രത്യേക പരിചരണമൊന്നും ഇല്ലെങ്കിലും നല്ല വിളവ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നീര്‍വാഴ്ചയുളള മണ്ണാണ് കൃഷിയ്ക്ക് യോജിച്ചത്. തണലോ സൂര്യപ്രകാശമോ വേണമെന്നുളള നിര്‍ബന്ധമൊന്നും മാങ്ങ ഇഞ്ചിയ്ക്കില്ല. പറിച്ചെടുത്ത വിത്തുകള്‍ അടര്‍ത്തി മഞ്ഞള്‍ നടുന്ന അതേ രീതിയില്‍ നട്ടുപിടിപ്പിക്കാം. മണ്ണും ചാണകപ്പൊടിയും അല്‍പ്പം എല്ലുപൊടിയും ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കി ഗ്രോ ബാഗിന്റെ 50- 60 ശതമാനം മിശ്രിതം നിറച്ച് മാങ്ങാ ഇഞ്ചി നടാവുന്നതാണ്. ഇഞ്ചിയ്ക്കും മഞ്ഞളിനുമെല്ലാം ചെയ്യുന്ന അതേ വളപ്രയോഗം ഇതിനും ചെയ്യാവുന്നതാണ്. ആറുമാസത്തിനുളളില്‍ വിളവെടുക്കാം. തെങ്ങ്, വാഴ, കവുങ്ങ് എന്നിവയ്ക്കിടയില്‍ ഇടവിളയായും നടാന്‍ സാധിക്കും.

ഗുണങ്ങള്‍

വിശപ്പില്ലായ്മ അകറ്റാന്‍ ഏറെ ഫലപ്രദമാണ് മാങ്ങ ഇഞ്ചി. ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കാനുളള കഴിവും ഇതിനുണ്ട്. അധികം മുളക് ചേര്‍ക്കാതെ മാങ്ങ ഇഞ്ചി ചേര്‍ത്ത് ഉപ്പിലിട്ട കറികള്‍ മലബന്ധം ഇല്ലാതാക്കാന്‍ നല്ലതാണ്.

അച്ചാറുണ്ടാക്കാനും ചമ്മന്തിയുണ്ടാക്കാനുമാണ് മാങ്ങ ഇഞ്ചി കൂടുതലായും ഉപയോഗിച്ചു വരാറുളളത്. ഇവ ഏറെ സ്വാദിഷ്ടമാണ്. ഒരേ സമയം സുഗന്ധവിളയും ഔഷധവുമാണിത്. ഏറെ നല്ല മണമായതിനാല്‍ സോപ്പിന്റെയും സുഗന്ധവസ്തുക്കളുടെയും നിര്‍മ്മാണത്തിനും മാങ്ങ ഇഞ്ചി ഉപയോഗിക്കാറുണ്ട്.

English Summary: how to grow mango ginger

Like this article?

Hey! I am Soorya Suresh. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds